Sat. Jan 18th, 2025

ലോക പെെതൃകവാരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ ഒരാഴ്ചയായി നടക്കുന്ന മുസിരീസ് ഹെറിറ്റേജ് വീക്ക് സമാപിച്ചു. ഈ മാസം 15 ന് ആണ് മുസിരീസ് ഹെറിറ്റേജ് തുടങ്ങിയത്. ചരിത്ര പ്രേമികള്‍ക്ക് മുസിരീസിന് ചുറ്റുമുള്ള പെെതൃകം ഒന്നുകൂടി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്.

പാലിയം പാലസ്, പാലിയം നാലുകെട്ട്, പറവൂര്‍ സിനഗോഗ്, ചേന്ദമംഗലം സിനഗോഗ്, കോട്ടപ്പുറം കോട്ട  എന്നീ മുസി രീസിന്‍റെ മ്യൂസിയങ്ങളിലാണ് പ്രദര്‍ശനം നടന്നത്. ഇതിനു പുറമെ ചേരമാംപറമ്പ് ആക്ടിവിറ്റി സെന്‍ററിലും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.ആദ്യമായിട്ടാണ് ഇത്രയധികം മ്യൂസിയങ്ങലില്‍ ലോക പെെതൃകവാരത്തോടനുബന്ധിച്ച് മുസിരീസില്‍ പല വിധത്തിലുള്ള പ്രദര്‍ശനങ്ങള്‍ നടത്തുന്നത്.

1523ല്‍ പോര്‍ച്ചുഗീസുകാര്‍ പണിത കോട്ടയാണ് കോട്ടപ്പുറം കോട്ട.  കോട്ടയില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളെല്ലാം ഹെറിറ്റേജ് വീക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2010-13 കാലഘട്ടത്തിലാണ്  കോട്ടയില്‍ പുരാവസ്തു ശേഖരണം നടത്താന്‍ തുടങ്ങിയത്. ഇവിടെ നിന്ന് കണ്ടെടുത്ത പാത്രങ്ങള്‍, ഫ്ലോര്‍ ടെെല്‍, റൂഫ് ടെെല്‍, സ്മോക്കിങ് പെെപ്പുകള്‍, വളപ്പൊട്ടുകള്‍, മുത്തുകള്‍, ചെെനീസ്, ഡച്ച് നാണയങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ടായിരുന്നു.

നൂറ്റാണ്ടുകളെ ഓര്‍മ്മിപ്പിക്കാന്‍ 20 വയസ്സുകാരനായ പോര്‍ച്ചുഗീസ് പട്ടാളക്കാരന്‍റെ അസ്ഥികൂടം കോട്ടയില്‍ ഇപ്പോഴും പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

പാലിയം കൊട്ടരത്തും, പാലിയം നാലുകെട്ടിലും കെെത്തറിയും, തലപ്പായ നെയ്ത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകപെെതൃകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

കൊച്ചി രാജാവിന്‍റെ പ്രധാനമന്ത്രിയായിരുന്നു പാലിയത്തച്ഛന്‍. കോട്ടപ്പുറം കോട്ട പിടിച്ചെടുക്കാന്‍ ഡച്ചുകാരെ സഹായിച്ചതിന് അവര്‍ നല്‍കിയ പാരിതോഷികമാണ് പാലിയം പാലസ്. ഇവിടെ ഇപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന വിളക്കുകളും, പാത്രങ്ങളും, ആഭരണപെട്ടിയും ഉള്‍പ്പെടെ സംരക്ഷിച്ചിട്ടുണ്ട്.

പെെതൃകം എങ്ങനെ സംരക്ഷിക്കപ്പെടണം, എന്തിനെല്ലാം വേണ്ടിയാണ് പെെതൃകം സംരക്ഷിക്കേണ്ടത് എന്ന അവബോധം കൊടുക്കുക എന്നുള്ളതാണ് ഈ മുസിരീസ് ഹെറിറ്റേജ് വീക്കിന്‍റെ ലക്ഷ്യം എന്ന് മുസിരീസ് മ്യൂസിയം മാനേജര്‍ ഡോ. മിഥുന്‍ സി ശേഖര്‍ പറ‍ഞ്ഞു. കുട്ടികളിലൂടെയാണ് ഈ വീക്ക് മുന്നോട്ട് കൊണ്ടുപോയത്. കുട്ടികളിലൂടെ പൊതുജനങ്ങലിലേക്ക് എത്തിക്കുന്ന എന്നുള്ളതാണ് ഞങ്ങള്‍ ഇതിലൂടെ ഉദ്ദേശിച്ചത്.

പാലിയം കോവിലകത്ത് നടത്തിയ തലപ്പായ നെയ്ത്തില്‍ എഴുപത് ശതമാനം കുട്ടികളും ഭിന്നശേശിക്കാരായിരുന്നുവെന്നും അവരുടെ കഴിവിനെ പരിപോഷിപ്പിക്കാന്‍ കൂടിയാണ് ഇത് സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam