ഗാന്ധി നഗര്‍:
കോട്ട ആശുപത്രിയിലെ ശിശുമരണങ്ങള്‍ക്കു പിന്നാലെ ഗുജറാത്തിലെ ശിശുമരണങ്ങളും വാര്‍ത്തയാകുന്നു. രണ്ട് ആശുപത്രികളില്‍ 200ഓളം കുട്ടികളും നവജാത ശിശുക്കളും മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരിക്കാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഗൗനിക്കാതെ അദ്ദേഹം നടന്നുപോയി. രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇത്രയും കുട്ടികള്‍ ഡിസംബര്‍ മാസത്തില്‍ മാത്രം മരിച്ചത്.
വിജയ് രുപാണി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ശിശു മരണം വന്‍ വിവാദമായിരിക്കെയാണ് ഗുജറാത്തിലെ വിവരങ്ങളും പുറത്തുവരുന്നത്…
രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്രയും കുട്ടികള്‍ മരിച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്.
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 200ഓളം കുട്ടികള്‍ മരിച്ചതിനോട് എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പ്രതികരിക്കാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ സുസ്മിത ദേവ് ആണ് ട്വിറ്ററില്‍ വിഷയം ചര്‍ച്ചയാക്കിയത്.
രാജ്കോട്ടിലെ ആശുപത്രിയില്‍ മാത്രം 134 കുട്ടികള്‍ മരിച്ചു. അഹമ്മദാബാദില്‍ 85 കുട്ടികളും മരിച്ചു. എന്താണ് ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. കുട്ടികളുടെ കാര്യത്തിലുള്ള ആശങ്ക ഏകപക്ഷീയമാകരുതെന്നും സുസ്മിത ദേവ് ട്വിറ്ററില്‍ കുറിച്ചു.
രാജ്കോട്ടിലെ ആശുപത്രിയില്‍ ഡിസംബറില്‍ 111 കുട്ടികള്‍ മരിച്ചുവെന്ന് ഡീന്‍ മനീഷ് മേത്ത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 455 നവജാത ശിശുക്കളെയാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 85 കുട്ടികള്‍ മരിച്ചുവെന്ന് ആശുപത്രി സൂപ്രണ്ട് ജിഎസ് റാത്തോഡ് പറഞ്ഞു.
എന്നാല്‍ കുട്ടികളുടെ മരണകാരണം എന്താണെന്ന് രണ്ടുപേരും പറഞ്ഞില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 107 കുട്ടികളാണ് മരിച്ചത്. ഇതിനെതിരെ യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നതോടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.