Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ഇന്ത്യയുടെ 47ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ചുമതലയേറ്റു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കർ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാർ തുടങ്ങിയവര്‍ പങ്കെടുത്തു. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്ഡെ നേരത്തെ ബോംബെ ഹൈക്കോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു.

1956 ഏപ്രിൽ 24 ന് നാഗ്പൂരിൽ ജനിച്ച ബോബ്‍ഡെ ബിരുദം പൂർത്തിയാക്കിയ ശേഷം നാഗ്പൂർ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 1978 ൽ മഹാരാഷ്ട്രയിലെ ബാർ കൗൺസിലിൽ അംഗത്വം നേടുകയും, 1998 ൽ സീനിയർ അഡ്വക്കേറ്റായി നിയമിതനാവുകയും ചെയ്തു.

2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2012 ഒക്ടോബർ 16 ന് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

ഏറ്റവും കൂടുതൽ കാലം നിലനിന്ന, അയോധ്യ ഭൂമി തർക്ക കേസ് പരിഗണിച്ച അഞ്ച് ജഡ്ജിമാരുൾപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ബോബ്ഡെ.

2013 ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. ഇന്നു തന്നെ കോടതിയിലെത്തി ആദ്യ ദിവസത്തെ കേസുകള്‍ അദ്ദേഹം പരിഗണിക്കും. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്നലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയ് വിരമിച്ചത്.