Mon. Nov 25th, 2024
മീററ്റ്:

 
2016 ൽ കാശ്മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ഒരു നായികയ്ക്കായി മീററ്റിൽ ഒരു യുദ്ധസ്മാരകം ഒരുങ്ങുന്നു. പാക്കിസ്ഥാനുമായുണ്ടായ 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ചിലർക്കും ഇതിൽ ഒരു സ്ഥാനമുണ്ട്. രാജ്യത്തെ സേവിച്ച് ജീവിച്ചു മരിക്കുന്ന നായ്ക്കൾ, കുതിരകൾ, കോവർകഴുതകൾ എന്നിവയ്ക്കു വേണ്ടിയാണ് ഈ സ്മാരകം ഒരുങ്ങുന്നത് എന്നതാണ് പ്രത്യേകതയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

രാജ്യത്തെ, മൃഗങ്ങൾക്കായുള്ള ആദ്യത്തെ യൂദ്ധസ്മാരകമാണിത്. യുദ്ധത്തിൽ വീരന്മാരായവർക്ക്, കടമ നിർവഹിക്കുന്നതിൽ കാണിച്ച ഉത്സാഹവും, സൈനികരോടൊപ്പം സൈനികസേവനത്തിൽ കാണിച്ച മികവും കണക്കാക്കിയാണ് അംഗീകാരം നൽകാൻ തീരുമാനം ആയത്.

മീററ്റിൽ, മൃഗങ്ങളെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന, റീമൌണ്ട് ആൻഡ് വെറ്റിനറി കോർപ്സ് സെന്റർ ആൻഡ് കോളേജി (Remount and Veterinary Corps (RVC) Centre and College)ലാണ് ഈ സ്മാരകം വരുന്നത്. സ്മാരകം നിർമ്മിക്കാനുള്ള സ്ഥലം തിരഞ്ഞെടുത്തുവെച്ചിട്ടുണ്ട്. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമാനരീതിയിൽ ആയിരിക്കും ഇതിന്റെ നിർമ്മാണം.

കുറച്ചു കുതിരകൾ, കോവർകഴുതകൾ, 300 നായ്ക്കൾ, 350 പരിശീലകർ എന്നിവരുടെ പേരും സർവീസ് നമ്പറും സ്മാരകത്തിന്റെ ഗ്രാനൈറ്റ് പാളികളിൽ പതിയ്ക്കും. ജമ്മു കാശ്മീരിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 25 നായ്ക്കളും ഇതിൽ ഉൾപ്പെടുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത്, രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ, റീമൌണ്ട് ആൻഡ് വെറ്റിനറി കോർപ്സ് സെന്റർ ആൻഡ് കോളേജിലെ സൈനികർക്കും മൃഗങ്ങൾക്കും നന്ദിയും ബഹുമാനവും അർപ്പിക്കുന്നതിനുള്ള ഉചിതമായ സ്മരണ ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മൃഗങ്ങളുടെ പട്ടികയിൽ ആദ്യത്തെ പേരുകളിൽ ഒന്ന് മാൻസി എന്ന ലാബ്രഡോറിന്റെയാണ്. ഉത്തര കാശ്മീരിലെ ഒരു ആക്രമണത്തിലാണ് മാൻസി ജീവൻ വെടിഞ്ഞത്. മാൻസിയുടെ പരിശീലകനായ ബഷീർ അഹ്‌മദ് വറിന് മരണാനന്തരബഹുമതിയായി വിശിഷ്ട സേവാമെഡൽ നൽകിയിരുന്നു.

ഒരു നായ പരിശീലകനു ലഭിച്ച ഏറ്റവും വലിയ ബഹുമതി ശൌര്യചക്രയാണ്.

സൈന്യത്തിൽ ആയിരത്തിലധികം നായ്ക്കൾ, 5000 കോവർകഴുതകൾ, 1500 കുതിരകൾ എന്നിവയുണ്ട്.

1950 ന്റെ അവസാനത്തിലാണ് റീമൌണ്ട് ആൻഡ് വെറ്റിനറി കോർപ്സ് സെന്റർ ആൻഡ് കോളേജ് യുദ്ധത്തിനായി നായ്ക്കളെ പരിശീലിപ്പിക്കാൻ തുടങ്ങിയത്.