Sat. Apr 20th, 2024
ഹോങ്കോങ്:

 
മാസങ്ങളോളമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തണുപ്പിച്ചുകൊണ്ട് ഹോങ്കോങ്ങില്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ അനുകൂല സ്ഥാനാര്‍ത്ഥികള്‍ വിജയം കൈവരിച്ചതായി പ്രാഥമിക ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവരെ പുറത്തു വന്ന കണക്കുകള്‍ പ്രകാരം ജനാധിപത്യാനുകൂല സ്ഥാനാര്‍ത്ഥികള്‍ 278 സീറ്റുകളിലും, ബീജിങ്ങ് അനുകൂലികള്‍ 42 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്.

നിശബ്ദ ഭൂരിപക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിച്ച ബീജിങ്ങ് അനുകൂലികള്‍ക്കും സര്‍ക്കാരിനും വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയത്. ബീജിംഗ് അനുകൂല സ്ഥാനാർത്ഥികൾക്ക് കൗൺസിൽ സീറ്റുകൾ നഷ്ടമായി. സീറ്റ് നഷ്ടപ്പെട്ട ഒരു ബീജിംഗ് അനുകൂല നേതാവ് ജൂനിയസ് ഹോ പറഞ്ഞു: “ആകാശവും ഭൂമിയും തലകീഴായി മാറിയിരിക്കുന്നു.”

“അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ട് നടന്ന തിരഞ്ഞെടുപ്പ് താരതമ്യേന ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിലായിരുന്നു എന്നു പറയുന്നതിൽ സന്തോഷമുണ്ട്.” ചീഫ് എക്സിക്യൂട്ടീവ് കാരി ലാം വോട്ടിംഗിനു ശേഷം പറഞ്ഞു.

4.1 ദശലക്ഷം ആളുകൾ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തു. ഇത് ജനസംഖ്യയുടെ പകുതിയിലധികം വരും. 71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 2015 ൽ 47 ശതമാനം ആയിരുന്നു.

തിരഞ്ഞെടുപ്പ് വേളയില്‍ പോലീസും, പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുകളോ, അക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.