Mon. Dec 23rd, 2024
കൊച്ചി:

വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ വലകളിൽ കുടുങ്ങുന്നതു തടയുന്നതിനായി ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് (ടെഡ്) ഘടിപ്പിക്കണമെന്ന ആവശ്യം നിറവേറ്റാത്ത പശ്ചാത്തലത്തില്‍ ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റിനു കീഴിലുള്ള നാഷനൽ മറൈൻ ഫിഷറി സർവീസിന്‍റെ നിർദേശ പ്രകാരമാണു വിലക്ക്. പരിഹാര നടപടി ആവശ്യപ്പെട്ടു സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഡ) കയറ്റുമതി സ്ഥാപനങ്ങൾക്കു കത്തു നൽകിയിട്ടുണ്ട്.

ശരാശരി 35,000 ടൺ ചെമ്മീനാണ് കേരളത്തില്‍ കടലിൽ നിന്നു പിടിക്കുന്നത്. അതിനാല്‍, പ്രതിസന്ധി കൂടുതൽ ബാധിക്കുന്നതു കേരളത്തെയാണ്. ചെമ്മീൻ കയറ്റുമതി മേഖലയും 3,800 ലേറെ വരുന്ന മത്സ്യബന്ധന ട്രോൾ ബോട്ടുകളും സമ്മര്‍ദ്ദത്തിലാകും.

അടിത്തട്ടിലെ മത്സ്യങ്ങളെ കോരിയെടുക്കുന്ന ട്രോൾ വലകളിൽ കടലാമകൾ കയറിയാലും അവയ്ക്കു രക്ഷപ്പെടാൻ കഴിയുന്ന സംവിധാനം സമുദ്ര ഗവേഷണ സ്ഥാപനമായ സിഫ്റ്റ് മുൻപു തന്നെ വികസിപ്പിച്ചിരുന്നു. എന്നാല്‍, ബോട്ടുകളിൽ ഇവ ഘടിപ്പിക്കുന്നതിൽ വീഴ്ച വന്നുവെന്നാണു വിലയിരുത്തൽ.

ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണു യുഎസ്. 2018ൽ ഇന്ത്യ കയറ്റുമതി ചെയ്ത 6,15,690 ടൺ ചെമ്മീനിന്‍റെ 36% യുഎസിലേക്കായിരുന്നു. അതിനാൽ വിലക്ക് ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്നാണ് ആശങ്ക.