Mon. Dec 23rd, 2024

തിരുവനതപുരം :

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതിത്വമുണ്ട് എന്ന ആരോപണവുമായി  മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി). ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച വേളയിൽ ഇതിനെതിരെ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.ചലച്ചിത്ര അവാർഡ് നിർണയത്തിൽ സുതാര്യത വേണമെന്നും അവാർഡ് ജൂറികളുടെയോ ബന്ധുക്കളുടെയോ സിനിമകൾ അവാർഡിന് പരിഗണിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.

2018-19ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വജനപക്ഷപാതിത്വത്തിന് തെളിവാണെന്നും  ഇന്‍ഡിപെന്‍ഡന്റ് സിനിമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ചലച്ചിത്ര അക്കാഡമി വെസ് ചെയര്‍പേഴ്‌സണ്‍ ബീന പോളിന്റെ ഭര്‍ത്താവായ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയ്ക്ക് ആറ് പുരസ്‌കാരങ്ങളും ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിക്ക് രണ്ട് രണ്ട് പുരസ്‌കാരങ്ങളുമാണ് നല്‍കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്ന് തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാഡമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ്. ഇതില്‍ അംഗങ്ങളാണ് ചെയര്‍മാൻ  കമല്‍ വൈസ് ചെയര്‍പേഴ്‌സൺ ബീന പോൾ എന്നിവർ .ഇത് സ്വജനപക്ഷപാതം അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണെന്നാണ് സ്വതന്ത്ര സിനിമ പ്രവർത്തകർ ആരോപിക്കുന്നത്.
അക്കാദമിയുടെ നിലവിലെ നിയമം 5(11 ) പ്രകാരം ചെയർമാൻ,സെക്രട്ടറി ,എക്സിക്യൂട്ടീവ് ബോർഡ് മെമ്പർമാർ,അക്കാദമി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സിനിമകൾ വ്യക്തിഗത അവാർഡുകൾക്ക് അർഹമല്ല.എന്നാൽ ഈ വ്യവസ്ഥ ലംഗിച്ചുകൊണ്ടാണ് 2018-19ൽ ഈ പറയുന്ന വ്യക്തികളുടെയോ അവരുടെ ബന്ധുക്കളുടെയോ സിനിമകൾക്ക് കൂടുതൽ അവാർഡുകൾ ലഭിക്കുന്ന സാഹചര്യം ഉണ്ടായത്.അതുകൊണ്ടുതന്നെ ചെയർമാൻ,സെക്രട്ടറി ,എക്സിക്യൂട്ടീവ് ബോർഡ് മെമ്പർമാർ,അക്കാദമി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയോ അവരുടെ ബന്ധുക്കളുടെയോ സിനിമകൾ അവാർഡിന് പരിഗണിക്കരുത് എന്ന വ്യവസ്ഥ ഉണ്ടാക്കാൻ മൈക്ക് സർക്കാരിനോട് ആവശ്യപ്പെട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പ് വച്ച ഭിമ ഹര്‍ജി മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനമെടുത്തതായും മൈക്ക് ഭാരവാഹികള്‍ അറിയിച്ചു
മൈക്ക് സെക്രട്ടറി കെ പി ശ്രീകൃഷ്ണന്‍, പ്രസിഡന്റ് സന്തോഷ് ബാബുസേനൻ, വക്താവ് ഡോ.എസ് സുനില്‍ കുമാര്‍ എന്നിവരാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

മലയാള സിനിമ മേഖലയിലെ ഇത്തരം പ്രവണതകൾ ഇല്ലാതാക്കുന്നതിനായി പോരാടിക്കൊണ്ടിരിക്കുമെന്നും വരാനിരിക്കുന്ന ചലച്ചിത്ര പുരസ്‌കാരങ്ങൾ എങ്കിലും നീതിയുക്തമായും സുതാര്യമായും നടക്കാൻ ഉദ്ദേശിച്ചാണ് ഇപ്പോൾ ഈ ആവശ്യവുമായി മുന്നോട്ട് വന്നതെന്ന് പ്രസിഡന്റ് സന്തോഷ് ബാബുസേനൻ വോക്ക് മലയാളത്തോട് പറഞ്ഞു.