Thu. Dec 19th, 2024
തിരുവനന്തപുരം:

 

സാക്ഷരത മിഷന്‍ പ്രസിദ്ധീകരിച്ച “ഇന്ത്യ എന്ന റിപ്പബ്ലിക്” – ഭരണഘടനസാക്ഷരതാപുസ്തകം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വിവിധ ധാരകള്‍ ഉയര്‍ത്തിയ സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ എങ്ങനെയാണ് ഇന്ത്യയെ ഒരു പരമാധികാര -സ്ഥിതി സമത്വ-മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെടുന്നതിനു കാരണമായത് എന്ന് വിവരിക്കുന്നതാണ് ഈ ലഘു പുസ്തകത്തിന്റെ ഉള്ളടക്കം.

 

ശ്രീ. ഇ വി അനിൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്:-

 

അംബേദ്‌കര്‍, ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്രു, ഭഗത്‌സിംഗ്, ചന്ദ്രബോസ്, സരോജിനി നായിഡു, അരുണ ആസിഫ് അലി, മൌലാന അബ്ദുള്‍ കലാം ആസാദ്‌ തുടങ്ങിയ പതിനൊന്നു പേരുടെ ഉദ്ധരണികളും ഭരണഘടന മുല്യങ്ങളെ കേന്ദ്രമാക്കിയുള്ള വിവരണവും അടങ്ങുന്ന രചനാരീതിയാണ്‌ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ രേഖാചിത്രങ്ങളും ഉണ്ട്.

കൂടാതെ, ബിര്‍സാമുണ്ട, ഝാന്‍സിറാണി, ആസാദ്‌, ടിപ്പു തുടങ്ങിയവരുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം സ്വാതന്ത്ര്യ സമര ചരിത്ര സൂചനകളുള്ള‍ സ്കെച്ചുകളും ഉൾപ്പെടുത്തിയിരിക്കുന്നു. മതനിരപേക്ഷതയെക്കുറിച്ചുള്ള റോമില ഥാപ്പറുടെ വാക്കുകളോടെയാണ് പുസ്തകം അവസാനിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടന ഭാവിയില്‍ നേരിട്ടേക്കാവുന്ന അപകടത്തെക്കുറിച്ചുള്ള അംബേദ്‌കറുടെ പ്രസിദ്ധമായ മുന്നറിയിപ്പും ഈ പുസ്തകത്തില്‍ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു.

സാക്ഷരത മിഷന്‍ ഡയറക്ടര്‍ കൂടിയായ ഡോ. പി എസ് ശ്രീകലയാണ് പുസ്തകം രചിച്ചത്. പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ ആയിരുന്നു പുസ്തകത്തിന്റെ അക്കാദമിക് അഡ്വൈസര്‍. ഞാൻ വരച്ച മുപ്പതു രേഖാചിത്രങ്ങളും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാസാക്ഷരത പരിപാടിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ 30 വരെ “ഇന്ത്യ എന്ന റിപ്പബ്ലിക്” കാമ്പയിന്റെ ഭാഗമായി ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് നാളെ മുതല്‍ “ഇന്ത്യ എന്ന റിപ്പബ്ലിക് എന്ന” ആശയത്തെ കേന്ദ്രമാക്കി എല്ലാ ജില്ലകളിലും കലാജാഥകളും നടത്തുന്നുണ്ട്. ജനുവരി 25 ന് എല്ലാ പഠന കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും. ജനുവരി 27 മുതല്‍ 30 വരെ പ്രദര്‍ശനവും പ്രഭാഷണപരമ്പരയും തിരുവന്തപുരത്ത് നടത്തും. 30നു മാനവ സംഗമവും സംഘടിപ്പിക്കുന്നുണ്ട്.

https://www.facebook.com/100003886421523/posts/1559997670806432/?d=n