Mon. Dec 23rd, 2024
#ദിനസരികള്‍ 995

 
ആനന്ദ്, രാഷ്ട്രപരിണാമത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്ന ലേഖനത്തില്‍ എന്തുകൊണ്ട് ജനാധിപത്യം പരാജയപ്പെടുന്നു എന്നൊരു ചോദ്യത്തെ ഉന്നയിച്ചുകൊണ്ട് എഴുതുന്നു:- “ഉത്തരം ഒരു പക്ഷേ ചോദ്യത്തില്‍ തന്നെയുണ്ട്. അതിന്റെ ആന്തരികമായ ദൌര്‍ബല്യം. ജനാധിപത്യം തിരഞ്ഞെടുപ്പുകള്‍ നടത്തലോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ സ്ഥാപിക്കലോ അല്ല. അതൊക്കെ അതിന്റെ നടപടിക്രമങ്ങള്‍ മാത്രം. നൂറ്റാണ്ടുകള്‍ നീണ്ട സംസ്കാരത്തിന്റെ യാത്രയില്‍ മനുഷ്യര്‍ സ്വാംശീകരിച്ച മൂല്യങ്ങളുടെ അഥവാ മൂല്യങ്ങള്‍ സൃഷ്ടിക്കുക എന്ന പ്രസ്ഥാനത്തിന്റെ തന്നെ ഉത്പന്നമായിരുന്നു ജനാധിപത്യം. ജനാധിപത്യ സമ്പ്രദായം സ്ഥാപിതമായ ഇടത്ത് അതുകൊണ്ട് അതിന്റെ ചുമതല അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുകയാണ്.”

ജനാധിപത്യത്തെ സൃഷ്ടിച്ചെടുത്ത മൂല്യങ്ങളെ സംരക്ഷിക്കുകയാണ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു പോംവഴിയെന്ന് ചൂണ്ടിക്കാണിക്കുന്ന ആനന്ദ്, നാം എങ്ങനെയൊക്കെ ആ വഴികളിലേക്ക് സഞ്ചരിച്ചെത്തിയതെന്നും ഈ ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. 1919 ല്‍ നിന്നും 2019 ലേക്ക് എത്തുന്ന ഒരു നൂറ്റാണ്ടുകാലം കൊണ്ട് ലോകചരിത്രത്തെ മാറ്റി മറിച്ച ഒരു പറ്റം ആശയങ്ങളെ നാം പരിശീലിച്ചു. സോഷ്യലിസ്റ്റ് സമൂഹങ്ങളെ വിഭാവനം ചെയ്തുകൊണ്ട് ഉദയം ചെയ്ത ഒക്ടോബര്‍ വിപ്ലവം സര്‍ഗ്ഗാത്മകമായ പ്രതീക്ഷയായിരുന്നു.

അടിസ്ഥാനവര്‍ഗ്ഗത്തിന് നിര്‍ണായകമായ പദവി പ്രദാനം ചെയ്ത അതേ ആശയം അതിന്റെ പ്രായോഗിക പരീക്ഷണങ്ങളിലേക്ക് കടന്ന കാലങ്ങളില്‍ തന്നെയാണ് മനുഷ്യത്വരഹിതമായ, വിഭജനത്തിന്റെ യുക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഫാസിസത്തിന്റെ സത്വങ്ങള്‍ പുതുസമൂഹങ്ങളെ തീര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയത്. ഗാന്ധി ശക്തിപ്പെട്ടു വന്ന അതേ കാലത്തുതന്നെ ഹിന്ദുമഹാസഭയും ആറെസ്സെസ്സും തങ്ങളുടെ വേരുകള്‍ പടര്‍ത്തുവാന്‍ വെമ്പല്‍ കൊണ്ടിരുന്നു. ഒരു പക്ഷേ ഒരു പരിധിവരെ മൃദുഹിന്ദുത്വ ആശയങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഗാന്ധിയുണ്ടായിരുന്നതുകൊണ്ടാണ് ഒരു പരിധിവരെ തീവ്രഹിന്ദുത്വ ആശയങ്ങള്‍ ഇവിടെ വ്യാപിക്കാതിരുന്നതെന്നതാണ് വസ്തുത.

തങ്ങളുടെ ആശയങ്ങളെ ഏതെങ്കിലും വിധത്തില്‍ ഗാന്ധി പ്രതിഫലിപ്പിച്ചുകൊള്ളുമെന്ന സമാധാനത്തില്‍ നിന്നുകൊണ്ടായിരിക്കണം ഒരു പക്ഷേ ഇന്ത്യയുടെ ഹിന്ദുത്വമനസ്സ് ആശ്വാസംകൊണ്ടത്. അതുകൊണ്ടുതന്നെ തീവ്രമായ നിലപാടുകള്‍ക്ക് വലിയ തോതില്‍ പിന്നണിപ്പാട്ടുകാരുണ്ടാകാതെ പോയി. സോഷ്യലിസത്തിന്റേയും ഫാസിസത്തിന്റേയും ഉദയത്തോടൊപ്പം ഖിലാഫത്തിന്റെ പതനവും അക്കാലങ്ങളില്‍ തന്നെയാണ് നടക്കുന്നതും. എന്നാല്‍ എവിടേയും ജനാധിപത്യത്തിന് വേരുകളോടുന്ന സാഹചര്യമുണ്ടായില്ലെന്ന് ആനന്ദ് എടുത്തു പറയുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരം ഒരു നിശ്ചിത കാലത്ത് ജനാധിപത്യം പരിശീലിക്കാന്‍ നാം പരിശ്രമിച്ചിരുന്നുവെങ്കിലും ജനതയുടെ ഇടയില്‍ വേരുപിടിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഏകദേശം ഒരു നൂറ്റാണ്ടുകാലം മുന്നേ നാം തള്ളിക്കളഞ്ഞ ഹിന്ദുത്വ ഫാസിസത്തിന്റെ ആശയങ്ങള്‍ക്ക് ഇന്ന് വലിയ സ്വാധീന ശക്തിയായി നമ്മുടെ ജനാധിപത്യ ഇടങ്ങളെ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. അതായത്, ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ ആന്തരികമായി നാം മതാത്മകരായിയിരിക്കുകയും പുറമേ അങ്ങനെയല്ലെന്ന് അഭിനയിക്കുകയുമാണ് ചെയ്തത്. ഈ മുഖംമൂടിയാണ് സവര്‍ക്കറുടെ ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചതോടെ അഴിഞ്ഞു വീണത്.

ഇപ്പോഴാകട്ടെ, ഒരു ഹിന്ദുത്വ വാദിയാണെന്ന്, താനൊരു മതഫാസിസ്റ്റാണെന്ന് തുറന്നു പറയുന്നതില്‍ അപമാനം തോന്നാത്ത വിധം സ്വാഭാവികമായ ഒരു പരിണതിയിലേക്ക് നിര്‍ണായകമായ ഒരു ശതമാനം ജനത ചെന്നെത്തി നില്ക്കുന്നു. അതുകൊണ്ടാണ് രാജ്യത്തിന്റെ ഗതി വിപരീതദിശയിലേക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെയുള്ള തിരിഞ്ഞു നടത്തത്തിനിടയില്‍ വീണ്ടും നാം ഒരു കാലത്ത് പിന്തള്ളിക്കളഞ്ഞവയെയൊക്കെ ചെന്നു മുട്ടി നില്ക്കുന്നു.

അവയാണ് ഇന്ത്യയെ നിര്‍മ്മിച്ചെടുത്ത മൂല്യങ്ങളെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അങ്ങനെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചരിത്രത്തില്‍ നാം കുഴിച്ചുമൂടിയിട്ടതിനെയൊക്കെ വീണ്ടും മാന്തിയെടുത്ത് ആടയാഭരണങ്ങളായി അണിഞ്ഞ് പുരപ്പുറത്ത് എഴുന്നള്ളി നില്ക്കുന്നു.
അതുകൊണ്ടാണ് ആനന്ദ്, “ചിലര്‍ മതത്തിലേക്ക്, മതാധിപത്യത്തിലേക്ക് ദൈവാധിപത്യത്തിലേക്ക് മടങ്ങുന്നു. ചിലര്‍ ശക്തനായ ഒരു ഭരണാധികാരിയിലേക്ക് തിരിയുന്നു. ഇരുവരും അകലുന്നത് ഒന്നില്‍ നിന്നാണ് – ജനാധിപത്യത്തില്‍ നിന്ന്.
ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന്, സംസ്കാരത്തിന്റെ മാര്‍ഗത്തില്‍ നിന്ന്, അവരുടെ വഴികള്‍ അവരെ എവിടെയെങ്കിലും വെച്ച് ഒന്നിപ്പിച്ചെടുക്കും. പരസ്പരം തിരിച്ചറിയാനാകാത്ത വിധം അവര്‍ വേഷം മാറിയേക്കും. ഒന്നായിത്തീര്‍‌ന്നേക്കും,” എന്ന് എഴുതുന്നത്. അങ്ങനെ മതത്തിലേക്കും ശക്തനായ ഭരണാധികാരിയിലേക്കുമായി തിരിഞ്ഞ ജനത ഒരിടത്ത് ഒന്നായിത്തീര്‍ന്നതിന്റെ അഥവാ രണ്ടു വഴികളിലൂടെ ഒരു ഹിറ്റ്ലറിലേക്ക് എത്തിപ്പെട്ടതിന്റെ ദുര്യോഗമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.