Sun. Nov 17th, 2024
#ദിനസരികള്‍ 1008

 
ആലോചനകളുടെ ഏതൊക്കെയോ വഴികളിലൂടെ ചില മനുഷ്യരുടെ ഓര്‍മ്മകളിലേക്ക് നാം അറിയാതെ നടന്നെത്തും. അതോടെ അലസമായ മാനസസഞ്ചാരം ആ നിമിഷം മുതല്‍ കൂടുതല്‍ ജാഗരൂകമാകും. അതോടെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങും. മുന്നോട്ടുള്ള വഴികളില്‍ എത്ര ഇരുളുവീണുകിടന്നാലും തട്ടിമാറ്റി മുന്നോട്ടു കുതിക്കുവാനുള്ള ശേഷി നമുക്ക് കൈവരും. അത്തരത്തിലുള്ള കര്‍മ്മശേഷിയെ നിരന്തരം പ്രദാനം ചെയ്യുന്ന ഒരു പേരാണ്, അഥവാ ഓര്‍മ്മയാണ് യാസര്‍ അറഫാത്ത്.

മെഹമൂദ് ദര്‍വീശ് എഴുതിയിത് ഉദ്ധരിക്കട്ടെ:- “നിരത്തുകള്‍ വെട്ടിത്തെളിച്ച എന്‍ജിനീയര്‍ ആയിരുന്നില്ല അറഫാത്ത്. അയാള്‍ വഴിയൊരുക്കിയെടുത്തത് മൈന്‍പാടങ്ങള്‍ക്ക് ഇടയിലൂടെയായിരുന്നു. മഞ്ഞുകട്ടയ്ക്ക് തീകൊടുക്കുക എന്ന ഇന്ദ്രജാലമാണ് അയാള്‍ കാണിച്ചത്.”

മഞ്ഞുകട്ടയ്ക്ക് തീകൊടുക്കുക! എന്തൊരു പ്രയോഗമാണ് അത്. ചത്തു കിടക്കുന്നവനെപ്പോലും ജ്വലിപ്പിച്ചുയര്‍ത്താനുള്ള കര്‍‌മ്മോത്സുകതയെ ഒരു പക്ഷേ ദര്‍വീശിന് ഇതിലും മനോഹരമായി ആവിഷ്കരിക്കാന്‍ കഴിയില്ല. ആ ഒരൊറ്റ പ്രയോഗത്തില്‍ നമുക്ക് എല്ലാം വ്യക്തമാകുന്നു.

1974 ല്‍ യാസര്‍ അറഫാത്ത് ലോകത്തോട് വിളിച്ചു പറഞ്ഞതു ചരിത്രമാണ് “നോക്കൂ, ഒരു കൈയ്യില്‍ സമാധാനത്തിന്റെ പ്രതീകമായ ഒലീവിലയും മറുകയ്യില്‍ വിനാശകാരിയായ തോക്കുമായാണ് ഞാന്‍ നിലകൊള്ളുന്നത്. എന്റെ കയ്യില്‍ നിന്നും ഒലീവുമരക്കൊമ്പു താഴെ വെക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുത്, ഞാനാവര്‍ത്തിക്കട്ടെ, എന്നെക്കൊണ്ട് ഒലീവുമരക്കൊമ്പു താഴെ വെപ്പിക്കരുത്.” (“Today I have come bearing an olive branch and a freedom fighter’s gun. Do not let the olive branch fall from my hand. I repeat: Do not let the olive branch fall from my hand.”) സമാധാനത്തിന് താനെത്രമാത്രം പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹത്തിന്റെ ഈ പ്രസ്താവന പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ സമാധാനമെന്നത് ഒരു വിഭാഗത്തിന്റെ സമ്പൂര്‍ണമായ കീഴടങ്ങലോ വിധേയത്വമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു പരിധിവരെ ആയുധവിരോധികളും കൂടുതലാളുകളും ആയുധങ്ങളുടെ പ്രഹരശേഷിയില്‍ വിശ്വസിക്കുന്നവരുമായ വിവിധ സംഘടനകളെ കൂട്ടുപിടിച്ച് രൂപപ്പെടുത്തിയെടുത്ത പി എല്‍ ഒയുടെ നേതൃസ്ഥാനത്തിരുന്നുകൊണ്ടാണ് യാസര്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്ന് ഓര്‍ക്കണം. ഇസ്രയേലിന്റെ കടന്നുകയറ്റങ്ങളെ ലോകമനസാക്ഷിക്കുമുന്നില്‍ അവതരിപ്പിച്ചെടുക്കാന്‍ അറഫാത്തിന് തുണയായത് സമാധാനത്തോട് അദ്ദേഹത്തിനുള്ള അഭിനിവേശം തന്നെയായിരുന്നു. ആ കാഴ്ചപ്പാടിനുള്ള അംഗീകാരമായാണ് നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തുന്നത്.

അറഫാത്തിന്റെ മരണത്തിനു പിന്നിലും ഇസ്രായേലിന്റെ കരങ്ങളുണ്ടെന്ന വാദത്തിന് തെളിവുകളുണ്ട്. ശരീരം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ലെങ്കിലും അദ്ദേഹം അണിഞ്ഞിരുന്ന വസ്ത്രങ്ങളും മറ്റും പരിശോധിച്ചതിനു ശേഷമാണ് അത്തരമൊരു കണ്ടെത്തലിലേക്ക് എത്തിച്ചേര്‍ന്നത്.

അതിജീവനത്തിന്റെ മാസ്മരികമായ ആവേശങ്ങളെ അറഫാത്ത് ഇന്നും ജ്വലിപ്പിച്ചു നിറുത്തുന്നു. നിങ്ങളുടെ മുകളില്‍ വിജയിച്ചുകൊണ്ട് ജേതാവാകാനല്ല, മറിച്ച് ഞങ്ങള്‍ക്ക് ഈ മണ്ണില്‍ ജീവിച്ചു മരിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് തന്റെയും കൂട്ടരുടേയും പോരാട്ടമെന്നാണ് യാസര്‍ അറഫാത്ത് തന്റെ ജീവിതകാലം മുഴുവന്‍ ആണയിട്ടുകൊണ്ടിരുന്നത്. ചൂഷണങ്ങള്‍ക്കിരയായി ഇന്നും ലോകത്താകമാനം അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ആലംബഹീനരായ ലക്ഷോപലക്ഷം മനുഷ്യരുടെ മനസ്സില്‍ അതുകൊണ്ടു തന്നെയാണ് യാസര്‍ അറഫാത്ത് എന്ന പേര് ഉയര്‍‌ത്തെഴുന്നേല്പിന്റെ പര്യായമാകുന്നത്.

അശക്തനു മേല്‍ ശക്തന്‍ നടപ്പാക്കുന്ന വെട്ടിപ്പിടിക്കലുകള്‍ ഈ ലോകത്ത് തുടരുന്ന കാലത്തോളം അറഫാത്ത് എന്ന പേര് പൊരുതുന്ന ജനതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.