Fri. Nov 22nd, 2024
ചെന്നൈ:

മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാരംഭിച്ച നിരാഹാര സമരം വിജയം കണ്ടു. ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.

ഡയറക്ടര്‍ തിരികെ വന്നാലുടന്‍ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നും ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.

എല്ലാ വകുപ്പുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുമെന്നും ഡീന്‍ വ്യക്തമാക്കി.

മദ്രാസ് ഐഐടിയിലെ സ്വതന്ത്ര സംഘടനയായ ചിന്താബാറിന്റെ നേതൃത്വത്തിലായിരുന്നു നിരാഹാര സമരം നടന്നത്. ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ്, അവസാന വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍ എന്നിവരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിക്കുക, വിദ്യാര്‍ത്ഥികളുടെ മാനസിക സംഘർഷത്തെ കുറിച്ചു പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കുക തുടങ്ങിയവയായിരുന്നു, സമരക്കാരുടെ ആവശ്യം.

മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിനി ആയിരുന്ന ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.