Wed. Jan 22nd, 2025
ലഖ്നൌ:

 
സമാജ്‌വാദി പാർട്ടി പ്രവർത്തകർ വെള്ളിയാഴ്ച ലഖ്‌നൗവിലെ മൾട്ടിപ്ലക്‌സിൽ ദീപിക പദുക്കോൺ അഭിനയിച്ച “ഛപാക്ക്” എന്ന സിനിമ കാണും. അതേസമയം ചിത്രത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് പതിച്ചിട്ടുണ്ട്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ദീപിക പദുക്കോൺ സന്ദർശിച്ചിരുന്നു. അത് വലതുതീവ്രപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

“ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങളുടെ പ്രസിഡന്റ് അഖിലേഷ് യാദവ് എല്ലായ്പ്പോഴും ശ്രദ്ധാലുവാണ്. അതുകൊണ്ട് ഞങ്ങൾ ഈ ചിത്രം കാണും. ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്കായി മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ലഖ്‌നൗവിൽ ഷീറോസ് ഹാംഗ് ഔട്ട് കഫെ സ്ഥാപിച്ചു.” സമാജ്‌വാദി പാർട്ടിയിലെ മുതിർന്ന ഒരു നേതാവ് പറഞ്ഞു.

ദീപിക പദുക്കോൺ, തന്റെ ജന്മദിനം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരോടൊപ്പം ഷീറോസ് ഹാംഗ് ഔട്ട് കഫേയിൽ ജനുവരി 5 ന് ആഘോഷിച്ചിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന “ഛപാക്” കാണാനായി സമാജ്‌വാദി പാർട്ടി ഒരു തീയേറ്ററിലെ ഒരു ഷോയുടെ മുഴുവൻ ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്.

പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം അഖിലേഷ് യാദവും ചിത്രം കാണുമോ എന്നത് ഇതുവരെ അറിവായിട്ടില്ല.

അതേസമയം, കോൺഗ്രസ് നേതാവ് ശൈലേന്ദ്ര തിവാരി ചിത്രത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ആളുകളോട് ചിത്രം കാണാൻ അഭ്യർത്ഥിച്ചിട്ടുമുണ്ട്.

തീവ്രവലതുപക്ഷത്തെ ചില നേതാക്കൾ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മറ്റു പാർട്ടിക്കാർ സിനിമയെ പിന്തുണയ്ക്കുന്ന നടപടികൾ എടുത്തത്.

മേഘന ഗുൽ‌സാർ സംവിധാനം ചെയ്തിരിക്കുന്ന ഛപാക് ജനുവരി 10 വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.