Mon. Dec 23rd, 2024
#ദിനസരികള്‍ 1014

 
ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഒരു ജനത ഭരണഘടനാപരമായി തങ്ങളുടെ അവകാശങ്ങളേയും കടമകളേയും സ്വയം അംഗീകരിച്ച് ഒരു പരമാധികാര രാഷ്ട്രമായി മാറിയ ദിനം. 1949 നവംബര്‍ 26 ന്, അതായത് നാം നിയമദിനമായി ആചരിക്കുന്ന ദിവസം, ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ഒപ്പിട്ടതോടെ ഭരണഘടന ഭാഗികമായി സ്ഥാപിതമായിരുന്നുവെങ്കിലും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. അതുകൊണ്ടാണ് ഇന്നേദിവസം നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.

ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യയെ അടക്കിഭരിച്ച വൈദേശികാധിപത്യത്തിനെതിരെ നാം നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് 1947 ജൂലൈ 18 ലെ ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ടിലൂടെ ഇന്ത്യ എന്ന അതിവിശാലമായ പ്രദേശത്തെ പാക്കിസ്ഥാനെന്നും ഇന്ത്യയെന്നും രണ്ടായി വിഭജിച്ചു കൊണ്ട് രണ്ടു സ്വതന്ത്രരാജ്യങ്ങളായി മാറ്റുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചതോടെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ വാതില്‍ പൂര്‍ണമായും തുറന്നു കിട്ടി. 1947 ആഗസ്ത് 14ാം തീയതി അര്‍ദ്ധരാത്രി ആഭ്യന്തരവും ബാഹ്യവുമായ എല്ലാ വിധ അധികാരാവകാശങ്ങളും ഇന്ത്യക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ബ്രിട്ടീഷുകാര്‍ തങ്ങളുടെ യൂണിയന്‍ ജാക്ക് അഴിച്ചുതാഴ്ത്തി.

അപ്പോഴേക്കും 1946 ഡിസംബര്‍ ഒമ്പതാം തീയതി ഡോ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ആരംഭിച്ച ഭരണഘടനാ നിര്‍മ്മാണ സഭ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1946 ഡിസംബര്‍ പതിമൂന്നാം തീയതി ഭരണഘടനയുടെ ആമുഖം പണ്ഡിറ്റ് ജവഹര്‍ലാര്‍ നെഹ്രു സഭയില്‍ അവതരിപ്പിച്ചു. മഹത്തും ബൃഹത്തുമായ ഒരു മാനവിക രേഖ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ അടിസ്ഥാനാശയങ്ങള്‍ ആമുഖത്തില്‍ ഉള്‍‌ച്ചേര്‍ക്കപ്പെട്ടിരുന്നു.

രാജ്യം വിഭജിക്കപ്പെട്ടതിന്റെ വെപ്രാളവും വേദനകളും ഇന്ത്യന്‍ നേതൃത്വത്തെ അലട്ടിയിരുന്നു. മതത്തിന്റെ പേരില്‍ തങ്ങളുടെ ഭാഗം ചോദിച്ചു വാങ്ങി പിരിഞ്ഞു പോയവരെക്കുറിച്ചും അവര്‍ ആശങ്കപ്പെട്ടിരുന്നു. ഇന്നലെവരെ തോളോടുതോള്‍ ചേര്‍ന്ന് പൊരുതിയിരുന്നവര്‍ ഇന്ന് രണ്ടായി പിരിഞ്ഞു മാറിയെങ്കിലും ഇന്ത്യ എന്ന ആശയം ഒരു കാരണവശാലും ഒരു മതത്തിന്റേയും പിന്നാലെ പോകരുതെന്ന് നമ്മുടെ ഭരണഘടനാ വിധാക്കളില്‍ ഭൂരിപക്ഷവും നിശ്ചയിച്ചുറപ്പിച്ചു.

അങ്ങനെയല്ലാത്ത ചിലരുമുണ്ടായിരുന്നുവെന്ന് നാം കാണാതിരിക്കരുത്. അത്തരക്കാരുടെ അഭിപ്രായങ്ങളെ ജനാധിപത്യപരമായി വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചത്. വിരുദ്ധാഭിപ്രായങ്ങളെ ഇനിമുതല്‍ രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ പരിഗണിക്കപ്പെടേണ്ടെതെങ്ങനെയെന്നുള്ളതിന് ഒരു മാതൃക കൂടിയാണ് അന്ന് നിശ്ചയിക്കപ്പെട്ടത്.

സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്നും അണുവിട മാറാതെയും ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മുന്നേറ്റങ്ങളില്‍ നിന്ന് ആവേശങ്ങള്‍ ഉള്‍‌ക്കൊണ്ടും രാജ്യത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ ജീവിക്കുന്നവരേയും അതിര്‍ത്തിയിലേക്ക് വന്നു കയറുന്ന വരേയും മനുഷ്യനെന്ന സത്തയില്‍ തുല്യരായി പരിഗണിച്ചുകൊണ്ടുമാണ് നാം നമ്മുടെ ഭരണഘട തയ്യാറാക്കിയെടുത്തത്. അതോടൊപ്പം തന്നെ സഹജീവി എന്ന നിലയില്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന, പുറന്തള്ളപ്പെടുന്ന ലക്ഷോപലക്ഷം മനുഷ്യന്മാരോടും അത് ഐക്യപ്പെടുന്നു. അതുകൊണ്ടാണ് ഞാന്‍ നമ്മുടെ ഭരണഘടന ഒരു മാനവികരേഖയാണെന്ന് ഈ കുറിപ്പിന്റെ ആദ്യമേ തന്നെ സൂചിപ്പിച്ചതുവെച്ചത്.

നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു. താന്താങ്ങളുടെ ഇടങ്ങളില്‍ നിലകൊള്ളുമ്പോഴും ഭരണഘടന ആവിഷ്കരിച്ചെടുത്തിരിക്കുന്ന ധാര്‍മികത അവരെ യോജിപ്പിച്ചു നിറുത്തുന്നു. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് അപരനോട് സാഹോദര്യത്തോടെ ഇടപെടാന്‍ അവനെ പ്രാപ്തനാക്കുന്നു. മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു. ഒരേ സമയം ദൃഡവും അത്രതന്നെ വഴക്കമുള്ളതുമായ ഒരു ഘടന നമ്മുടെ ഭരണഘടനയെ വ്യക്തിജീവിതത്തിന്റെ ഒറ്റപ്പെട്ടതും നനുത്തതുമായ ഇടങ്ങള്‍ മുതല്‍ രാഷ്ട്രജീവിതത്തിന്റെ അതിവിശാലമായ പൊതുവിടങ്ങള്‍ വരെ കൈപിടിച്ചു നടത്താന്‍ കരുത്തുള്ളതാക്കുന്നു.

അത്തരമൊരു ആകാരസൌഷ്ഠവം സ്വന്തമാക്കിയെടുത്തത് ലോകത്താകമാനമായി ചിതറിക്കിടക്കുന്ന മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളുണ്ടാക്കിയെടുത്ത ആശയങ്ങളുടെ വെളിച്ചത്തിലാണെന്ന് നാം കണ്ടു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും ഏതൊക്കെ ആശങ്ങളാണ് നാം സ്വീകരിച്ചതെന്ന് ഡോ. എ സഹൃത് കുമാര്‍ ഭരണഘടനയെ അറിയുവാന്‍ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

“1935 മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ നിന്നും ഫെഡറല്‍ ഘടന, ഗവര്‍ണര്‍ സ്ഥാനം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, അടിയന്തിരാധികാരം, ഭരണക്രമം മുതലായവയെ നാം ഭരണഘടനയില്‍ ഉള്‍‌പ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഭരണഘടനയില്‍ നിന്നും പാര്‍ലമെന്ററി ജനാധിപത്യക്രമം, ഇരട്ട സഭകള്‍, നിയമവാഴ്ചാതത്വം, നിയമനിര്‍മ്മാണ ക്രമം, ഏകപൌരത്വ സമ്പ്രദായം, പാര്‍ലമെന്ററി സവിശേഷാവകാശങ്ങള്‍, നിയന്ത്രണ ഉപാധിയായ റിട്ട്, അവസരം എന്നിവ സ്വാംശീകരിച്ചു. ഐറീഷ് ഭരണഘടനയില്‍‌ നിന്നും രാഷ്ട്ര നയനിര്‍‌ദ്ദേശകതത്വങ്ങള്‍, രാജ്യസഭാനാമ നി‍‌ര്‍‌ദ്ദേശരീതി, പ്രസിഡന്റ്, തെരഞ്ഞെടുപ്പു സമ്പ്രദായം എന്നിവ രൂപം കൊണ്ടു. അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും മൌലിക പൌരാവകാശം, പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നിവരുടെ കര്‍ത്തവ്യങ്ങള്‍, പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമം. നീതിന്യായാലോചനക്രമം, നീതിന്യായാവലോകന അധികാരം, നീതിന്യായ സ്വതന്ത്രത എന്നിവ ഉള്‍‌ക്കൊണ്ടു.

ഫ്രഞ്ച് ഭരണഘടനയില്‍ നിന്നും ആമുഖത്തിന്റെ ആശയങ്ങള്‍ ഉള്‍‌ക്കൊണ്ടു. റഷ്യന്‍ ഭരണഘടനയില്‍ നിന്നും മൌലിക പൌരധര്‍മ്മങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക നീതിയും സമത്വവും എന്നീ ആശയങ്ങള്‍ സ്വീകരിച്ചു.കനേഡിയന്‍ ഭരണഘടനയില്‍ നിന്നും ഭരണഘടനാ നിവൃത്തി മാര്‍ഗ്ഗങ്ങള്‍, ഫെഡറലിസം, അവശിഷ്ടാധികാരക്രമം, ഗവര്‍ണര്‍ നിയമനം, സുപ്രിംകോടതിയുടെ ഉപദേശാധികാരം, മുതലായവ കടമെടുത്തു. സൌത്ത് ആഫ്രിക്കയില്‍ നിന്നും ഭരണഘടനാ ഭേദഗതിയും പരിഷ്കരണവും രാജ്യസഭാ തിരഞ്ഞെടുപ്പും നാമനിര്‍‌ദ്ദേശവും ഉള്‍ച്ചേര്‍ത്തു.

ജര്‍മ്മന്‍ ഭരണഘടനയില്‍ നിന്നും അടിയന്തിരാവസ്ഥയില്‍ മൌലികാവകാശങ്ങള്‍ പരിമിതപ്പെടുത്തുന്ന വ്യവസ്ഥ നാം സ്വീകരിച്ചു. ആസ്ട്രേലിയന്‍ ഭരണഘടനയില്‍ നിന്നും സമവര്‍ത്തി വിഷയ വിവരപ്പട്ടിക (കണ്‍കറന്റ് ലിസ്റ്റ്) ആഭ്യന്തര വ്യാപാരം, പാര്‍ലമെന്റിന്റേയും നിയമസഭകളുടേയും സംയുക്ത സമ്മേളനം വാണിജ്യ വ്യാപാര പ്രക്രിയ എന്നീ ആശയങ്ങള്‍ ഉള്‍‌ക്കൊണ്ടു. ജപ്പാന്‍‌ ഭരണഘടനയില്‍ നിന്നും നിയമക്രമമനുശാസിക്കുന്ന പ്രായോഗിക നടപടിക്രമം എന്ന രീതിയും അവലംബിച്ചു.” ഇങ്ങനെ അതിവിശാലമായ വിതാനത്തില്‍ നിന്നുകൊണ്ടാണ് നാം അതുല്യമായ നമ്മുടെ ഭരണഘടനയെ രൂപപ്പെടുത്തിയെടുത്തത്.

നമ്മുടെ ഭരണഘടനയിലെ മൌലികാവകാശങ്ങളിലൂടെ ഒന്നു കടന്നു പോകുന്നവര്‍ക്ക് അറിയാം എത്ര മനോഹരമായ ആശയങ്ങളെയാണ് അവിടെ വിളക്കിച്ചേര്‍ത്തു വെച്ചിരിക്കുന്നതെന്ന്. രാജ്യത്തെ പൌരന്മാര്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങളുടെ വൈപുല്യം തന്നെയാണ് ഈ രാജ്യത്തെ നിലനിറുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മൂലക്കല്ല്. ഭാഗം മൂന്നില്‍ തുല്യത, സ്വാതന്ത്ര്യം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ പരിഹാരങ്ങള്‍ വിദ്യാഭ്യാസാവകാശങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് മൌലികാവകാശങ്ങള്‍ നിലകൊള്ളുന്നത്. നമ്മുടെ ഭരണഘടനയുടെ ഏറ്റവും സുന്ദരവും പ്രധാനപ്പെട്ടതുമായ ആശയങ്ങള്‍ ഇവിടെ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.

മതാത്മകരായിരിക്കുന്ന എന്നതുപോലെ തന്നെ മതരഹിതനായിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നു. നിങ്ങളുടെ മതവിശ്വാസം ഭരണഘടനാപരമായ ഒരു അവകാശത്തെ ചോദ്യം ചെയ്യപ്പെടാതിരിക്കുന്ന കാലംവരെ സംരക്ഷിക്കപ്പെടുന്നു. (ഭരണഘടനാമൂല്യങ്ങളും മതമൂല്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഭരണഘടനാമൂല്യങ്ങള്‍ക്കാണ് ഏതു സാഹചര്യത്തിലും മുന്‍ഗണന ലഭിക്കുക.) സര്‍ക്കാറിന്റേതായ ഒരു പ്രവര്‍ത്തന മണ്ഡലങ്ങളിലും പൌരനെ മതപരമായി വിഭജിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് നമ്മുടെ ഭരണഘടന ശഠിക്കുന്നു.

പൌരജീവിതത്തിന്റെ സമസ്തപ്രതലങ്ങളേയും സമ്യക്കായി തഴുകിത്തലോടുന്ന ഭരണഘടനയാണ് ഇക്കാലങ്ങളില്‍ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്നത് എന്ന വൈരുദ്ധ്യം നാം കാണുന്നു. ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട മൂല്യങ്ങളെല്ലാം മതമൂല്യങ്ങളുമായി താരതമ്യംചെയ്ത് പകരംവെയ്ക്കപ്പെടുന്നു. പൌരത്വം മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുന്ന അസാധാരണമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതുമാത്രം മതി ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ആശയങ്ങളെയെല്ലാം റദ്ദു ചെയ്യപ്പെടാനെന്നതാണ്.

അതുകൊണ്ട്, ഈ പ്രതിസന്ധി ഘട്ടത്തില്‍, ഇന്ത്യ റിപ്പബ്ലിക്കായതിന്റെ ഓര്‍മകള്‍ പുതുക്കുന്ന ഈ ദിനത്തില്‍ നാം ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിജ്ഞ ചെയ്യുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.