Fri. Apr 26th, 2024
കൊല്ലം:

കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖാണ് (19) അപകടത്തില്‍പ്പെട്ടത്.തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരുക്കേറ്റ സിദ്ദിഖിനെ പൊലീസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, പരുക്കു ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പോലീസ് അതിക്രമത്തിനെതിരെ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വച്ച്  ചർച്ച ചെയ്ത് വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതോടെയായിരുന്നു ജനങ്ങൾ ഉപരോധം അവസാനിപ്പിച്ചത്.

ഇതിനു പിന്നാലെ, ബൈക്കിനു നേരെ ലാത്തിയെറിഞ്ഞ കടയ്ക്കല്‍ സ്‌റ്റേഷനിലെ എസ്പിഒ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പോലീസുകാരെ സ്ഥലം മാറ്റി. സംഭവത്തെത്തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കുരുങ്ങിക്കിടക്കുന്നത്. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരു മണിക്കൂറുകളെടുത്തു.

ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കരുതെന്നു ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ പൊലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇവയുടെ ലംഘനമാണ് കടയ്ക്കലില്‍ എസ്പിഒ ചന്ദ്രമോഹന്‍റെ നേതൃത്വത്തിലുള്ള പോലീസുകാരുടെ നടപടി.