കാഠ്മണ്ഡു:
അതിര്‍ത്തിപ്രദേശമായ കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി. കാലാപാനിയെ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയ സാഹചര്യത്തിലാണ് നേപ്പാള്‍ പ്രസിഡണ്ടിന്‍റെ പ്രതികരണം.
ഇന്ത്യ, നേപ്പാള്‍, ടിബറ്റ് അതിര്‍ത്തി മേഖലയിലുള്ള കാലാപാനി വിഷയത്തില്‍ പ്രതിഷേധം ശക്തമാകവെ ആദ്യമായാണ് പ്രധാനമന്ത്രി കെപി ഒലി പ്രതികരിക്കുന്നത്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ, നേപ്പാള്‍ യുവ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു രാജ്യം നേപ്പാളിന്‍റെ ഒരിഞ്ചു ഭൂമി കൈയ്യടക്കുന്നത് അനുവദിക്കില്ലെന്നും, ഇന്ത്യ നിര്‍ബന്ധമായും പിന്തിരിയണമെന്നും ഒലി വ്യക്തമാക്കി. കാലാപാനിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച ശേഷം ഇന്ത്യയുമായി ചര്‍ച്ച തുടരുമെന്ന് പറഞ്ഞ അദ്ദേഹം, തര്‍ക്ക പ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടമുണ്ടാക്കണമെന്ന നിര്‍ദ്ദേശം തള്ളി.
നേപ്പാളിന്‍റെ പടിഞ്ഞാറെ അറ്റത്തുള്ള കാലാപാനിയെ ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നേപ്പാളില്‍ ഭരണ-പ്രതിപക്ഷ കക്ഷി ഭേദമന്യേ പ്രക്ഷോഭം ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ മൂന്നു ദിവസം മുന്‍പ് പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. മുന്‍പ്രധാനമന്ത്രിമാരും, മുന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് വിഷയം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്.
ജമ്മു കാശ്മീരിനെ വിഭജിച്ച്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തിലാണ് ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയത്. തങ്ങളുടെ പരമാധികാര അതിര്‍ത്തി കൃത്യമായി നിര്‍ണ്ണയിക്കുന്ന ഭൂപടമാണിതെന്ന് ഇന്ത്യയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഒലിയുടെ പ്രസ്താവനയില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.