Sun. Nov 17th, 2024
#ദിനസരികള്‍ 950

ഡോ. എം എം ബഷീറിന്റെ കവിത – തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ലേഖന സമാഹാരം കവിതയുടെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തെളിച്ചമുള്ള ഒരു വഴികാട്ടിയാണ്.കവിത വ്യക്തിപരമായ ഒരു സാന്ത്വനാനുഭവമാണ് എന്ന അഭിപ്രായം ബഷീറിനോളം എനിക്കില്ലെങ്കിലും കവിതയുടെ അടിസ്ഥാനശിലകളെക്കുറിച്ച് അവബോധമുണ്ടാക്കുവാന്‍ ഈ പുസ്തകം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നാം കൈകാര്യം ചെയ്യുന്ന ആയുധങ്ങളെക്കുറിച്ചുള്ള ധാരണ അതിനെ എത്രയൊക്കെ വ്യത്യസ്തമായ തരത്തില്‍ പ്രയോഗിക്കാന്‍ കഴിയുമെന്ന ധാരണയുണ്ടാക്കുമല്ലോ. അതുപോലെതന്നെ കവിതയുടെ രസക്കൂട്ടുകളെക്കുറിച്ചുള്ള അറിവും പുതിയ ഭാവുകത്വങ്ങളെ കൃതികളിലേക്ക് ആനയിച്ചുകൊണ്ടുവരാന്‍ കവികളെ പ്രാപ്തരാക്കുമല്ലോ.

“സാഹിത്യരചനയുടെ മാധ്യമം ഭാഷയാണ്. ഭാഷ സാഹിത്യ സൃഷ്ടിക്കുള്ള അസംസ്കൃത വസ്തു മാത്രമല്ല. ചിത്രകാരന് ചായങ്ങള്‍ പ്രയോജനപ്പെടുന്നതു പോലെയല്ല കവിക്ക് ഭാഷ പ്രയോജനപ്പെടുന്നത്.ചിത്രകലയില്‍ ചായങ്ങള്‍ മാധ്യമം മാത്രമാണ്.എന്നാല്‍ സാഹിത്യത്തില്‍ ഭാഷ മാധ്യമം എന്നതിനു പുറമേ കലാസൃഷ്ടിയുടെ കലാത്മകതയെ ശക്തിയായി സ്വാധീനിക്കുകയും ചെയ്യുന്നു.

ഭാവത്തിന്റെ പ്രത്യക്ഷീകരണത്തെ ഭാഷാപ്രയോഗ രീതിയില്‍ നിന്നും വേര്‍‌പെടുത്തിക്കാട്ടാന്‍ വിഷമമാണ്. ഈ സംയോഗമാണ് കവിതയെ മറ്റു സാഹിത്യരൂപങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി നിറുത്തുന്നതെന്ന്” ചിത്രകലയും കവിതയും എന്ന ലേഖനത്തില്‍ ബഷീര്‍ ചൂണ്ടിക്കാണിക്കുന്നത് നാം ശ്രദ്ധിക്കുക.ചിത്രകലയില്‍ നിറങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെട്ട് വികാരങ്ങളെ ഉത്പാദിപ്പിക്കുന്നുവോ അതേ തരത്തിലാണ് പദങ്ങള്‍ കവിതയിലും പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ട് “ ഉത്തമകലാസൃഷ്ടിയില്‍ വിഷയത്തിനും ഭാവത്തിനും അനുഗുണമായിരിക്കും മാധ്യമം. അത് ഭാവത്തെ സഹായിക്കുകയും പോഷിപ്പിക്കുകയും ചെയ്യും.മാധ്യമവും ഭാവവും പരസ്പരം യോജിക്കാതെ വരുമ്പോള്‍ കലാസൃഷ്ടി ചിത്രമാകട്ടെ കവിതയാകട്ടെ പരാജയപ്പെടുന്നു” എന്ന ബോധ്യം കവിതയിലേക്ക് കാലെടുത്തു വെയ്ക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.

ചിത്രകലയും കവിതയും എന്ന ലേഖനം നിര്‍മ്മാണപ്രക്രിയകളിലെ വിവിധ ഘടകങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. “സ്ത്രീക്കും പുരുഷനും പരസ്പരം തോന്നുന്ന മാംസനിബദ്ധമായ അഭിനിവേശം കാമം, ഹൃദയപരമായ ആഭിമുഖ്യം പ്രേമം അഭിമാനം ബഹുമാനം ദയ ആത്മാഹുതി മുതലായ മൃദുല വികാരസമന്വിതമല്ലാത്ത അഭിനിവേശം പ്രേമമല്ല, പക്ഷേ ശാരീരികാകര്‍ഷണവും ലൈംഗിക താല്പര്യവും പ്രേമത്തിലും സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നു.അങ്ങനെ പ്രേമം മനുഷ്യന് മാനസികവും ശാരീരികവുമായ ഉദാരസംതൃപ്തി നല്കുന്നു. പ്രേമഗാനങ്ങളെഴുതുന്ന കവികള്‍ ആ പ്രേമം നേരിട്ട് അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.പ്രേമത്തിനു തടസ്സമായി നില്ക്കുന്ന ശക്തികളെക്കുറിച്ച് ഭര്‍ത്സനം നടത്തുമ്പോഴും വിലപിക്കുമ്പോഴും വികാരത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുകയും അസംതൃപ്തി ഉയര്‍ന്നു പൊങ്ങുകയും ചെയ്യും.അനുഭവിക്കാന് കഴിയാത്ത പ്രേമാനുഭൂതികളും ലൈംഗികമുക്തിയും സ്വപ്നസമാനമായ കാവ്യാന്തരീക്ഷത്തില്‍ പുനസൃഷ്ടിച്ച് കവികള്‍ മനസ്സിന്റെ സമനില വീണ്ടെടുക്കുന്നു” എന്ന് ലൈംഗിക പ്രതീകങ്ങളില്‍ ബഷീര്‍ എഴുതുന്നത് സൃഷ്ടി പ്രക്രിയയില്‍ മനസ്സിന്റെ അബോധതലങ്ങള്‍ പ്രവര്‍‌ത്തിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

നേരിട്ടു കവികളേയും കവിതകളേയും ചെന്നു തൊടുന്നതിനു മുമ്പ് ആമുഖമായി എഴുതിയിരിക്കുന്ന രണ്ടു ലേഖനങ്ങളും കവിത എന്തൊക്കെ ചേര്‍ന്നാലാണ് കവിതയാകുക എന്നാണ് ചിന്തിക്കുന്നത്.എന്തിനേയും ഉള്‍‌ക്കൊള്ളുന്ന ഒരു എഴുത്തു രീതിയാണ് ബഷീറിന് ഉള്ളത് എന്നതുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നവ മാത്രമാണ് കവിതയുടെ ഘടകങ്ങള്‍ എന്നൊരു വാദം എവിടേയും ഉന്നയിച്ചു കാണുന്നില്ലെന്ന് മാത്രമല്ല, എണ്ണപ്പെടാവുന്നതിന് അപ്പുറമാണ് അവയെന്നുള്ള ധാരണയും അദ്ദേഹം വെച്ചു നീട്ടുന്നുണ്ട്.

ഈ പഠനത്തില്‍ ഊഷ്മളമായ വായനാനുഭവം സമ്മാനിക്കുന്നതെങ്കിലും പൊതുവേ പഠനങ്ങള്‍ കുറഞ്ഞുപോയ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി, അയപ്പപ്പണിക്കരുടെ കംതകം മുതലായ കവിതകളെക്കുറിച്ചുള്ള ലേഖനങ്ങളും അടങ്ങിയിരിക്കുന്നു.അതോടൊപ്പം ആധുനികകവിതയും ആധുനികാനന്തര കവിതയും ചെയ്തതെന്ത് എന്ന ലേഖനത്തില്‍ നാം നേരിട്ട് അനുഭവിച്ചതെന്ന് ഘോഷിക്കപ്പെടുന്ന രണ്ടു മേഖലകളെ ചര്‍ച്ചക്കെടുക്കുന്നു.ഈ ലേഖനത്തിന്റെ മുന്നില്‍ സ്വന്തം റിസ്കില്‍ വായിക്കുക എന്ന ബോര്‍ഡു തൂക്കുവാനുള്ള അവകാശം ഞാനെടുക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.