Mon. Dec 23rd, 2024
കൊച്ചി:

ശബരിമല കയറുന്നതിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബിന്ദുവിനെ അക്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.

ഇന്നലെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നില്‍വെച്ചാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭന്‍ ബിന്ദുവിനു നേരെ മുളക് സ്പ്രേ പ്രയോഗിച്ചത്. ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇയാളെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.

പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമായതോടെ തൃപ്തി ദേശായിക്കൊപ്പം ശബരിമല കയറാന്‍ ബിന്ദു അമ്മിണിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജനുവരി രണ്ടിന് ശബരിമലയില്‍ പോകുമെന്ന പ്രസ്താവനയുമായി ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമായിരിക്കും യാത്രയെന്നും, പോലീസില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു വ്യക്തമാക്കി.