Sun. Dec 22nd, 2024
കാട്ടിക്കുളം:

കാട്ടിക്കുളം മുതൽ ആലത്തൂർ വരെ വീതി കൂട്ടി ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തി ഓ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്.

റോഡിൻ്റെ വീതി കൂട്ടുന്നതിനായി പൊതു ജന പങ്കാളിത്തത്തോടെ സ്ഥലം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടൽ നടത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് എം എൽ എ നൽകിയ നിവേദനം പരിഗണിച്ചാണ് ആദ്യഘട്ടമെന്ന നിലയിൽ ഒന്നേകാൽ കോടി രൂപ അനുവദിച്ചത്.

ഈ പ്രവൃത്തി നടക്കുന്ന ഭാഗത്തിന് ശേഷം വരുന്ന തിരുനെല്ലി വരെയുള്ള ഭാഗം സി ആർ എഫ് പദ്ധതി പ്രകാരം 15 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക രീതിയിൽ നിർമിക്കും.  ഈ റോഡ് പൂർണമായും പൂർത്തിയാകുന്നതോടെ മാനന്തവാടി ഭാഗത്ത് നിന്ന് എളുപ്പത്തിൽ തിരുനെല്ലിക്ക് എത്തിചേരാൻ കഴിയും. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് തിരുനെല്ലി പഞ്ചായത്തിൽ നടന്നു വരുന്നത്.

റോഡ് പ്രവൃത്തി ഉദ്ഘാടന യോഗത്തിൽ ജി മായാദേവി അധ്യക്ഷയായി,പി വി സഹദേവൻ, പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ, കെ സിജിത്ത്, സി കെ പുരുഷോത്തമൻ, ടി സി ജോസഫ് എന്നിവർ പങ്കെടുത്തു.