വായന സമയം: 2 minutes
#ദിനസരികള്‍ 954

കേരളത്തിലെ രാജവംശങ്ങളെപ്പറ്റി വേലായുധന്‍ പണിക്കശേരി എഴുതിയ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തട്ടെ. കേരളത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ഭരണം നടത്തിയ ചെറുതും വലുതുമായ നിരവധി രാജവംശങ്ങളെക്കുറിച്ച് അദ്ദേഹം കാര്യമാത്രപ്രസക്തമായി ഈ പുസ്തകത്തില്‍ പറയുന്നു.151 പേജുകളില്‍ അദ്ദേഹം ഏകദേശം അമ്പതോളം രാജവംശങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നത്.

കുറച്ചു കൂടി വിപുലമായി എഴുതപ്പെടേണ്ടയിരുന്ന വിജ്ഞാന പ്രദമായ ഒരു വിഷയത്തെ വേലായുധന്‍ പണിക്കശ്ശേരി വല്ലാതെ ചുരുക്കിക്കളഞ്ഞുവെന്ന അഭിപ്രായത്തിന് സാംഗത്യമുണ്ട്.“പല രാജവംശങ്ങളും അവരുടേതായ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ മാഞ്ഞു പോയിട്ടുണ്ട്.അത്തരത്തിലുള്ള 51 രാജവംശങ്ങളെക്കുറിച്ചുള്ള പരാമര്‍ശനങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം. പോര്ച്ചുഗീസുകാർ, ഡച്ചുകാർ, മൈസുര്‍ സുല്‍ത്താന്മാര്‍, ഇംഗ്ലീഷുകാര്‍ എന്നിവരുടെ സ്വാധീനത്തെക്കുറിച്ച് അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്. ” എന്നാണ് സ്വപ്രയത്നത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.

സംഘസാഹിത്യത്തില്‍ ഉള്‍‌പ്പെട്ടു കിടക്കുന്ന ആയിരക്കണക്കായ കൃതികളില്‍ നിന്നാണ് ആദ്യകാല രാജവംശത്തെക്കുറിച്ചുള്ള സൂചനകള്‍ നമുക്ക് ലഭിക്കുന്നത്.പതിറ്റുപ്പത്ത്, എട്ടുത്തൊകൈ പിന്നീടുണ്ടായ ചിലപ്പതികാരം , മണിമേഖല തുടങ്ങിയ കൃതികളിലും കേരളീയ രാജവംശങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

കേരളം എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ അതിര്‍ത്തികളോടു കൂടിയ പ്രദേശമെന്ന് കരുതരുത്. തമിഴ്നാടും കേരളവുമൊക്കെ കൂടിച്ചേര്‍ന്നു കിടന്നിരുന്ന ഒരു കാലമായിരുന്നു അത്. അതുകൊണ്ട് ഇന്ന് കേരളമായിരിക്കുന്ന ഇടം എന്നേ ഇവിടെ അര്‍ത്ഥമാക്കേണ്ടതുള്ളു.

ആയ് , ചേര, ഏഴിമല രാജാക്കന്മാരെക്കുറിച്ചും ഏതാനും കുറുനില മന്നന്മാരെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ഈ കൃതികളില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.മക്കത്തായ രീതിയില്‍ തങ്ങളുടെ രാജ്യം ഭരിച്ചു പോന്ന അവര്‍ ജനഹിതത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്.

സംഘകാലത്ത് അതിശക്തമായ നിലനിന്നിരുന്ന ഒരു വംശമായിരുന്നു ആയ്. നാഗര്‍‌കോവില്‍ മുതല്‍ തിരുവല്ലവരെയുള്ള പ്രദേശം ആയ് രാജാക്കന്മാരുടേതായിരുന്നുവെന്ന് കരുതപ്പെടുന്നു. ബി സി ഇ അഞ്ഞൂറില്‍ തുടങ്ങി സി ഇ പത്താം നൂറ്റാണ്ടുവരെ ഈ രാജവംശം നിലനിന്നതായി പറയുന്നു. സി ആ 857 ല്‍ രാജാവായ കരുനന്ദടക്കനും പിന്നീടു വന്ന വിക്രമാദിത്യ വരഗുണനുമാണ് ഈ രാജവംശത്തിലെ അവസാന രാജാക്കന്മാരെന്നാണ് രേഖകള്‍ പറയുന്നത്.

അതിനു ശേഷം ആയ് രാജവംശം അവസാനിച്ചുവെന്ന് കരുതപ്പെടുന്നു. “ഭരണ സൌകര്യത്തിനുവേണ്ടി രാജ്യം പല നാടുകളായി വിഭജിച്ചിരുന്നു.തെങ്കനാട്,ഒമായനാട്,തൂമനാട്, പടൈപ്പനാട്, വള്ളുവനാട് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു.ഓരോ നാടിന്റേയും അധിപനായി ഓരോ കിഴവന്മാര്‍ നിയോഗിക്കപ്പെട്ടു.കിഴവനെ നാടുവാഴിയെന്നോ നാട്ടുപ്രമാണിയെന്നോ വിളിക്കാം.

നാണയങ്ങള്‍ കാശ്, ഈഴക്കാശ്. കരുംകാശ് പഴംകാശ് എന്നിങ്ങനെ അറിയപ്പെട്ടുപോന്നു.” ദീനാരം എന്ന പേരില്‍ റോമന്‍ നാണയവുമുണ്ടായിരുന്നുവെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.ആയ് രാജവംശം ചോളന്മാരുടെ ആക്രമണത്തോടെയാണ് അവസാനിച്ചു പോയതെന്ന് കരുതപ്പെടുന്നു.

മലബാറിലെ ഏഴില്‍മല കേന്ദ്രമായി നിലനിന്ന മറ്റൊരു രാജവംശമായിരുന്നു ഏഴില്‍മല. “കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് കടലിലേക്ക് തള്ളി നില്ക്കുന്ന 216 മീറ്റര്‍ ഉയരമുള്ള മലയാണ് ഏഴില്‍മല.അതിപ്രാചീന കാലം മുതല്‍ക്കേ ഈ മല കപ്പലോട്ടക്കാര്‍ക്ക് വഴികാട്ടിയായിരുന്നു. എ ഡി ആദ്യശതകങ്ങളില്‍ ഏഴില്‍ മല രാജ്യം പ്രശസ്തിയുടെ പാരമ്യത്തിലെത്തിയിരുന്നു.വടകര മുതല്‍ മംഗലാപുരം നീണ്ടുകിടക്കുന്നതായിരുന്നു ഈ രാജ്യം.ദീര്‍ഘമായ കടല്‍ത്തീരവും സുരക്ഷിതമായ തുറമുഖവും ഉണ്ടായിരുന്നതിനാലും സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായതിനാലും വിദേശ കച്ചവടക്കാരും നാവികരും ഇവിടേക്ക് ധാരാളമായി വന്നിരുന്നു” (പേജ് 16).

അക്കാലത്തെ രാജംവംശങ്ങളില്‍ ഒരു പക്ഷേ ഏറ്റവും ധനാഡ്യര്‍ ഏഴില്‍മലയായിരുന്നുവെന്നു വേണം കരുതാന്‍.വിദേശികളുമായുള്ള കച്ചവടത്തിലൂടെ ധാരാളം സമ്പത്തുകള്‍ കുന്നുകൂടാനിടയായി.അങ്ങനെ ലഭിക്കുന്ന സ്വര്‍ണനാണയങ്ങള്‍ രാജാക്കന്മാര്‍ ധാരാളമായി കുഴിച്ചിട്ടിരുന്നുവത്രേ.

നന്നനായിരുന്നു ഈ രാജവംശത്തിലെ ഏറെ പ്രസിദ്ധന്‍. അദ്ദേഹം ധാരാളം യുദ്ധങ്ങള്‍ നടത്തി വിജയശ്രീലാളിതനായിട്ടുണ്ടെന്ന് പുറനാനൂറിലും അകനാനൂറിലും രേഖപ്പെടുത്തിയിരിക്കുന്നു.നന്നന്റെ മലകള്‍ പൊന്നുവിളയുന്നതാണെന്നായിരുന്നു പ്രശസ്തി. എന്നാലും അദ്ദേഹത്തിന്റെ അവസാനകാലമായപ്പോഴേക്കും വീഴ്ചകള്‍ സംഭവിച്ചു.പരജായം രുചിക്കേണ്ടി വന്ന അദ്ദേഹത്തിന് വയനാടന്‍ കാടുകള്‍ അഭയം നല്കി. ഒരു ഇടവേളക്കു ശേഷം മടങ്ങി വന്നെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല നാര്‍മുടിച്ചേരനാല്‍ കൊല്ലപ്പെടുകയുമുണ്ടായി.

“തമിഴകത്തിന്റെ മധ്യഭാഗത്ത് കുട്ടനാടും കുടനാടും ചേര്‍ന്ന ചേരരാജ്യത്തില്‍ കിഴക്ക് കോയമ്പത്തൂര്‍ പഴനി വരെയുള്ള സ്ഥലങ്ങളും ഉള്‍‌പ്പെട്ടിരുന്നു.ചേര വംശത്തിന്റെ സ്ഥാപകന്‍ ആതനാണെന്ന് വിശ്വസിക്കപ്പെടുന്നു.” മൂന്നു പഴയ കാല രാജവംശങ്ങളില്‍ വെച്ച് ഏറ്റവും പ്രസിദ്ധി നേടിയിട്ടുള്ളത് ചേരസാമ്രാജ്യത്തിനാണ്.

ഓരോ ചേരരാജാക്കന്മാരെക്കുറിച്ചും വര്‍ണ്ണിച്ചു പാടുന്ന പതിറ്റുപ്പത്ത് എന്ന കൃതി ഈ രാജവംശത്തെക്കുറിച്ച് വെളിച്ചം പകരുന്നു. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചേരരാജാക്കന്മാര്‍ പേരുകേട്ടിരുന്നു.ഗ്രാമസഭകളിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങളെ അറിഞ്ഞ് അതനുസരിച്ചായിരുന്നു രാജ ഭരണം നടത്തിയിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പുസ്തകത്തില്‍ ചേരരാജാക്കന്മാരെപ്പറ്റിയാണ് ഏറ്റവുമധികം വിശദീകരിച്ചിരിക്കുന്നത്.

പിന്നീട് കേരളത്തില്‍ വിവിധ ഇടങ്ങളിലായി അധികാരത്തില്‍ വന്ന നിരവധിയായ രാജവംശങ്ങളെക്കുറിച്ചാണ് വേലായുധന്‍ പണിക്കശേരി ചര്‍ച്ച ചെയ്യുന്നത്. കുലശേഖര രാജവംശം, മൂഷകവംശം, വള്ളുവനാട്, സാമൂതിരി, കടത്തനാട്, വെട്ടത്തുനാട്, പഴശ്ശി, നെടുങ്ങാട് സ്വരൂപം, കവളപ്പാറ ഇളയിടത്ത് സ്വരൂപം, വടക്കുംകൂര്‍, കീഴ്മലനാട്, വേണാട്, ചെമ്പകശേരി , പന്തളം തുടങ്ങി ചെറുതും വലുതുമായ നിരവധി രാജവംശങ്ങളെക്കുറിച്ച് ഈ പുസ്തകം വിവരം നല്കുന്നു.

ഒരു രാജവംശത്തെക്കുറിച്ച് ഒന്നോ രണ്ടോ വരികളിലായും മറ്റു ചിലവയെക്കുറിച്ച് പല പേജുകളിലുമായി പ്രാധാന്യമനുസരിച്ച് എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം കേരളത്തിന്റെ കഴിഞ്ഞകാല ഭരണകാലങ്ങളെക്കുറിച്ച് ഒരു വിഗഹ വീക്ഷണം അനുവദിക്കുന്നു.
ഡി സി ബുക്സ് – വില 90 രൂപ

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement