#ദിനസരികള്‍ 952
ഇന്ന് നവംബര്‍ ഇരുപത്തിയാറ്. 1949 ലെ ഇതേ ദിവസമാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിക്കുന്നത്. അതുകൊണ്ട് ഈ ദിവസം നാം ഭരണഘടനാ ദിനമായി അംഗീകരിച്ച് അനുസ്മരിക്കുന്നു. എല്ലാവര്‍ക്കും ഭരണഘടന ദിനാംശസകള്‍.
പിന്നീട് 1950 ജനുവരി 26 ന് നാം പൂര്‍ണമായി അംഗീകരിച്ച് നടപ്പില്‍ വരുത്തിയ ഭരണഘടന, അതുയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ഇനി എത്ര കാലം നമ്മെ സംരക്ഷിച്ചു നിറുത്തുമെന്ന് അറിഞ്ഞുകൂടാ. കാരണം ഇന്ന് ഒരു യുദ്ധകാലത്ത് ശത്രുരാജ്യത്തോട് പോരാടുന്നതിനെക്കാള്‍ വീര്യത്തോടെയാണ് ഭരണഘടനക്കെതിരെ അതു സംരക്ഷിച്ചു നിറുത്തുവാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ ആയുധമെടുത്ത് പോരാടാനിറങ്ങുന്നത്.
ഏകദേശം ഒന്നര നൂറ്റാണ്ടു കാലത്തെ തുടര്‍ച്ചയായ സമരങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹിതനിദര്‍ശനമായ ഇന്ത്യന്‍ ഭരണഘടന ഒരു ജനതയെന്ന നിലയില്‍ നാം ആര്‍ജ്ജിച്ചെടുത്ത മുഴുവന്‍ മൂല്യങ്ങളുടേയും സമാഹൃതരൂപമാണ്. ലോകം നമ്മെ നോക്കിക്കണ്ടതും ലോകത്തോട് വിളംബരം ചെയ്തതും വൈരുധ്യങ്ങളുടെ കമനീയമായ വിതാനങ്ങള്‍ക്കിടയിലും മനുഷ്യനെന്ന പൊതുബോധത്തെ ആവോളം ബഹുമാനിക്കുന്നവരാണ് നാം എന്ന നിലയിലാണ്.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ വിശേഷത എന്നാണ് ഓരോ തലമുറയേയും പഠിപ്പിക്കാന്‍ പരിശ്രമിച്ചത്. ആ തരത്തിലുള്ള നാനാത്വങ്ങളെയെല്ലാം, ചിലപ്പോഴെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോടെയാണെങ്കിലും, ഒരു കുടക്കീഴിലേക്ക് വലിച്ചു കയറ്റി നിറുത്തിയിരുന്ന മാസ്മരികതയായിരുന്നു നമ്മുടെ ഭരണഘടന. ആ ഭരണഘടനയെയാണ് ഇന്ന് രാജ്യത്തിന്റെ നിര്‍മ്മാണ വേളകളില്‍ യാതൊരു തരത്തിലുള്ള കൈപ്പാടുകളും തീര്‍ക്കാത്ത ഒരു കൂട്ടം വെറുപ്പിന്റെ വിദ്വേഷത്തിന്റെ ആശയം പ്രചരിപ്പിച്ചുകൊണ്ട് ജനതയെ വിഘടിപ്പിച്ച് അധികാരത്തിലെത്തി ഭരണഘടനയെത്തന്നെ ആക്രമിച്ച് അവസാനിപ്പിക്കാന്‍ ഉദ്യമിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് പോയ വര്‍ഷങ്ങളിലൊന്നും ഈ ദിവസം ആര്‍ജ്ജിച്ചെടുക്കാതിരുന്ന ഒരു സവിശേഷ ശ്രദ്ധ ഇന്ന് ഉണ്ടായിരിക്കുന്നത്.
നമ്മുടെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ പോലും അവ്യക്തമെങ്കിലും ആശങ്കാകുലമായ ചില അഭിപ്രായങ്ങള്‍ ഭരണഘടനയെക്കുറിച്ച് രേഖപ്പെടുത്തുന്നു. “അവരതു മാറ്റും” എന്നൊരു ഭീതി എല്ലാവരുടേയും മനസ്സില്‍ ചേക്കേറിയിരിക്കുന്നു.
നാളിതുവരെ ഭരണഘടന വായിക്കുകയോ അതിന്റെ ഇടപെടല്‍ രീതികളെക്കുറിച്ച് പഠിക്കുകയോ ചെയ്യാതിരുന്നവര്‍ പോലും മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു മൂല്യത്തെയാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മനസ്സിലാക്കിയിരിക്കുന്നു. അത് ഇതുവരെ ജനതക്കിടയില്‍ ഭരണഘടനാ പരമായി നടപ്പിലായ നിയമങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടുണ്ടായ ഒരു അവബോധമാണ്.
ആ അവബോധമാണ് ഇപ്പോള്‍ ആടിയുലഞ്ഞു കൊണ്ടിരിക്കുന്നത്.
ഈ ഗ്രാമീണരോടൊപ്പം ഭരണഘടന ആഴത്തില്‍ പഠിച്ചവരും കൈകോര്‍ക്കുന്നുവെന്നതാണ് ഭരണഘടന നേരിടുന്ന പ്രതിസന്ധി കേവലമൊരു ആശങ്ക മാത്രമല്ലെന്ന് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
അത് വേദനിപ്പിക്കുന്നുവെങ്കിലും വസ്തുതയാണ്. ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങള്‍ വല്ലാതെ ദുഷിച്ചിരിക്കുന്നു. അവര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഭരണഘടനയെത്തന്നെ അട്ടിമറിക്കാനാണ് വിനിയോഗിക്കുന്നത്.
ഒരു രാജ്യത്ത് രണ്ടു സാഹചര്യത്തിലാണ് ഭരണഘടന പ്രവര്‍ത്തിക്കാതെയിരിക്കുന്നത്.ഒന്ന് ജനം അത്രമാത്രം ധാര്‍മ്മികരും ജനാധിപത്യബോധ്യമുള്ളവരുമായി നിലകൊള്ളുന്ന ഒരിടത്ത് ഒരു ഭരണഘടന അപ്രസക്തമാണ്. രണ്ട് ഭരണഘടനയെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി നിഷേധിച്ചും നിരാകരിച്ചും അട്ടിമറിയ്ക്കപ്പെടുമ്പോള്‍. പക്ഷേ രണ്ടാമത്തെ ഇടത്ത് പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമുണ്ടാകുന്നു. ഭരണഘടന പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണമെന്ന മുറവിളികള്‍ ഉയരുന്നു. ജനം സ്വയമേവ തന്നെ ഭരണഘടനയ്ക്കു വേണ്ടി ആയുധമെടുക്കാനും പോരാടാനും തയ്യാറാകുന്നു.
രണ്ടാമത്തെ ചരിത്രപരമായ ദശാസന്ധിയിലേക്കാണ് നാം കൂപ്പുകുത്തുന്നത്. അതുകൊണ്ടുതന്നെ ഭരണഘടനയ്ക്കു വേണ്ടി പോരാടുക എന്നത് സ്വാതന്ത്ര്യ സമര കാലത്തെ പോരാട്ടങ്ങളെപ്പോലെതന്നെ പ്രസക്തിയും പ്രാധാന്യവുമുള്ളതാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക തന്നെവേണം.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.