Wed. Jan 22nd, 2025
കൊച്ചി:

രണ്ടു ദിവസം കൊണ്ട്, ആകാശം തൊടുന്ന നാല് മാളികകൾ നിലം തൊടുന്നതു കേരളം കണ്ടു. മരടിലെ ഗോൾഡൻ കായലോരം, എച്ച് ടു ഓ ഹോളി ഫെയ്ത്, ആൽഫാ സെറീൻ, ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളാണ് തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. തുടർന്ന് നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് 2020 ജനുവരി 11, 12 തീയതികളിൽ പൊളിച്ചു നീക്കി. കേരള ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം.

എന്താണ് മരട് ഫ്ലാറ്റിനു സംഭവിച്ചത്?

2006-2007 കാലഘട്ടത്തിലാണ് മരട് പഞ്ചായത്ത് അഞ്ചു കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയത്. തീരദേശ നിയന്ത്രണ മേഖല ചട്ടങ്ങൾ പാലിക്കാതെയാണ് അനുമതി നൽകിയത്. കേരള മുനിസിപ്പൽ ബിൽഡിങ് ചട്ടം പ്രകാരം തീരദേശ നിയന്ത്രണമേ മേഖലയിലുള്ള നിർമ്മാണങ്ങൾക്കുള്ള അപേക്ഷ അതോറിറ്റിയുടെ പരിഗണനയ്ക്കു വിടണം എന്നാണ് നിയമം. എന്നാൽ ഈ ചട്ടം പാലിക്കാതെയാണ് പഞ്ചായത്ത് അനുമതി നൽകിയത്. ഇതേത്തുടർന്ന് അനുമതി റദ്ദാക്കാൻ സർക്കാർ നിർദ്ദേശം നൽകി.

2007 ജൂൺ മാസത്തിൽ സർക്കാർ കെട്ടിട നിർമാതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതേ തുടർന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല സ്റ്റേ ഉത്തരവിന്റെ ബലത്തിൽ നിർമ്മാതാക്കൾ കെട്ടിടനിർമ്മാണം പൂർത്തിയാക്കുകയും, ഉടമകൾ താമസം ആരംഭിക്കുകയും ചെയ്തു.

2012 സെപ്റ്റംബറിൽ നിർമ്മാതാക്കൾക്ക് അനുകൂലമായി ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധി വന്നു. തുടർന്ന് 2015 ജൂണിൽ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ നൽകിയ പുനഃപരിശോധന ഹർജി നവംബറിൽ ഹൈക്കോടതി തള്ളി. തുടർന്ന് ഡിസംബറിൽ ഈ വിധിക്കെതിരെ തീരദേശ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചു. നാലുവർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ 2019 മെയ് 8 ന് അനധികൃതമായി കെട്ടിയ മരടിലെ ഫ്ലാറ്റുകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ജസ്റ്റിസ്സുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വിധിച്ചു. തുടന്ന് ജൂൺ മാസം ആറിന് ഹോളി ഫെയ്ത്, ആൽഫാ വെഞ്ചേഴ്‌സ് എന്നി ഫ്ലാറ്റ് നിർമ്മാതാക്കൾ വിധി പുനഃപരിശോധിക്കാൻ ഹർജി നൽകുകയും എന്നാൽ സുപ്രീം കോടതി ഹർജി തള്ളുകയും ചെയ്തു.

സെപ്തംബർ 20 നു ചീഫ് സെക്രട്ടറിക്കെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ഫ്ലാറ്റുകൾ ഒറ്റയടിക്ക് പൊളിക്കുന്നത് പരിസ്ഥിതി ദുരന്തം ഉണ്ടാക്കുമെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രസ്താവനയെ തുടർന്നാണ് വിമർശനം. ചീഫ് സെക്രട്ടറി കോടതിക്കു മുന്നിൽ നിരുപാധികം മാപ്പു പറഞ്ഞു. സെപ്തംബർ 27 ന്, ഫ്ലാറ്റുടമകൾക്കു 25 ലക്ഷം വീതം നഷ്ടപരിഹാരം കൊടുക്കാൻ കോടതി നിർദ്ദേശിച്ചു.

ഇതിനിടയിൽ നഷ്ടപരിഹാരം മതിയായവില്ല എന്നും ഫ്ലാറ്റിൽ നിന്നുമൊഴിയില്ല എന്നും പറഞ്ഞു ഉടമകളുടെ പ്രതിഷേധം. ചീഫ് സെക്രട്ടറിക്കുനേരെ ഗോ ബാക് വിളികളുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഫ്ലാറ്റ് നിവാസികൾ ചീഫ് സെക്രട്ടറിയെ ഉപരോധിച്ചു.

താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണം നിർത്തലാക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്‌. അതേസമയം, മരടിൽ ഫ്ലാറ്റ് ഒഴിയാൻ സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് ഫ്ലാറ്റ് ഉടമകൾ കത്തയച്ചു. ഒഴിഞ്ഞു പോകുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നും വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. തുടർന്ന് സർക്കാർ അത് അനുവദിച്ചു നൽകി.

ഒക്ടോബർ പതിനെട്ടോടെ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. 2020 ജനുവരി 11, 12 തീയതികളിൽ ഫ്ലാറ്റ് പൊളിക്കാൻ തീരുമാനം ആവുകയും, എച്ച് ടു ഓ ഹോളി ഫെയ്ത്, ആൽഫാ സെറീൻ ജനുവരി 11നു പൊളിക്കുകയും, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12നു പൊളിക്കുകയും ചെയ്തു.

എന്താണ് തീരദേശ പരിപാലന മേഖല?

തീരദേശ മേഖലയെയും സമുദ്ര മേഖലയെയും നിലനിർത്താനും സംരക്ഷിക്കാനുമായിട്ടാണ് തീരദേശ പരിപാലന നിയമം നിലവിൽ വന്നത്. 2011  ജനുവരിയിൽ വിജ്ഞാപനം ഇറങ്ങി. ഇതിനെ പലതരത്തിലുള്ള നിയന്ത്രണ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കോസ്റ്റൽ റെഗുലേഷൻ സോൺ (സി ആർ സെഡ് 1, 2, 3, 4) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

സി ആർസെഡ് 1

തീരദേശ മേഖലയിലെ പ്രാധാന്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന മേഖലയാണ് ഈ പരിധിയിൽ പെടുന്നത്. കണ്ടൽ കാടുകൾ, പവിഴപ്പുറ്റുകൾ, മണൽ കുന്നുകൾ, ദേശീയ ഉദ്യാനങ്ങൾ, പക്ഷി സങ്കേതങ്ങൾ തുടങ്ങിയവയാണ് ഈ പ്രദേശത്ത് ഉൾപ്പെടുന്നത്. ആണവോര്‍ജ്ജവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍, കാലാവസ്ഥാ റഡാര്‍ സ്ഥാപിക്കൽ, പ്രകൃതിവാതക പര്യവേഷണം തുടങ്ങിയ കാര്യങ്ങൾക്കൊഴികെ ഉപയോഗിക്കാൻ ഈ പ്രദേശത്തു സാധ്യമല്ല.

സി ആർസെഡ് 2

തീരദേശ മേഖലെയോ അതിനു വളരെ അടുത്തുള്ള വികസനം നടന്ന സ്ഥലങ്ങളോ ആണ് സി ആർസെഡ് 2ൽ വരുന്നത്.മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഈ പരിധിയിൽ പെടുന്നു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ പരിപാലന അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം.

സി ആർസെഡ് 3

കാര്യമായ രീതിയിൽ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലാത്ത പ്രദേശങ്ങളെയാണ് ഈ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾ ഉള്ള പ്രദേശം.പഞ്ചായത്തു ഭരണത്തിന് കീഴിൽ ഉള്ള പ്രദേശം. സമുദ്രത്തിന്റെ വേലിയേറ്റ രേഖയില്‍നിന്ന് കരഭാഗത്തേക്ക് 200 മീറ്റര്‍വരെയുള്ള പ്രദേശം.

സി ആർസെഡ് 4

വേലിയിറക്ക രേഖയിൽനിന്നു കടലിലേക്ക്  12 നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള പ്രദേശമാണ് സോൺ നാലിൽ. 12 നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള കടൽ ജലഭാഗവും അടിത്തട്ടും വേലിയേറ്റ സ്വാധീന ജലാശയങ്ങളിൽ തീരത്തെ വേലിയിറക്ക രേഖയ്ക്കിടയിലുള്ള ജലവും അടിത്തട്ടും ഉൾപ്പെടുന്ന പ്രദേശം.

മരട് ഫ്ലാറ്റുകൾ തുടക്കത്തിൽ സി ആർസെഡ് 3 ൽ ഉൾപെട്ടിരുന്നെങ്കിലും തീരദേശ പരിപാലന നിയമ ഭേദഗതി അനുസരിച്ചു സോൺ രണ്ടിലേക്ക് മാറ്റി. എന്നാൽ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്ന സമയത്തുള്ള നിയമമാണ് കോടതിയുടെ പരിഗണനയിൽ വരുന്നതും ബാധകമാകുന്നതും.

നിയന്ത്രിത സ്ഫോടനം എങ്ങനെ?

നിയന്ത്രിത സ്‍ഫോടനം എന്നാണ് പേരെങ്കിലും ഫ്ലാറ്റുകൾ പൊളിക്കുന്നത് എക്സ്പ്ലോഷനിലൂടെ അല്ല മറിച്ച്,  ഇമ്പ്ലോഷനിലൂടെ ആണ്. അകത്തോട്ടുള്ള സ്ഫോടനം എന്ന് തന്നെ പറയാം. പുറത്തോട്ടു തെറിക്കുന്നതിന് പകരം അകത്തൊട്ടായിരിക്കും സ്ഫോടനം നടക്കുക. പൊളിക്കേണ്ട കെട്ടിടത്തിന്റെ വിവിധ നിലകളിൽ സ്ഫോടകവസ്തു നിറച്ചതിനു ശേഷം കൃത്യമായ പ്ലാനിങ്ങോടെ ഉള്ള സ്ഫോടനമാണ് നടക്കുക. അടിയിലെ നിലകൾ തകരുതുന്നതോടെ മുകൾ നിലകൾ താഴേക്ക് പതിക്കും തുടർന്ന് മറ്റു നിലകളിലും തുടർ സ്‌ഫോടനങ്ങൾ നടക്കുന്നതോടെ ഒരു ചെറിയ ചരിവോടെ കെട്ടിടം താഴേക്ക് പതിക്കും.

ആരാണ് സ്ഫോടനം നടത്തുന്നത്?

ആൽഫാ സെറീൻ ഫ്ലാറ്റിന്റെ രണ്ടു കെട്ടിടങ്ങൾ തകർക്കുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ്.

എന്നാൽ ഗോൾഡൻ കായലോരം, എച്ച് ടു ഓ ഹോളി ഫെയ്ത്, ജെയിൻ കോറൽ കോവ് എന്നി ഫ്ലാറ്റുകൾ തകർക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫിസ് എഞ്ചിനീയറിങ് എന്ന കമ്പനിയാണ്. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷനുമായി ഇവർക്ക് പങ്കാളിത്തമുണ്ട്.

എന്തുപയോഗിച്ചു തകർക്കും?

അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ഫോടകവസ്തുക്കൾ നിറച്ചതിനു ശേഷം ഡിറ്റണേറ്റിങ് വയറുകൾ വഴി ബന്ധിപ്പിക്കും. ഇത് 100 മീറ്റർ അകലെയുള്ള എക്സ്പ്ലോഡറിലേക്കു ഘടിപ്പിക്കും.

അവശിഷ്ടങ്ങൾ എന്തുചെയ്യും?

നാലു ഫ്ലാറ്റുകൾ തകർക്കുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന മാലിന്യം നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നത് പ്രോംപ്റ്റ് എന്റർപ്രൈസസ് എന്ന കമ്പനിയാണ്. 35.16 ലക്ഷത്തിനാണ് ഇതിനായുള്ള കരാർ.മാലിന്യങ്ങൾ 30 ദിവസങ്ങൾ കൊണ്ട് നീക്കം ചെയ്യും എന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ 70 ദിവസമാണ് ഇതിനായി സർക്കാർ അനുവദിച്ചത്. മരടിൽ നാല് യാര്ഡുകളിലേക്കാണ് മാലിന്യം കൊണ്ടുപോവുക. അവിടെ വച്ച് കോൺക്രീറ്റ് മാലിന്യം എം സാൻഡാക്കി മാറ്റും.