Wed. Nov 6th, 2024
ന്യൂ ഡല്‍ഹി:

മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍ രഞ്ജന്‍ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന്  മാര്‍ഷല്‍മാരും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനാല്‍ ഇരു സഭകളും സ്തംഭിച്ചിരുന്നു. പ്രതിഷേധിച്ച എംപിമാരെ പുറത്താക്കുന്നതിനിടെ ഇതിലിടപ്പെട്ട് സംസാരിക്കുമ്പോഴാണ് രമ്യ ഹരിദാസിന് നേരെ കയ്യേറ്റശ്രമമുണ്ടായത്.

ബെന്നി ബെഹനാന് പരിക്കേല്‍ക്കുകയും, പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ടിഎന്‍ പ്രതാപനേയും ഹൈബി ഈഡനേയും സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തു. ഇത്തരത്തിലൊരു നടപടി ആദ്യമായിട്ടാണ്. സ്പീക്കര്‍ക്ക്  ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നത് കാത്തിരിക്കുകയാണെന്നും അധീര്‍ ര‍‍ഞ്ജന്‍ ചൗധരി പറഞ്ഞു.

സംഭവത്തില്‍ സ്പീക്കറുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തി. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. രമ്യ ഹരിദാസും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും ലോകസഭയും, ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.