Wed. Jan 22nd, 2025

 

അവ്യവസ്ഥാപിതവും അരാജകവുമായിരുന്ന മനുഷ്യവർഗ്ഗം പടിപടിയായ ക്രമീകരണങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് അവന്റെ സംസ്കാരം. ഒറ്റവാക്കിൽ “കൃത്രിമത്വം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രക്രിയയാണിത്. പുരോഗതിയുടെ ഭാഗമായി പ്രകൃതിയിൽ നിന്ന് അകന്നതോടൊപ്പം സ്വന്തം പ്രകൃതത്തേയും മനുഷ്യൻ തന്നിൽ നിന്നും അകറ്റിനിർത്തി. സാമൂഹികജീവി എന്ന നിലയിലുള്ള അവന്റെ സ്വത്വത്തിന് അകലങ്ങൾ അനിവാര്യവുമായിരുന്നു.

ഇത്തരത്തിൽ സഹജവാസനകൾക്കുമേൽ മനുഷ്യൻ നടത്തിയ ഉപരോധങ്ങളിൽ പ്രധാനം ലൈംഗികതയ്ക്കു മേലുള്ള വിലക്കുകൾ ആയിരുന്നു എന്നു കാണാം. കുടുംബം, സ്വകാര്യസ്വത്ത്, സ്വകാര്യ സ്വത്തിന്റെ കൈമാറ്റം, പിതൃത്വം എന്നീ ആശയങ്ങളുടെ രൂപീകരണവും വികാസപരിണാമങ്ങളും, ലൈംഗികതയേയും പങ്കാളിത്തത്തേയും ഇടുങ്ങിയതും സങ്കീർണവുമായ അവസ്ഥകളിലേക്ക് നയിച്ചു. സംവത്സരങ്ങൾക്കു ശേഷം ആധുനിക നാഗരിക സമൂഹം അസ്വാസ്ഥ്യങ്ങളാൽ വീർപ്പുമുട്ടിയപ്പോൾ കാര്യകാരണ പഠനങ്ങൾ ഉടലെടുത്തു.

കലയും സാഹിത്യവും അസ്വാസ്ഥ്യങ്ങളെ ആവിഷ്കരിച്ചപ്പോൾ മനഃശാസ്ത്രം പരിഹാര മാർഗങ്ങൾ തേടി ഭൂതകാലത്തേക്ക് സഞ്ചരിച്ചു. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മനഃശാസ്ത്ര നിരീക്ഷണങ്ങൾ ഇത്തരത്തിൽ മനുഷ്യമനസ്സിന്റെ കാലുഷ്യങ്ങളെ ചരിത്രമായി അപഗ്രഥിച്ചവയാണ്. ‘ഇദ്’, ‘ഈഗോ’, ‘സൂപ്പർ ഈഗോ’ എന്നിങ്ങനെ മനുഷ്യമനസ്സിനെ അദ്ദേഹം മൂന്നായി തിരിക്കുന്നു. ഇതിൽ ‘ഇദ്’ ആണ് സഹജമായ മൃഗീയതയുടെ മനോമണ്ഡലം.

സാമൂഹികമായ നിയമങ്ങളും മൂല്യബോധങ്ങളും ചേർന്നാണ് ഈ മൃഗീയതയെ കുഴിച്ചുമൂടുന്നത്. എന്നാൽ ഇത് കുഴിച്ചുമൂടൽ മാത്രമാണ്. സഹജ വികാരങ്ങളുടെ മരണമല്ല. ഫ്രോയിഡിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “unexpressed emotions will never die. They are buried alive and come for later in uglier ways.” മനുഷ്യൻ സാംസ്കാരിക വളർച്ചയുടെ ഭാഗമായി തളച്ചിട്ട സ്വന്തം പ്രകൃതം പൂർണ്ണമായും നിർവീര്യമാക്കപ്പെട്ട ഒന്നല്ല, അത് നിരന്തരം അവനെ അലട്ടുന്നതും അടിച്ചമർത്താൻ നിർബന്ധിക്കപ്പെടുന്നതുമായ ജൈവിക സത്തയാണ് എന്ന് ചുരുക്കം.

ആത്മ നിയന്ത്രണത്തിലൂടെയും സാമൂഹികമായ സമ്മർദ്ദത്തിലൂടെയും കെട്ടിപ്പടുത്ത മനുഷ്യകുലത്തിന്റെ ഭൂതകാല ചരിത്രത്തെയും അതിന്റെ അസ്വസ്ഥതകളെയും ഒരു സ്ത്രീ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് പാണ്ഡവപുരം എന്ന നോവലിൽ സേതു. ദേവി എന്ന മുഖ്യകഥാപാത്രത്തിന്റെ വിഹ്വലതകളും ഉന്മാദ സങ്കല്പങ്ങളുമാണ് നോവലിൽ ആദ്യാവസാനം കാണുന്നത്. ‘പാണ്ഡവപുരം’ എന്ന കല്പിത പ്രദേശവും ‘ജാരൻ’ എന്ന അപരത്വവുമെല്ലാം പിറവിയെടുക്കുന്നത് ദേവിയുടെ രോഗഗ്രസ്ഥമായ മാനസിക വ്യാപാരങ്ങളിൽ നിന്നാണ്.

ജാരനു വേണ്ടിയുള്ള ദേവിയുടെ കാത്തിരിപ്പോടെയാണ് നോവൽ ആരംഭിക്കുന്നത്. അതേ കാത്തിരിപ്പോടെയാണ് നോവൽ അവസാനിക്കുന്നതും. വിവാഹത്തിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട യുവതിയാണ് ദേവി.

വിവാഹം കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷം സംഭവിച്ച സ്വരച്ചേർച്ചയില്ലായ്മകളെ ദേവിയുടെ ഭർത്താവ് നേരിടുന്നത് ലൈംഗികതയുടെ നിഷേധം കൊണ്ടാണ്. രതിയുടെ ആദ്യാനുഭവങ്ങൾക്ക് പെട്ടെന്ന് നേരിട്ട നിഷേധമായിരിക്കണം അവളുടെ തൃഷ്ണകളെ ഭ്രമാത്മകമാക്കിയത്. പാണ്ഡവപുരം എന്ന ലൈംഗിക അരാജകത്വത്തിന്റെ സാങ്കൽപ്പിക ഭൂമിയിൽനിന്ന് തന്നെ തേടിയെത്തുന്ന ‘ജാരൻ’ എന്ന ദേവിയുടെ സങ്കല്പം വാസ്തവത്തിൽ ദേവിയുടെ തന്നെ അപരത്വമാണ്.

സ്വന്തം ജൈവ സത്തയെ അതാകുന്ന രീതിയിൽ അംഗീകരിക്കാൻ ഭയപ്പെടുന്ന മനുഷ്യർ അപരത്വത്തെ സൃഷ്ടിച്ച്‌ ആത്മനിന്ദയിൽ നിന്ന് കുതറി മാറാൻ നടത്തുന്ന ശ്രമമാണ് ഇത്. സദാചാര രഹിതമായ അബോധ മനസ്സിനെ തന്നിൽനിന്ന് വേറിട്ട മറ്റൊന്നായി നോക്കിക്കാണാനുള്ള ബോധമനസ്സിന്റെ ശ്രമമായും ഇതിനെ കാണാം. പാണ്ഡവപുരം എന്ന ഭാവനാഭൂമികയുമായി ബന്ധപ്പെട്ട മിത്ത് നോവലിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ വിശദീകരിക്കപ്പെടുന്നുണ്ട്.

ഇതിന്റെ ആദ്യഭാഗങ്ങളിൽ പാഞ്ചാലിയേയും പഞ്ചപാണ്ഡവരുടെയും കഥയ്ക്ക് സമാനമാണ്. എന്നാൽ അവസാന ഭാഗത്തെ കഥ മറ്റൊന്നാണ്. തന്നെ ചൊല്ലി കലഹിക്കുന്ന ഭർത്താക്കന്മാരെ വെറുത്ത് പത്നി കാടേറുന്നതും അവൾ മലമുകളിൽ പാണ്ഡവപുരത്തെ പതിവ്രതകളെ കാക്കുന്ന ദേവിയായി പ്രതിഷ്ഠ നേടുന്നതുമാണ് മിത്തിന്റെ അവസാനഭാഗം.

മിത്തിന്റെ ഈ ആദ്യഭാഗത്തെ മുൻനിർത്തി, ബഹുഭർതൃത്വം സ്ത്രീയുടെ അസ്വസ്ഥമായ പാരമ്പര്യമാണെന്നും നായികയുടെ കാത്തിരിപ്പിന്റെ പൊരുൾ അതാണെന്നും കെ പി അപ്പൻ നിരീക്ഷിച്ചു കാണുന്നു. (മാറുന്ന മലയാള നോവൽ- പാണ്ഡവപുരത്തിന്റെ അസ്ഥിയും മാംസവും) പാണ്ഡവപുരത്തെക്കുറിച്ച് രചിക്കപ്പെട്ട പഠനങ്ങളിൽ വിശേഷസ്ഥാനം കൽപിക്കപ്പെട്ടതാണ് കെ പി അപ്പന്റെ പ്രസ്തുത രചന. എന്നാൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ ഇന്ന് പൂർണ്ണമായും ശരി വയ്ക്കാനാവില്ല.

‘ഭർതൃത്വം’ എന്ന ആശയം തന്നെ അധികാരാധിഷ്ഠിതമായിരിക്കെ ‘ബഹുഭർത്തൃത്വം’ അതിൽനിന്ന് വിഭിന്നമാവില്ല എന്ന കേവല യുക്തിയെത്തന്നെ അതിന് ആധാരമായെടുക്കാം. ഈ വസ്തുതയെ വ്യക്തമാക്കുന്ന ഭാഗങ്ങൾ നോവലിലെ പന്ത്രണ്ടാം അദ്ധ്യായത്തിൽ തന്നെ കാണാം. അഞ്ച് ഭർത്താക്കന്മാരുടെയും അവകാശവാദങ്ങൾക്കിടയിൽ കുടുങ്ങി അചേതനയായിപ്പോയ പത്നിയെ (സ്ത്രീ സ്വത്വത്തിനെ)നോവലിസ്റ്റ് ഇങ്ങനെ അടയാളപ്പെടുത്തുന്നു:-

“ആ പടപ്പുറപ്പാടിനിടയിൽ അഞ്ചുപേരും ഒരുകാര്യം മറന്നിരുന്നു, ആ പെണ്ണിന് ആരോടാണ് കൂടുതൽ സ്നേഹം എന്ന് കണ്ടുപിടിക്കാൻ. അവരെ സംബന്ധിച്ചിടത്തോളം അവൾ ജീവനില്ലാത്ത ഒരു സുന്ദരമായ കളിപ്പാവ മാത്രമായിരുന്നു. അവളുടെ വികാരങ്ങൾ അവർക്ക് ഒരു പ്രശ്നമായിരുന്നില്ല.” തന്റെ സ്വത്വം അപ്രസക്തമാക്കപ്പെട്ടതിന്റെ അമർഷത്തിൽ ബഹുഭർതൃത്വത്തെ/ഭർതൃത്വത്തെ ഉപേക്ഷിച്ചവളാണ് ഈ വീട്ടിലെ പത്നി.

അവൾ പിന്നീട് പതിവൃതകളുടെ സംരക്ഷകയായി പ്രതിഷ്ഠിക്കപ്പെട്ടത് മാനവചരിത്രത്തിലെ ബിംബവത്കരണ വൈരുദ്ധ്യങ്ങളിൽ ഒന്നാവാം. അഞ്ച് ഭർത്താക്കന്മാരുടെ താവഴിക്കാർ തന്നെ അവളെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ ഉടമസ്ഥരായി തീർന്നതും ചരിത്രത്തിന്റെ അപഹാസ്യമായ ഏറ്റെടുക്കലുകളെ കുറിക്കുന്നുണ്ട്. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ദേവി, ബഹുഭർതൃത്വത്തിലേക്ക് പിൻ മടങ്ങാൻ വെമ്പുന്ന പാഞ്ചാലി സ്വരൂപമല്ല; ക്രമരഹിത കാലത്തെ സമ്പൂർണ്ണ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന മനുഷ്യബോധത്തിന്റെ സ്ത്രീ പ്രാതിനിധ്യമാണ്.

കുടുംബ ഘടനയുടെ വികാസത്തോടെയാണ് സ്ത്രീയുടെ കന്യകാത്വം മഹത്വവത്കരിക്കപ്പെടുന്നത്. കുടുംബത്തിലെ സാമ്പത്തിക ബന്ധങ്ങളും അധികാരഘടനയും പുലർത്തിപ്പോന്ന പുരുഷാധിപത്യ സ്വഭാവം മൂല്യബോധം രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തി. അങ്ങനെയാണ് പുരുഷാധിപത്യ മൂല്യസംഹിതകൾ സമൂഹത്തിന്റെ പൊതുബോധ മൂല്യമായിത്തീർന്നത്.

പൊതു സദാചാരത്തിന്റെ കേന്ദ്രബിന്ദുവായ ‘കന്യകാത്വ സംരക്ഷണം’ സ്ത്രീ സഹജതകളെ തളച്ചിടാനുള്ള പുരുഷകേന്ദ്രീകൃത പ്രത്യയശാസ്ത്ര സൃഷ്ടികളുടെ ഭാഗമായിരുന്നു എന്ന് എളുപ്പം അനുമാനിക്കാൻ കഴിയും. ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന തൊഴിൽ വേശ്യാവൃത്തി ആയിരുന്നു എന്ന വസ്തുത കൂടി ഇതിനോട് ചേർത്ത് വായിക്കുമ്പോൾ ചൂഷണത്തിന്റെയും അസമത്വത്തിന്റെയും ചിത്രം പൂർണമാകുന്നു. ഏക പങ്കാളിത്ത വ്യവസ്ഥ ജൈവീക യാഥാർത്ഥ്യങ്ങൾക്ക് വിപരീതമാണെന്നിരിക്കെ പ്രായോഗികതലത്തിൽ ഈ നിഷ്ഠ സ്ത്രീക്ക് മാത്രം ബാധകമാണെന്ന് ചുരുക്കം.

പുരുഷ കാമനകൾ എല്ലാകാലത്തും തൃപ്തമാക്കപ്പെടുകയും അതിലേക്കായി ഒരു വിഭാഗം സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ നിലയിലുള്ള അസമത്വത്തിത്തിന്റെയും അടിച്ചമർത്തലിന്റെയും ചൂഷണത്തിന്റെയും ചരിത്ര പശ്ചാത്തലത്തിൽ വേണം നോവലിലെ ഭ്രമാത്മകതയെ സമീപിക്കാൻ.

നോവലിൽ പ്രാകൃതമായ തന്റെ ജൈവികതയിലേക്ക് അതിശക്തമായി ആകർഷിക്കപ്പെടുമ്പോഴും നായിക അതിനെ ശക്തമായി തന്നെ പ്രതിരോധിക്കുന്നതായി കാണാം. പൊതുബോധമായുള്ള (മേൽപ്പറഞ്ഞ പുരുഷാധിപത്യമൂല്യബോധം) ജൈവസത്തയുടെ സംഘർഷമാണിത്. അബോധ മനസ്സും ബോധ മനസ്സും തമ്മിലുള്ള ഈ സംഘട്ടനത്തിൽ പലയിടത്തും ഈ പൊതുബോധം(ബോധമനസ്സ്) ആധിപത്യമുറപ്പിക്കുന്നുണ്ട്.

തന്റെ ഉന്മാദാവസ്ഥയെക്കുറിച്ച് ദേവി പറയുന്നു:- “എന്റെ മനസ്സിന്റെ കുപ്പക്കൂനയിൽ അടിഞ്ഞു കിടക്കുന്നത് എന്തൊക്കെയാണെന്ന് എനിക്ക് തന്നെ രൂപമില്ല.” തന്റെ അബോധമനസിനെ ദേവി ഉപമിക്കുന്നത് കുപ്പത്തൊട്ടിയോടാണ് ഇത്തരത്തിൽ ആ കഥാപാത്രത്തിൽ സഹിതമായ പൊതുസദാചാരബോധങ്ങൾ പലയിടത്തും പ്രകടമാവുന്നത് കാണാം. നോവലിൽ പലയിടത്തും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന “പത്തിൽ ആഞ്ഞു ചവിട്ടുക” എന്ന ദേവിയുടെ പ്രസ്താവന ലൈംഗികതയെ അമർച്ച ചെയ്യുക എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്.

കാമനകളുടെ അപര വ്യക്തിത്വമായി ദേവിയിൽ രൂപപ്പെടുന്ന ജാരൻ എന്ന ദ്വന്ദത്തിലും പൊതുബോധ സംബന്ധിയായ ഈ പ്രതിസന്ധി കാരണം ദേവിയോട് തനിക്കുള്ള മാംസനിബദ്ധമല്ലാത്ത സ്നേഹത്തെക്കുറിച്ചുള്ള അയാളുടെ പ്രസ്താവനകളും, ‘ജാരത്വം’ എന്ന ജന്മ നിയോഗത്തെ പഴിക്കുന്ന ഭാഗങ്ങളും അതിന് ഉദാഹരണമാണ്. മാറി നിന്നുള്ള അയാളുടെ സ്വദേശ നിരീക്ഷണങ്ങളും ഇതേ രീതിയിൽ ആത്മ നിന്ദകളാൽ സമൃദ്ധമാണ്.

ആറാം അദ്ധ്യായത്തിലെ ജാരന്റെ ആത്മഗതങ്ങൾ:- “പാണ്ഡവപുരം എന്ത് വിചിത്രമായ സ്ഥലമാണ്. അകലെയിരുന്ന് ആലോചിക്കുമ്പോൾ അത് എന്ത് ശപിക്കപ്പെട്ട പട്ടണമാണെന്ന് തോന്നിപ്പോകുന്നു. അവിടെ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും നന്നേ ചെറുപ്പത്തിൽ തന്നെ വഴി തെറ്റിപ്പോകുന്നു. കൂടപ്പിറപ്പുകളോടുമായി വഴക്കടിക്കുന്നു. കള്ളച്ചൂത് കളിക്കുന്നു. ക്ഷുദ്ര മോഹങ്ങളുടെ പുറകെ പോയി മല്ലടിക്കുന്നു. ചതിയന്മാരാകുന്നു. പാണ്ഡവപുരത്തെ പഴുത്ത മുഖമുള്ള ഓരോ പുരുഷനും ഓരോ ചതിയൻ ആണ്.”

മൃഗീയ സ്വാതന്ത്ര്യത്തിന്റെ അരാജകലോകം മൂല്യരാഹിത്യങ്ങളുടേത് കൂടിയാണ്. അവിടെ ശരിതെറ്റുകൾ, നന്മതിന്മകൾ എന്നീ ധാർമ്മിക ദ്വന്ദങ്ങൾക്ക് സ്ഥാനമില്ല. പാണ്ഡവപുരത്തെക്കുറിച്ചുള്ള ഓർമ്മകളും വിശേഷണങ്ങളും വൈരുദ്ധ്യങ്ങൾ നിറഞ്ഞതാകുന്നതു കൊണ്ടാണ് അതിലേക്കുള്ള ആകർഷണങ്ങൾക്ക് സമാന്തരമായി വികർഷണങ്ങളും സൃഷ്ടിക്കപ്പെടുന്നത്, മറ്റൊന്നും കൊണ്ടല്ല.

ഈ ആകർഷണ വികർഷണങ്ങളുടെ വിഭ്രമ പശ്ചാത്തലമാണ് ഈ നോവലിന് ഉള്ളത്. സ്വന്തം ജൈവികതക്ക് ഉപരിയായി വ്യവസ്ഥാപിത തത്വങ്ങളെ പ്രതിഷ്ഠിച്ച, പിൽക്കാലത്ത് സ്ത്രീയിൽ മാത്രം ആ ഭാരങ്ങളെ ഇറക്കിവച്ച പുരുഷകേന്ദ്രീകൃതമായ ലോകത്തോടുള്ള സ്ത്രൈണ ലൈംഗികതയുടെ പ്രതിക്ഷേധങ്ങൾ പ്രതിസന്ധികളെ നേരിട്ട് ഭ്രമാത്മകമാവുകയാണ് ഈ നോവലിൽ. ഒരേസമയം ബാഹ്യലോകത്തിന്റെ യാന്ത്രിക ജീവിത ക്രമത്തോടും ആധിപത്യ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ട സ്വന്തം ആന്തരിക പ്രകൃതിയോടും, പ്രാക്തന സ്വാതന്ത്ര്യത്തിലെ മൂല്യരാഹിത്യത്തോടുമുള്ള കലഹം ഇവിടെ കാണാം.

ആകുലനായ മനുഷ്യന്റെ ആത്മസംഘർഷങ്ങളേയും, അന്യവത്കരണങ്ങളെയും, അതിൽ നിന്നും ഉടലെടുക്കുന്ന സ്വന്തം അപരത്വത്തെയും സർഗാത്മക സാഹിത്യത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് ‘ദസ്‌തയേവ്സ്കി’ യാണ്. അദ്ദേഹത്തിന്റെ അപരൻ (The double) എന്ന എന്ന നോവലാണ് സൈക്കോളജിക്കൽ റിയലിസത്തിന്റെ ആധാരശില. സ്വന്തം അപര വ്യക്തിത്വത്തോടും ബാഹ്യലോകത്തോടും ഒരേപോലെ പോരാടുന്ന “ഗോല്യദ്കിൻ” ദസ്തയേവ്സ്കിയുടെ തന്നെ ആവിഷ്കാരമായിരുന്നു.

പാണ്ഡവപുരത്തിലെ ദേവിയുടെ ആത്മസംഘർഷങ്ങൾ സമാന സ്വഭാവം പുലർത്തുന്നവയാണ്. എന്നാൽ പശ്ചാത്തല സൃഷ്ടിയും അവതരണ രീതിയും വിഭിന്നമാണ്‌. പാണ്ഡവപുരത്തിലെ ഭ്രമാത്മക സാഹചര്യം ബാഹ്യലോകവുമായി നേരിട്ട് ഏറ്റുമുട്ടുന്നില്ല. അതുകൊണ്ടുതന്നെ പാണ്ഡവപുരത്തെ സാമാന്യമായി ഒരു ‘സൈക്കോളജിക്കൽ ഫാന്റസി’ എന്ന് അടയാളപ്പെടുത്താവുന്നതാണ്.


സനൽ ഹരിദാസ്, തൃശ്ശൂർ സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.