Mon. Dec 23rd, 2024
#ദിനസരികള്‍ 1002

 
ലൌ ജിഹാദിനെപ്പറ്റിയും മതംമാറ്റി തീവ്രവാദിയാക്കിയെടുക്കുന്ന തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച് പറയുവാനും ഇതിനുമപ്പുറം വേറെ സമയമില്ലെന്ന് കൃത്യമായി മനസ്സിലാക്കിയ സീറോ മലബാര്‍ സഭ, ലൌജിഹാദില്‍ നിന്നും തങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുന്നു. മതംമാറ്റി ഐ എസിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നു പേരില്‍ പകുതിയും തങ്ങളുടെ ഇനത്തില്‍ പെട്ടതാണെന്നതാണ് സഭ, തെളിവായി മുന്നോട്ടു വെയ്ക്കുന്നത്. പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയതിനു ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അതിന്റെ ചിത്രങ്ങളും മറ്റുമുപയോഗിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റി തീവ്രവാദിയാക്കുകയും ചെയ്യുകയാണ് രീതിയെന്ന് അവര്‍ ആരോപിക്കുന്നു.

ഇതേ ആരോപണം മുന്‍നിറുത്തി പലപ്പോഴായി വിശ്വാസ സംരക്ഷണ റാലിയും പ്രതിഷേധ പൊതുയോഗങ്ങളും കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ ധാരാളമായി നടത്തിയത് നാം കണ്ടതാണ്. പിതാക്കന്മാരും പുത്രന്മാരും വായ മൂടിക്കെട്ടിയും അല്ലാതെയും തെരുവിലിറങ്ങി പ്രതിഷേധ സാഗരങ്ങള്‍ തീര്‍ക്കുകയും അധികാരികളെ തപ്പുകൊട്ടി ഉണര്‍ത്തുകയും തങ്ങളുടെ പുത്രിമാരെ രക്ഷപ്പെടുത്തണമെന്ന് വിലപിക്കുകയും ചെയ്യുന്നു.

സമാനമായ ആരോപണങ്ങളുമായി സംഘപരിവാരവും ദീര്‍ഘകാലമായി രംഗത്തുണ്ട്. ബി ജെ പിയില്‍ മിസ് കോളടിച്ച് മെമ്പറായവന്‍ മുതല്‍ അഖിലേന്ത്യാ പ്രസിഡന്റുമടക്കമുള്ള ഒരു നിരയാകെമാനം ലൌജിഹാദികള്‍‌ക്കെതിരെ ഗ്വാ ഗ്വാ വിളിക്കുന്നു. ആവശ്യം ഒന്നേയുള്ളു, ലൌ ജിഹാദു നടത്തുന്ന, ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ കൊള്ളയടിക്കുന്ന, ഇന്ത്യയുടെ ദേശീയതയെ ബഹുമാനിക്കാത്ത, പാരമ്പര്യങ്ങളെ നിരാകരിക്കുന്ന, ചരിത്രങ്ങളെ വകവെയ്ക്കാത്ത, വിഭജനകാലത്ത് പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ നിന്ന മുസ്ലീങ്ങളില്‍ നിന്നും ഭാരതത്തേയും അതിന്റെ പൌരന്മാരേയും രക്ഷപ്പെടുത്തിയെടുക്കുക.

ആദ്യത്തെ കൂട്ടര്‍ കേവലും ഒരൊറ്റ ആവശ്യമാണ് പരസ്യമായി ഉന്നയിച്ചതെങ്കിലും രണ്ടുകൂട്ടരുടേയും ആവശ്യം ഒന്നാണ് – പൊതുശത്രു മുസ്ലിമാണ്.
ബിജെപിയെ സംബന്ധിച്ച് അത്തരമൊരു മുസ്ലിംവിരോധത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടല്ലാതെ അവര്‍ക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. ആ പാര്‍ട്ടിയും പരിവാരവും പടുത്തുയര്‍ത്തിയിരിക്കുന്നതുതന്നെ അന്യമതവിരോധത്തിലാണ്, മുസ്ലിംങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. രാജ്യത്തെ മുന്നോട്ടു നയിക്കാനുതകുന്ന ഒരു പുരോഗമനാശയങ്ങളും അവര്‍ക്കില്ലെങ്കിലും ഹിന്ദുത്വയും മുസ്ലിംവിരുദ്ധതയുമാണ് അവരെ അധികാരത്തിലെത്തിച്ചതെന്ന് നമുക്കറിയാം.

അതുകൊണ്ട് മുസ്ലിംവിരുദ്ധത ഊതിവീര്‍പ്പിച്ചു നിറുത്തുകയെന്നുള്ളത് സംഘപരിവാരത്തെ സംബന്ധിച്ച് സുപ്രധാനമാണ്. എന്നാല്‍ എന്തിനാണ് ഒരേ വാദമുഖങ്ങളെ കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്? അതും ബിജെപിയുടെ അജണ്ടകളെ പ്രതിരോധിക്കാന്‍ ഹിന്ദുത്വവാദികളല്ലാത്ത എല്ലാ മനുഷ്യസഞ്ചയവും ഒറ്റക്കെട്ടായി തെരുവിലിറങ്ങി നില്‍ക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും?

പൌരത്വ ഭേദഗതി ബില്ലിനെതിയെ ഈ സഭാവിഭാഗങ്ങള്‍ നടത്തിയ പ്രതിഷേധറാലികളുടെ കൂടി കണക്കെടുക്കുക. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നടത്തിയതിന്റെ ആയിരത്തിലൊന്നു പ്രയത്നം പോലം ഭരണഘടനയെ സംരക്ഷിക്കാന്‍‌ നടത്തിയിട്ടില്ല എന്നറിയുമ്പോഴാണ് വിഷയത്തിന്റെ ഗൌരവം നമുക്ക് കുറച്ചുകൂടി മനസ്സിലാകുക.

ഒരു ജനതയും ചരിത്രത്തിന്റെ വഴികളില്‍ വെള്ളംകടക്കാത്ത അറകളായി നാളിതുവരെ നിലനിന്നുപോന്നിട്ടില്ല. പരസ്പരം കലര്‍ന്നും പിരിഞ്ഞുമാണ് മനുഷ്യന്റെ വഴികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നിലനിന്ന ആചാരങ്ങളില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് കൃസ്ത്യാനികള്‍ ഒരു മതമായി പരുവപ്പെട്ടതും അങ്ങനെത്തന്നെയാണ്.

അന്ന് നിലനിന്ന യഹുദമതത്തിന് കൃസ്ത്യാനികള്‍ വിരുദ്ധരായിരുന്നപോലെ. മതനഷ്ടത്തെക്കുറിച്ചുള്ള വേവലാതിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മതവിഭാഗങ്ങളിലെ പൌരോഹിത്യങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമെന്നല്ലാതെ മറ്റൊന്നുംതന്നെയുണ്ടെന്ന് കരുതാന്‍ വയ്യ. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ചും സാമാന്യവത്കരിച്ചുമുണ്ടാക്കിയെടുക്കുന്ന കണക്കുകള്‍ വസ്തുതകളെ പ്രതിനിധീകരിക്കുന്നില്ലതന്നെ.
ഒരു കാര്യം കൂടി. ഇന്ന് കൃസ്ത്യാനികള്‍ സംഘപരിവാരത്തിന്റെ ശത്രുക്കളല്ലെന്നാണ് സഭയിലെ കുഞ്ഞാടുകള്‍ കാണുന്നതെങ്കില്‍, മുസ്ലിംങ്ങള്‍‌ക്കെതിരെയുള്ള നീക്കങ്ങളില്‍ അടക്കിപ്പിടിച്ച ഒരു ആഹ്‌ളാദം നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കരുതിക്കോളൂ, കാലം നിങ്ങളേയും വെറുതെ വിടാന്‍ പോകുന്നില്ല.

ഇന്ന് മുസ്ലിംങ്ങളെയാണെങ്കില്‍ നാളെ അവര്‍ നിങ്ങളെയായിരിക്കും തേടുക. മറ്റന്നാള്‍ മറ്റൊരു കൂട്ടരെ! കാരണം മതഫാസിസത്തിന് എല്ലായ്‌പ്പോഴും ഒരു ശത്രുവേണം. അതിലാണ് അവരുടെ നിലനില്പ് എന്നതിനാല്‍ എല്ലാക്കാലവും ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക എന്നത് ഫാസിസ്റ്റുകളെ പ്രധാനമാണ്. അതുകൊണ്ട് സംഘപരിവാരത്തിന്റെ ഹിന്ദുത്വഫാസിസത്തിനെതിരെയുള്ള മുന്നേറ്റങ്ങളില്‍ കൈമെയ് മറന്ന് ഒന്നു ചേരുന്നില്ലെങ്കില്‍, തമ്മില്‍ പോരടിച്ച് വിഘടിച്ച് നില്ക്കുവാനാണ് ഭാവമെങ്കില്‍ ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.