Wed. Jan 22nd, 2025

കച്ചേരിപ്പടി:

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം എന്ന ആവശ്യമുയര്‍ത്തി എറണാകുളത്ത് രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹം നാളെ പത്ത് മണിവരെയാണ്.

‘ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം’ എന്ന പേരില്‍ കേരളത്തിലെ മുഴുവന്‍ ദളിത് സംഘടനകളും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പേരാടുന്ന സംഘടനകളും, മനുഷ്യാവകാശ സംഘടനകളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

വാളയാര്‍ കേസ് അന്വേഷിച്ച ഡിവെെഎസ്പി  സോജന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുക, അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക, കേസ് സിബി െഎയെ കൊണ്ട് പുനരന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹ സമരം.

ഈ രണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ ശക്തമായ പോരാട്ടം നടത്താനാണ് സംഘടനകളുടെ തീരുമാനം.

എഴുത്തുകാരി സാറാ ജോസഫ്, സിസ്റ്റര്‍ അനുപമ,  ഗോമതി( പെണ്‍പിള ഒരു മെെ), പ്രൊഫ അരവിന്ദാക്ഷന്‍, മുിതര്‍ന്ന ദളിത് പ്രവര്‍ത്തകന്‍ കെ എ സലീം തുടങ്ങി പ്രമുഖര്‍  സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.

പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം ഒരുമിച്ച് കെെകോര്‍ത്ത് പിടിച്ച് സമരപ്രഖ്യാപനം നടത്തി. നീതി വേണം ..നീതി വേണം.. മനുഷ്യര്‍ക്കെല്ലാം നീതി വേണം എന്ന മുദ്രാവാക്യം വേദിയില്‍ അലയടിച്ചു.

‘കേരള സമൂഹം മറവി രോഗത്തിന്‍റെ അടിമകളാണ്. വളരെ പെട്ടന്ന് തന്നെ ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടി കളിക്കുന്നവരുമാണ്. ഒരു വിഷയം കിട്ടായല്‍ ഉടനെ തന്നെ അടുത്ത വിഷയം മറന്നുപോകുന്നവരാണ് പൊതുജനങ്ങളും മാധ്യമങ്ങളും ഉള്‍പ്പെടെ. ഈ സാഹചര്യത്തില്‍ വാളയാറിലെ കൊച്ചുകുട്ടികള്‍ക്ക് നേരെ നടന്ന കൊടുംക്രൂരതയെ അങ്ങനെ മറന്നു കളയാനോ മായ്ച്ച് കളയാനോ സാധ്യമല്ല, അതിനാല്‍ ഇത് ഊതികത്തിച്ച് പെരുപ്പിച്ച് നിര്‍ത്തണം’- സാറാ ജോസഫ് സമരത്തില്‍ പങ്കെടുത്ത്കൊണ്ട് പറഞ്ഞു.

പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് വെകുന്നേരം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് തുടങ്ങി ഹെെക്കോര്‍ട്ട് ജംങ്ഷന്‍ വരെ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

 

 

By Binsha Das

Digital Journalist at Woke Malayalam