Mon. Dec 23rd, 2024
ന്യൂദല്‍ഹി:

പോലീസിനെ പഴി ചാരുന്നതില്‍ അര്‍ത്ഥമില്ലെന്ന വാദവുമായി കെജരിവാള്‍.
ജാമിയ മിലിയ, ജെ.എന്‍.യു തുടങ്ങിയ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഈയിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ പൊലീസിനെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെന്നും അവരെ നിയന്ത്രിക്കുന്നത് ഉന്നതനേതൃത്വമാണെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. പൊലീസ് നിയന്ത്രണം തങ്ങളെ ഏല്‍പ്പിക്കൂ, ഫലം കാട്ടിത്തരാമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
താന്‍ പൊലീസിനെ പഴിചാരില്ലായെന്നും പൊലീസ് സേന എന്തിനും പ്രാപ്തിയുള്ളവരാണെന്നും കെജരിവാള്‍. പ്രവര്‍ത്തിക്കണമോ വേണ്ടയോയെന്ന് അവര്‍ക്ക് ഉത്തരവ് കൊടുക്കുന്നത് ഉന്നതനേതൃത്വമാണ്. ഇല്ലെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാം. ഒരു സത്യസന്ധമായ സര്‍ക്കാരിന്റെ കീഴിലുള്ള തൊഴിലാളികളെല്ലാം സത്യസന്ധരായിരിക്കും,’ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കേന്ദ്രസര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിലായി ജാമിയ മിലിയയിലും ജെ.എന്‍.യുവിലും നടക്കുന്ന അക്രമസംഭവങ്ങളിലും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാനപരിപാലനം ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല.’ കെജ്രിവാള്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാമതും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് കെജരിവാള്‍. മതത്തിനും ജാതിക്കുമെതിരെ പോരാടുമെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേ സമയം ജെ.എന്‍.യു കാമ്പസിലെ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് സി.പി.ഐ നേതാവും ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാറും രംഗത്തെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത ശത്രു തെറ്റിപ്പോയെന്നും ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘തുക്ഡെ തുക്ഡെ’ സംഘത്തിന്റെ നേതാവ് എന്ന് വിളിക്കുന്നത് ഒരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യു എല്ലായ്പ്പോഴും റിപ്പോര്‍ട്ട് പോലും ചെയ്യപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സര്‍ക്കാര്‍ ചെയ്യത തെറ്റെന്താണെന്നാല്‍ അവര്‍ ബുദ്ധിയും അറിവുമുള്ള ശത്രുവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും കനയ്യകുമാര്‍ പറഞ്ഞു.

ജെഎന്‍യുവിനോടുള്ള വിദ്വേഷം ഒരു സര്‍വ്വകലാശാലയോടോ പ്രത്യയശാസ്ത്രത്തോടോ ഉള്ള വിദ്വേഷമല്ല, മറിച്ച് ഒരു രാജ്യം എങ്ങനെയായിരിക്കണം എന്ന ചിന്തയാണ് ജെഎന്‍യുവില്‍ ഒരു പെണ്‍കുട്ടിക്ക് ലൈബ്രറിയില്‍ നിന്ന് പുറത്തുകടന്ന് ഒറ്റയ്ക്ക് നടക്കാന്‍ കഴിയും. ഈ കാമ്പസില്‍ 40 ശതമാനം ആളുകള്‍ ‘ആദിവാസി’ അല്ലെങ്കില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെയും കേന്ദ്രത്തിനെതിരെ കനയ്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്നും അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ കലഹം തുടങ്ങിയതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.