Mon. Dec 23rd, 2024
#ദിനസരികള്‍ 945

 

1937 ല്‍ ഇന്ത്യക്കാരുടേതായ ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപപ്പെടുത്തുന്ന ഭരണഘടന ഇന്ത്യ ഗവണ്‍‌മെന്റ് ആക്ടിന് പകരം സ്ഥാപിക്കപ്പെടണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു വെച്ചു.”മഹത്തായ ഒരു ജനത സ്വന്തം സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ ഒരു ശക്തിയ്ക്കും ഗ്രേറ്റ് ബ്രിട്ടനു പോലും അവരുടെ വഴി തടയാനാകില്ല” എന്നാണ് ആ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പ്രഖ്യാപിക്കപ്പെട്ടത്.

അതുവരെ സ്വീകരിച്ചു പോന്ന വഴക്കങ്ങളുടേയും വിട്ടുവീഴ്ചകളുടേയും ഒരു തലത്തില്‍ നിന്നും ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ഏറെ മാറിത്തുടങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ നമ്മുടെ പങ്കാളിത്തം ബ്രിട്ടന്‍ ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചതന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.ഇന്ത്യയൊട്ടാകെ അത്തരമൊരു നീക്കത്തില്‍ പ്രതിഷേധിച്ചതും നാം കണ്ടു.ഇന്ത്യക്കാരുടെ ഈ അസംതൃപ്തി ലഘൂകരിക്കാനും ബ്രിട്ടനെ സഹായിക്കാനുള്ള മനസ്ഥിതി സൃഷ്ടിക്കുവാനും ലിന്‍ലിങ്തോ പ്രഭു ഓഗസ്ത് പ്രഖ്യാപനം 1940 ല്‍ – പ്രാതിനിധ്യ ഭരണഘടനാ നിര്‍മ്മാണ സഭ എന്ന ആശയം – കൊണ്ടുവന്നുവെങ്കിലും അതും നാം നിരാകരിച്ചു.

ഈ സാഹചര്യത്തിലാണ് നാം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടേമതിയാകൂ എന്ന മുദ്രാവാക്യം 1942 ഓഗസ്ത് 9 ന് മുന്നോട്ടു വെയ്ക്കുന്നത്. അതോടുകൂടി ദേശീയ നേതാക്കന്മാരെയെല്ലാം ബ്രിട്ടന്‍ അറസ്റ്റു ചെയ്യാന്‍ തുടങ്ങി.കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനമാകുമ്പോഴേക്കും നേതാക്കന്മാര്‍ ഒരുത്തരവിനെത്തുടർന്ന് മോചിപ്പിക്കപ്പെട്ടു.

യുദ്ധാനന്തരം ബ്രിട്ടനിലെ പൊതു അഭിപ്രായത്തിന് വലിയ മാറ്റം വന്നു. യാഥാസ്ഥിതികയ്ക്കു പകരം പുരോഗമനാത്മകമായ ഒരു നിലപാട് സ്വീകരിക്കാന്‍ അവര്‍ തയ്യാറായി.1946 ല്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായ ക്ലെമന്റ് ആറ്റ്‌ലി ക്യാബിനറ്റ് മിഷനെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലേക്ക് അയച്ചു. മന്ത്രിമാരായ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സ്, പെത്തിക് ലോറന്‍സ് പ്രഭു, എ വി അലക്സാണ്ടര്‍ എന്നിങ്ങനെ മൂന്നാളുകളായിരുന്നു മിഷനിലെ അംഗങ്ങള്‍.

കാബിനറ്റ് മിഷന്‍ ഇന്ത്യാ വിഭജനമെന്ന ആശയത്തെ തിരസ്കരിച്ചു. ആദ്യമൊക്കെ കാബിനറ്റ് മിഷന്റെ കാഴ്ചപ്പാടുകളെ മുസ്ലിംലീഗം അംഗീകരിച്ചുവെങ്കിലും പിന്നീട് സമ്പൂര്‍ണമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്.കോണ്‍ഗ്രസാകട്ടെ ഇന്ത്യക്ക് ഇന്ത്യയുടെ സര്‍ക്കാര്‍ എന്ന നിലപാടില്‍ നിന്നും പിന്നോട്ടു പോയില്ല.

പാകിസ്താന് വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. മുസ്ലിംങ്ങള്‍ക്ക് അവരുടേതായ ഒരു രാജ്യം എന്നതുകൊണ്ടല്ലാതെ തങ്ങള്‍ തൃപ്തിപ്പെടില്ലെന്ന് അവര്‍ അസഗ്നിദ്ധമായി പ്രഖ്യാപിച്ചു. സാമുദായിക കലാപങ്ങളും നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളുമെല്ലാം കൂടിയായപ്പോള്‍ 1946 സെപ്തംബര്‍ 2ാം തീയതി വൈസ്രോയി വേവല്‍ പ്രഭു ജവഹര്‍ ലാല്‍ നെഹ്രുവിനെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായും നെഹ്രുവുമായും അടുത്ത ബന്ധമുള്ള മൌണ്ട് ബാറ്റണ്‍ പ്രഭുവിനെ ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി 1947 ഫെബ്രുവരിയില്‍ നിയമിക്കുന്നത്. അതോടുകൂടി വിഭജനം എന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടു. 1947 ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം അനുസരിച്ച് ഇന്ത്യും പാകിസ്താനും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി നിലവില്‍ വന്നു.

അപ്പോഴേക്കും കാബിനറ്റ് മിഷന്റെ ചര്‍ച്ചകളനുസരിച്ച് 1946 ഡിസംബര്‍ 9 ന് 385 അംഗങ്ങളുമായി ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ( ഡോ. സച്ചിദാനന്ദ സിന്‍ഹയായിരുന്നു താല്കാലിക അധ്യക്ഷന്‍. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം , ഡിസംബര്‍ 11 ന് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു ) ഭരണഘടന നിര്‍മ്മാണ സഭ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.പാകിസ്താന്‍ വേറിട്ടു പോയതോടെ പതിനഞ്ച് വനിതകളടക്കം 299 അംഗങ്ങളായി മാറിയ ഈ സഭയുടെ നേതൃത്വത്തിലാണ് നാം നമ്മുടെ ഭരണഘടന തയാറാക്കിയത്. 15 വനിതകളും മൂന്നു കേരളീയരും ഉൾപ്പെടുന്ന ഭരണഘടനാ കമ്മറ്റി 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ചു.

1947 ആഗസ്ത് 29 ന് നിയമമന്ത്രിയായ അംബേദ്കറുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന കരടു കമ്മറ്റിയാണ് പതിമൂന്നോളം വിവിധങ്ങളായ ഭരണഘടനാ സബ്കമ്മറ്റികള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഭരണഘടന എഴുതിത്തയ്യാറാക്കിയത്.അങ്ങനെ തയ്യാറാക്കിയ കരടു രേഖയില്‍ 7635 ഭേദഗതികള്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടു.അവയില്‍ 2437 എണ്ണം സ്വീകരിക്കപ്പെട്ടു.

അങ്ങനെ രണ്ടു വര്‍ഷവും പതിനൊന്ന് മാസവും 18 ദിവസവും പ്രവര്‍ത്തിച്ച ഭരണ ഘടനാ നിര്‍മ്മാണ കമ്മറ്റി 1949 നവംബര്‍ 26 ന് അവസാന യോഗം ചേര്‍ന്ന് ഭരണഘടനയുടെ അന്തിമകരട് അംഗീകരിച്ചു. 1950 ജനുവരി ഇരുപത്തിയാറിന് ഇന്ത്യയിലെ ജനത ഭരണഘടന അംഗീകരിക്കുകയും നിലവില്‍ വരുത്തുകയും ചെയ്തു.

ഭരണഘടനയുടെ മുഴുവന്‍ അന്തസത്തയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആമുഖം തയ്യാറാക്കിയത് പണ്ഡിറ്റ് ജവഹര്‍ ലാലാണ്.നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെന്തൊക്കെയെന്ന് ആമുഖം അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

അതു കൂടി ഉദ്ധരിച്ചുകൊണ്ട് ആ ചര്‍ച്ച അവസാനിപ്പിക്കാമെന്ന് കരുതുന്നു. –“ നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.”

(റഫറന്‍സ് :- India Since Independence – ബിപിന്‍ ചന്ദ്ര
ഭാരതീയ ഭരണഘടന – എം വി പൈലി
ഭരണഘടനയെ അറിയാന്‍ – എ സുഹൃത് കുമാര്‍
The Indian Constitution: Cornerstone of a Nation – Granville Austin
ഇന്ത്യ – ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം
ഇന്ത്യന്‍ ഭരണ ഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍ – കാളീശ്വരം രാജ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.