Wed. Jan 22nd, 2025
റിയാദ്:

സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ആദ്യ വര്‍ഷം സ്വദേശിവത്കരണം ബാധകമാവില്ലെന്ന് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം. സൗദിയിൽ പുതുതായി സംരംഭം തുടങ്ങുമ്പോൾ വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ഫൗണ്ടേഷന്‍ വിസയ്ക്കാണ് ഒരു വർഷത്തെ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദി തൊഴിൽവിപണിയെ സ്വദേശിവത്കരണത്തിൽനിന്ന് മോചിപ്പിക്കുകയാണെന്ന്‌ പറഞ്ഞുകൊണ്ടാണ് തൊഴിൽ, സാമൂഹികവികസന മന്ത്രി അഹമദ് അൽ റാജിഹ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രകാരം, പുതിയ സംരംഭം തുടങ്ങി 12 മാസംവരെ സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെടില്ല. ഈ കാലയളവ് സ്ഥാപനത്തെ സുസ്ഥിരമാക്കാനുള്ള സമയമാണ്.

അടുത്തമാസംമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ ‘ഖുവാ’ പോർട്ടലിലൂടെ സ്ഥാപനങ്ങൾക്കുള്ള ഫൗണ്ടേഷൻ വിസകൾ അനുവദിച്ചുതുടങ്ങും. ഫൗണ്ടേഷൻ വിസ ലഭിക്കാൻ സൗദിജീവനക്കാർ ഉണ്ടാവണമെന്ന് നിബന്ധനയില്ലെന്നും അഹമദ് അൽ റാജിഹ് വ്യക്തമാക്കി.

തൊഴിൽവിപണി സുതാര്യമാക്കാൻ 68 പദ്ധതികൾ മന്ത്രാലയം കഴിഞ്ഞ മാസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ സ്വകാര്യസ്ഥാപനങ്ങൾക്ക് സേവനങ്ങൾ നൽകാനായി 32 പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കാർഷികമേഖലകളിൽ അഞ്ചരലക്ഷംപേർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള പദ്ധതികളും സൗദിയില്‍ ആരംഭിച്ചിട്ടുണ്ട്.