Wed. Nov 6th, 2024
#ദിനസരികള്‍ 1012

 
ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും എന്ന കവിത. വിഷയം വിളജപ്തിയാണ്.

എന്നുവെച്ചാല്‍ ജന്മിക്ക് കഴിഞ്ഞ കൊല്ലമോ മറ്റോ കൊടുക്കാനുള്ള പാട്ടബാക്കിയ്ക്ക് അയാള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുന്നു. ഇക്കൊല്ലം കര്‍ഷകന്റെ വിളവ് കൊയ്യാനുള്ള അനുവാദമാണ് വിളജപ്തിയായി കോടതി കല്പിക്കുക. അങ്ങനെ ജപ്തിചെയ്യാനുള്ള അനുമതി കിട്ടിയാല്‍ ജന്മി, ആമിനേയും കൂട്ടി വിളനിലത്തേയ്ക്ക് പോകുന്നു.

തന്റെ പണിക്കാരെ ഉപയോഗിച്ചുകൊണ്ട് വിള കൊയ്തുകയറ്റി ശേഖരിച്ച് പത്തായപ്പുരയിലേക്ക് എത്തിക്കുന്നു. ഇത്തരത്തിലുള്ള നടപടിയെക്കുറിച്ച് ഇടശ്ശേരി “വിളജപ്തി, ക്ഷേത്രത്തിലെ മൃഗബലി പോലെ പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്. ഈ ദാരുണ സംഭവം താരതമ്യേന കുറഞ്ഞു വരുന്നുണ്ട്. പുതിയ തലമുറയ്ക്ക് അവിശ്വസനീയമാംവിധം നിയമ വിധേയമായ ക്രൂരതകളില്‍ ഒന്നാണ് വിളജപ്തി. ഇതിലുള്‍‌പ്പെട്ട മൂന്നു കക്ഷികളേയും എനിക്കടുത്തു പരിചയമുണ്ട്. കര്‍ഷകന്‍ ജന്മി, കോടതി. ആ പരിചയ ഫലമാണ് ഈ കവി എന്നാണ് പുത്തന്‍കലവും അരിവാളും എന്ന കവിതയുടെ ആമുഖമായി കവി പറയുന്നത്.

ആരേ പോയ പുകില്‍ക്കീ, പ്പാടത്തരിമയോടാരിയന്‍ വിത്തിട്ടു? എന്നൊരു ചോദ്യം നേരെതന്നെ ഉന്നയിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. നിലം തയ്യാറാക്കി വിത്തിറക്കി കിളികൊത്താതെയും കള കയറാതെയും കാത്തുപോന്നത് ആരാണെന്ന ചോദ്യത്തിനു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം പണിയെടുത്തവനോട് ഒട്ടി നില്ക്കുന്ന രാഷ്ട്രീയവുമാണ്. അതുകൊണ്ടാണ് വിതച്ചവന്‍ തന്നെയാണോ കൊയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ആരാണ് വിതച്ചത് എന്ന ചോദ്യമുണ്ടായിരിക്കുന്നത്.

ഉത്തരവും ഇടശേരി തന്നെ പറയുന്നു :-
മേലേ തീമഴ താഴെ ചെങ്കനല്‍
മീനക്കൊടുംവെയില്‍ കത്തുമ്പോള്‍
താടയുമാട്ടിത്തളരാതെ കരി
താഴ്ത്തിവലിക്കുമെരുതൊപ്പം
എണ്ണവിയര്‍പ്പാലല്ലല്ലോ തടി
മിന്നി വിയര്‍പ്പാലാലോലം
ഇമ്മണ്‍പാല്‍ത്തരിയാവോളം വിഷു
ക്കൊന്നയില്‍ പൂക്കണി വെപ്പോളം
കോമനുഴുതു മറിച്ചു പാടം
കോമന്‍ വിതച്ചു പൊന്നാര്യന്‍ – കോമനാണ് വിതച്ചത്.

മാനത്ത് വെയില്‍ കത്തുമ്പോള്‍ തന്റെ വിയര്‍പ്പിലാണ് കോമന്‍ കണ്ടം ചാലിച്ചത്. രാത്രിയെന്നോ പകലെന്നോ നോക്കാതെയാണ് പാടം ഉഴുതുമറിച്ചത്, ആരിയന്‍ വിത്തു വിതച്ചത്. രാപ്പകലില്ലൊരു വിശ്രാന്തി, വിള കാപ്പതിനെന്തൊരു ശുഷ്കാന്തി എന്നു കവിതന്നെ അത്ഭുതം കൂറുന്നതും നാം കാണുന്നു.(അങ്ങനെതന്നെയായിരിക്കണമല്ലോ വിളനഷ്ടമുണ്ടായ കൊല്ലവും കോമന്‍ അധ്വാനിച്ചത്? എന്നിട്ടും കെട്ടകാലത്തിന്റെ കൊടുംചതിയില്‍ കൃഷി നശിച്ചുപോകുന്നു. അങ്ങനെയാണ് ജന്മിക്ക് പാട്ടം പൂര്‍ണമായും കൊടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായത്. എന്നാല്‍ ജന്മിയാകട്ടെ, തനിക്കു കിട്ടേണ്ടതിനെക്കുറിച്ചുമാത്രമേ ഓര്‍മ്മപ്പെട്ടുള്ളു. രാപ്പകല്‍ കണ്ടത്തില്‍ അധ്വാനിക്കുന്ന ഒരുവന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ആലോചിച്ചില്ല. അതുകൊണ്ടാണ് അയാള്‍ പാട്ടബാക്കിയ്ക്ക് വിളജപ്തി നേടിയെടുത്തത്.)

അതെ, വിതച്ചത് കോമനാണ്. വിത്തു മുളപൊട്ടി ഓരില ഈരില തളിരിട്ടു വരുന്നതിനൊപ്പം അവന്റെ സ്വപ്നങ്ങളും കിളിര്‍ത്തു വരുന്നത് കവി നമുക്കു കാണിച്ചു തരുന്നു. ഈ വിളവെടുത്തിട്ട് എന്തൊക്കെയുണ്ട് ചെയ്തു തീര്‍ക്കാന്‍? നോക്കുക.

കൊച്ചുമകളെത്തന്‍ മുട്ടിന്മേല്‍ വെച്ചു
കൊഞ്ചിക്കുഴഞ്ഞാനന്നച്ഛന്‍
“പൂത്തൂകേണ്ടൊരു പൊന്നോണത്തിനു
പുത്തനുടുപ്പെന്‍ കുറിഞ്ഞിക്ക്”
മൂത്തമകള്‍ക്ക് കനംവെയ്ക്കുന്നൊരു
മുഖമൊന്നു നോക്കീ പെറ്റമ്മ
“പൂത്താലിക്കു കൊടുക്കാമിപ്പുകില്‍
പൊന്നുവിളഞ്ഞാ”ലെന്നച്ഛന്‍
“ഞാനതുകൊണ്ടൊന്നുമല്ലെ” ന്നെന്തൊരു
നാണം – കുപ്പിവളക്കാരി
“മൂന്നോളം മാസത്തെ പീസു”ണ്ടെന്നൊരു
മൂളലുയരുന്നൂ കൂട്ടത്തില്‍

ആവലാതികളെല്ലാം പരിഹരിക്കപ്പെടാന്‍ പോകുന്നത് ആരിയന്‍ കൊയ്തു മെതിച്ച് വിറ്റുകിട്ടുന്ന തുകകൊണ്ടാണ്. എന്തൊക്കെ സ്വപ്നങ്ങള്‍? സ്വപ്നങ്ങളോ? അല്ലല്ല പൊറുതി തേടേണ്ട നീറുന്ന യാഥാര്‍ത്ഥ്യങ്ങളാണ് അവയെല്ലാം തന്നെ. ആരിയന്‍ നെല്ലിന്റെ പാലുറച്ചു വരുന്നതുപോലെ അവരോരുത്തരുടേയും സ്വപ്നങ്ങളും തിടം വെച്ചു.

ഇവിടെ നാം സമാനമായ മറ്റൊരു സാഹചര്യത്തെക്കൂടി കാണണം. അതൊരു വാഴക്കുലയുടെ കഥയാണ്. മലയപ്പുലയന്‍ വെച്ച വാഴക്കുല. തൈവാഴ പൊടിച്ചുയരുന്നതും വളര്‍ന്ന് മുറ്റുന്നതും വലിയ ഞാലിപ്പൂവനായി കുലച്ചു നില്ക്കുന്നതും സ്വപ്നം കണ്ടുകൊണ്ട് ദിനരാത്രങ്ങള്‍ തള്ളി നീക്കിയ ഒരു കുഞ്ഞുകുടുംബത്തിന്റെ കഥ. അവിടേയമുണ്ട് ചില സ്വപ്നങ്ങള്‍.
പറയുന്നു മാതേവന് : —- ” ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദൊള്ളതായിരിക്കും !”
പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു
പരിഹാസഭാവത്താല് തേവനോതി :
” കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”
പരിഭവിച്ചീടുന്നു നീലി : ” അന്നച്ചന –
തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും .”
” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”
കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !
അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി –
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :
” പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി
പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”
” അതുകാണാമുവ്വെടി ചൂരപ്പഴാ നെന –
ക്കതിമോഹമേറെക്കടന്നുപോയി !
ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ –
ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !…”

ഇങ്ങനെ കാത്തുപോന്ന ഞാലിപ്പൂവനാണ് അവസാനം തമ്പുരാന്‍ വെട്ടിയെടുത്തുകൊണ്ടുപോകുന്നതെന്നു കൂടി മറക്കാതിരിക്കുക.
ഈ സ്വപ്നങ്ങളിലേക്കാണ് വിളജപ്തിയായി കല്പനകൊണ്ട് ജന്മിത്തമ്പുരാക്കന്മാര്‍‌ കടന്നു വരുന്നത്. അവര്‍ക്ക് മറ്റാരുടേയും സ്വപ്നങ്ങള്‍ ബാധകമേയല്ലായിരുന്നു. ആരധ്വാനിച്ചാലും അതു ഞങ്ങള്‍ക്കുള്ളതാണെന്ന ഹുങ്ക് മാത്രമാണ് അവിടെ പ്രവര്‍ത്തിച്ചത്. കോമന്റെ നെല്ലുകൊയ്യാനും മലയപ്പുലയന്റെ വാഴക്കുല വെട്ടാനും ഒരേതരത്തിലുള്ള കൈകളാണ് നീണ്ടെത്തിയത്.

വിത കൊയ്തെടുത്തു കൊണ്ടു പോകുന്ന തമ്പുരാനേയും കൂട്ടരേയും കാണുമ്പോള്‍ അടിമപ്പണിയെടുത്ത് വിളയുണ്ടാക്കിയവന്റെ നെടുവീര്‍പ്പുകള്‍ മാറ്റത്തിന്റെ ഒരു കൊടുംകാറ്റിനെയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അന്നാരും തിരിച്ചറിഞ്ഞില്ല. പക്ഷേ പതിയെപ്പതിയെ ഉരുകിയൊലിച്ച പണിയാളമനസ്സ് ഒന്നിക്കുകയായിരുന്നു. ഒരേ വികാരം, ഒരേ ഭാഷ, ഒരേ ആശയം – നഷ്ടപ്പെടുവാനൊന്നുമില്ലാത്തവരുടെ വേവലാതികള്‍. എല്ലാംകൂടി പുതിയൊരു തീരുമാനം കൈക്കൊള്ളാന്‍ അവരെ നിര്‍ബന്ധിതരാക്കി.

ഒരു നാടിനെ ആകെപ്പാടെ മാറ്റിമറിച്ച ഒരു കാലത്തിന് തുടക്കമാകുന്നത് അങ്ങനെയാണ്. ഞങ്ങളുടെ കൊയ്യും വയലെല്ലാം ഞങ്ങടേതാകും എന്നൊരു സ്വപ്നത്തിനാണ് വേരുകള്‍ മുളച്ചത്.
അധികാരംകൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യന്‍
അധികാരംകൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യന്‍
എന്ന മുദ്രാവാക്യം പുറപ്പെട്ടുപോന്ന് അങ്ങനെയായിരുന്നു.
മലയന് നടന്നു — നടക്കുന്നു മാടത്തി –
ലലയും മുറയും നിലവിളിയും !
അവശന്മാ,രാർത്തന്മാരാലംബഹീനന്മാ –
രവരുടെ സങ്കടമാരറിയാന് ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ? — ഞാന് പിൻവലിച്ചു! എന്ന് ചങ്ങമ്പുഴ വാഴക്കുലയില്‍ നിസ്സഹായനായി വിലപിക്കുന്നതിന്റെ ഉത്തരം കൂടിയായിരുന്നു ഇടശ്ശേരിയുടെ കോമന്‍ പ്രഖ്യാപിച്ചത്.

അതൊരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. അധ്വാനിക്കുന്നവന് അല്ലലില്ലാതെ ജീവിച്ചുപോകണമെന്ന ആവശ്യം വലിയ മാറ്റത്തിന് കളമൊരുക്കി. വിയര്‍‌പ്പൊഴുകിയ ചാലുകളിലൂടെ ഒരു കാലത്ത് ചോരയാണൊഴുകിയത്. അങ്ങനെ അടിമത്തത്തിന്റേതായ കാലത്തെ മാറ്റിയുടച്ചു വാര്‍ത്ത് ഒരു തലമുറയെ നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചെടുത്തു. അങ്ങനെയാണ് പുത്തന്‍ കലവും അരിവാളും പുതിയ പ്രതിജ്ഞകളുടെ മങ്ങാത്ത പ്രതീകമായി നമ്മുടെ നാട് സ്വീകരിച്ചത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.