Wed. Jan 22nd, 2025
കല്‍പ്പറ്റ:

ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എസ് എഫ് ഐ, കെ എസ് യു സംഘടനകളുടെ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. കളക്ടറേറ്റിന്‍റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പോലീസ് പുറത്താക്കി.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു ശേഷമാണ് എസ്എഫ്ഐക്കാര്‍ കളക്ടറേറ്റ് പരിസരത്തേക്ക് പ്രവേശിച്ചത്. സ്‌കൂള്‍ പിടിഐ പിരിച്ചുവിടണമെന്ന എസ്എഫ്ഐയുടെ ആവശ്യം ഡിഡിഇ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതായി നേതൃത്വം അറിയിച്ചു.

കെ എസ് യു പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിനു മുന്നില്‍ കിടന്നായിരുന്നു പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മതില്‍ ചാടിക്കടക്കുകയായിരുന്നു. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയപ്പോള്‍ പ്രശ്നം സംഘര്‍ഷഭരിതമാകുകയായിരുന്നു. ഇതിനു പുറമെ എംഎസ്എഫ്, എബിവിപി,എഐഎസ്എഫ്‌ എന്നീ സംഘടനകളും സമര പരിപാടികളുമായി വയനാട് കളക്ടറേറ്റില്‍ എത്തിയിരുന്നു.

അതെ സമയം, സ്കൂളിലെ പ്രിന്‍സിപ്പലിനെയും, ഹെഡ്മാസ്റ്ററെയും സസ്പെന്‍റ് ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതായിരുന്നു തീരുമാനം. ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയ സംഭവം ആരോഗ്യവകുപ്പ് അഡീഷണനല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. ഷഹലയ്ക്ക് അടിയന്തിര ചികിത്സ നല്‍കിയതില്‍ വീഴ്ചപറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിഎംഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥയ്ക്കും, ഷഹ്‌ലയുടെ മരണത്തിനും കാരണമായ അദ്ധ്യാപകര്‍ അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതുവരെ കുട്ടികള്‍ ക്ലാസ് ബഹിഷ്കരിക്കുമെന്നും അറിയിച്ചു.  വിഷയത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഷെഹലയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന തുടങ്ങി. ഇഴജെന്തുക്കളുടെ സാന്നിധ്യമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നാണ് കലക്ടറുടെ നിര്‍ദേശം. സ്കൂളുകളില്‍ പരിശോധന നടത്താന്‍ പത്തനംതിട്ട, ഇടുക്കി കലക്ടര്‍മാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ പരിസരങ്ങള്‍ ശുചീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. എല്ലാ സ്കൂളുകളിലും തദ്ദേശ സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തിര പിടിഎ മീറ്റിങ്ങ് ചേരാനും നിര്‍ദ്ദേശമുണ്ട്.