Fri. Dec 27th, 2024

 
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ ഇന്ത്യൻ പരിസരം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ അത് സമ്പൂർണ്ണ വിധേയത്വം ആഗ്രഹിക്കുന്ന സവർണ്ണ പുരുഷന്റെ സംതൃപ്തികളെ വൈകാരികമായി ആവിഷ്കരിക്കുന്നു എന്നു കാണാം.

മകൻ റഷ്യയിലായതിനാൽ തനിയെ നാട്ടിൽ കഴിയേണ്ടിവരുന്ന ഭാസ്കരൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് സിനിമ മുൻപോട്ടു പോകുന്നത്. ഭാസ്കരനെ പരിചരിക്കാനായി മകൻ നിരവധി ആളുകളെ നിയോഗിക്കുന്നുണ്ടെങ്കിലും അയാൾ പരിചാരകരുമായി യാതൊരു തരത്തിലും ഒത്തുപോകുന്നില്ല.
ഇതിനു പരിഹാരമെന്നോണം മകൻ സുബ്രഹ്മണ്യൻ ഒരു റോബോട്ടിനെ ഇറക്കുമതി ചെയ്യുകയും അച്ഛന് സമ്മാനിക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ ഭാസ്കരൻ റോബോട്ടുമായി ഇണങ്ങാൻ വിസമ്മതിക്കുന്നുണ്ടെങ്കിലും പിന്നീട് വേർപിരിയാനാവാത്തവണ്ണം അടുക്കുന്നതായി കാണാം.
ഭാസ്കരൻ റോബോട്ടിനെ ആദ്യമൊക്കെ ഉപദ്രവിച്ചു നോക്കുന്നുണ്ട്, “ഒരു റോബോട്ട് അതിന്റെ ഉടമസ്ഥനെ ഉപദ്രവിക്കില്ല” എന്ന റോബോട്ടിന്റെ വാക്കുകളാണ് അയാളുടെ വിധേയത്വപരമായ ആശങ്കകളെ സാധൂകരിക്കുന്നത്. അയാളെ പരിചരിക്കാൻ മകൻ ഏർപ്പെടുത്തിയവരിൽ നിന്ന് അയാൾക്ക് ലഭിക്കാതെ പോയതും സമ്പൂർണ്ണ വിധേയത്വമായിരുന്നു.

അയാൾ സൃഷ്ടിക്കുന്ന അനാവശ്യ തർക്കങ്ങളിൽ പരിചാരകർ പ്രതികരിക്കുന്നതും എതിർത്ത് സംസാരിക്കുന്നതുമാണ് അയാളെ ഏറ്റവുമധികം പ്രകോപിപ്പിച്ചിരുന്നത്. ഇതിനുള്ള സമ്പൂർണ്ണ പരിഹാരമാണ് റോബോട്ടിലൂടെ സാധ്യമാകുന്നത്. മകൻ തന്നെ പരിചരിക്കാനായി കൊണ്ടുവരുന്ന ജോലിക്കാർ സവർണ്ണൻ ആണെന്നത് പലരീതിയിൽ ഭാസ്കരൻ ഉറപ്പുവരുത്തുന്നതായി സിനിമയുടെ തുടക്കത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

റോബോട്ട് ആദ്യമായി ചായ നൽകുമ്പോൾ വാങ്ങാൻ മടിക്കുന്ന അച്ഛനോട് മകൻ പറയുന്ന വാക്കുകളും ശ്രദ്ധയാകർഷിക്കുന്നുണ്ട്: “റഷ്യയിലെ ഉന്നതകുലജാതനാണ്. മടിക്കാതെ വാങ്ങി കുടിച്ചോളൂ” എന്നാണ് മകൻ അയാളെ സമാധാനിപ്പിക്കുന്നത്. ഒരു സവർണ്ണ വൃദ്ധന്റെ ശുദ്ധിയിൽ പൊതിഞ്ഞുവെക്കുന്ന ജാതീയതയാണ് ഈ ഭാഗങ്ങളിൽ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സവർണ്ണരായ പരിചാരകരുടെ ജാത്യാധിഷ്ഠിതമായ തുല്യതാ ബോധങ്ങളുടെ പ്രകടനമായി ഭാസ്കരനുമായുള്ള അവരുടെ വാദപ്രതിവാദങ്ങളെയും പ്രതികരണങ്ങളെയും കാണാം.

സിനിമയുടെ അവസാനത്തിൽ റോബോട്ടിനെ തിരികെ കൊണ്ടു പോവുക എന്നത് അനിവാര്യമാകുമ്പോൾ അത് ഭാസ്കരനെ തകർക്കുന്നുണ്ട്.
അവിടെ അയാളിൽ തിളങ്ങുന്ന വൈകാരിക പ്രപഞ്ചം ദീർഘനാളത്തെ സഹവാസത്തിന്റേതു മാത്രമല്ല ഫ്യൂഡൽ അവശേഷിപ്പുകളെല്ലാം തികഞ്ഞ ഒരു സവർണ്ണ പുരുഷന്റെ; വിധേയ നിരോധനത്തെ പ്രതിയുള്ള തീവ്രമായ നഷ്ടബോധം കൂടിയാണത്. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും താരതമ്യേന ഉയർന്ന ഒരു സംസ്ഥാനത്തിൽ തീർത്തും ദുർബലമായിക്കൊണ്ടിരിക്കുന്ന ‘സമ്പൂർണ്ണ വിധേയത്വം’ ഫ്യൂഡൽ പുരുഷനെ സംബന്ധിച്ച് അത്രമേൽ അമൂല്യമായ സംതൃപ്തിയുടെ പാനപാത്രമാണ്.


സനൽ ഹരിദാസ്, തൃശ്ശൂർ സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.