Sun. Dec 22nd, 2024
മുംബൈ:

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. എന്‍സിപി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കിയത്. എംഎല്‍എമാരുടെ കൃത്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും എന്‍സിപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും ഉദ്ദവ് താക്കറെ വെല്ലുവിളിച്ചു.

മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗബലം ഇല്ല. അവര്‍ ശിവസേന എംഎല്‍എമാരെ പിളര്‍ത്താന്‍ ശ്രമിച്ചു, പക്ഷേ മഹാരാഷ്ട്ര ഉറങ്ങിക്കിടക്കില്ലെന്നും യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഭരണഘടനയേയും മഹാരാഷ്ട്രയിലെ ജനവിധിയേയും അപമാനിക്കുന്ന നടപടിയാണ് ബിജെപി കൈക്കൊണ്ടത്. വിമത എംഎല്‍എമാര്‍ തന്നെ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.  മഹാരാഷ്ട്ര ഭരിക്കുക ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യമായിരിക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ജനാധിപത്യത്തിന്‍റെ പേരില്‍ ബിജെപി നടത്തുന്ന കുട്ടിക്കളി പരിഹാസ്യമാണ്, ഇത് തന്നെയാണ് അവര്‍ ഹരിയാനയിലും ബീഹാറിലും ചെയ്തത്. അവര്‍ പശതേച്ച് അവിടെ തന്നെ ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10-11 എംഎല്‍എമാര്‍ മാത്രമാണ് അജിത് പവാറിനെ പിന്തുണയ്ക്കുന്നത് അതില്‍ മൂന്നുപേര്‍ ഇപ്പോള്‍ത്തന്നെ എന്നോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരിപ്പുണ്ട്, നാലുപേര്‍ പിന്തുണയറിയിച്ചിട്ടുമുണ്ട്. നിയമസഭാ കക്ഷിയോഗം ചേരുന്നതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്താതിരുന്നതെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

എല്ലാതവണയും പോലെ കുതിരക്കച്ചവടം നടത്തിയാണ് ബിജെപി ഇത്തവണയും അധികാരത്തിലെത്തിയത്. യഥാര്‍ത്ഥ എന്‍സിപി പ്രവര്‍ത്തകര്‍ ഒരിക്കലും ബിജെപിക്കൊപ്പം പോവില്ല. അജിത് പവാര്‍ മാത്രമാണ് ബിജെപിക്കൊപ്പം കൈകോര്‍ത്തത്. ഞങ്ങള്‍ക്ക് ശിവസേനയ്ക്ക് കീഴിലുള്ള സര്‍ക്കാരാണ് വേണ്ടത്. ഞങ്ങള്‍ അതുമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറ‍ഞ്ഞു. അജിത് പവാര്‍ പാര്‍ട്ടി വിരുദ്ധ തീരുമാനമാണെടുത്തിരിക്കുന്നതെന്നും, അച്ചടക്ക ലംഘനം നടത്തിയെന്നും ശരദ് പവാര്‍ ആരോപിച്ചു.

ഏറെ നാളത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി അധിരകാരത്തിലെത്തിയിരിക്കുന്നത്. എന്‍സിപി പിളര്‍ത്തിക്കൊണ്ട് 22 എംഎല്‍എമാരുടെ പിന്തുണയോടെയാണ് അജിത് പവാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നതും, ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍, ഉപമുഖ്യമന്ത്രിയായതും. ഇന്നു പുലര്‍ച്ചെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച രാഷ്ട്രപതിഭരണം പിന്‍വലിച്ചത്.