#ദിനസരികള്‍ 944
1909 ലെ മിന്റോ മോര്‍ലി പരിഷ്കാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലത്തില്‍ ഫലവത്തായ ഒരു വികേന്ദ്രീകരണം നടപ്പായില്ല.ബ്രിട്ടീഷ് ഉദ്യോഗസ്ഥ തലത്തിലുള്ള ഭരണം തുടര്‍ന്നു. ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലേക്കുള്ള എണ്ണം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കുവാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്നത് കാണാതിരുന്നുകൂട.
പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാക്കാരോട് ബ്രിട്ടീഷ് പാര്‍ലമെന്റ് സ്വീകരിച്ച സമീപനത്തിന്റെ ഫലമായി കൂടുതല്‍ അധികാരം കൈമാറുക എന്ന ലക്ഷ്യത്തെ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തെത്തുടര്‍ന്ന് മൊണ്‍ടേഗു ഇന്ത്യയിലെത്തി. അദ്ദേഹത്തിന്റെ വരവ് 1919 ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ടിന് വഴിതുറന്നു. ആക്ട് , ദ്വിഭരണ സമ്പ്രദായം ലക്ഷ്യം വെച്ചു. അതനുസരിച്ച് കൂടുതല്‍ അധികാരം വികേന്ദ്രീകരിക്കപ്പെടണമെന്ന നിര്‍ദ്ദേശമുണ്ടായി.
എം വി പൈലി എഴുതുന്നത് നോക്കുക “1919 ലെ നിയമം മുഖേനേ കുറെയൊക്കെ വികേന്ദ്രീകൃത ഭരണവും ജനാധിപത്യവല്‍ക്കരണവും നടന്നുവെങ്കിലും പ്രയോഗത്തില്‍ കാണപ്പെട്ട ഫലങ്ങളൊന്നും തന്നെ ജനങ്ങളെ ഉത്സാഹഭരിതരാക്കിയില്ല.എന്നു മാത്രവുമല്ല പതുക്കെ നിരാശയും അസംതൃപ്തിയുമാണ് ദൃശ്യമായത്.ഒരു ഭരണഘടനാ പരിഷ്കാരമെന്ന നിലയില്‍ ദ്വിഭരണം പരാജയപ്പെട്ടതാണ് ഒരു കാരണം.1919 നിയമത്തിലെ പ്രധാനപ്പെട്ട വശം പ്രവശ്യകളില്‍ ദ്വിഭരണം അവതരിപ്പിച്ചതായിരുന്നു.എന്നാല്‍ ഇത് പ്രയോഗത്തില്‍ വന്നപ്പോള്‍ ജനപ്രതിനിധികള്‍ക്ക് കാര്യമായ അധികാരങ്ങളൊന്നും കൈമാറിക്കൊടുത്തിരുന്നില്ല”
ഇത് കൂടുതല്‍ അവകാശത്തിനു വേണ്ടിയുള്ള മുറവിളികള്‍ക്ക് വഴിതുറന്നു. ഇന്ത്യയ്ക്ക് ഇന്ത്യക്കാരുടേതായ ഒരു ഭരണഘടന എന്ന പ്രഖ്യാപനമുണ്ടായി. രൂപീകരിക്കപ്പെട്ട നെഹ്റു കമ്മറ്റി വിശാലമായ ഇന്ത്യ എന്ന ആശയം മുന്നോട്ടു വെച്ചു.എല്ലാ അര്‍ത്ഥത്തിലും അത് സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വ് നല്കി.സ്വരാജ് എന്ന അഥവാ സ്വതന്ത്ര ഇന്ത്യ എന്ന ആവശ്യം കൂടുതല്‍ ശക്തമായി.അതിന്റെയെല്ലാം ഫലമായി 1930 മുതല്‍ 1932 വരെ മൂന്നു കൂടിയാലോചനകള്‍ നടന്നു.അവ ചരിത്രത്തില്‍ വട്ടമേശ സമ്മേളനങ്ങള്‍ എന്നറിയപ്പെടുന്നു.
തുടര്‍ച്ചയായി നടന്നുപോന്ന സമരപരിപാടികളും നിസ്സഹകരണ പ്രസ്ഥാനങ്ങളും മറ്റും ബ്രിട്ടീഷുകാരെ 1935 ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് കൊണ്ടുവരുന്നതിന് നിര്‍ബന്ധിതരാക്കി. ഫെഡറല്‍ ഘടന കൂടുതല്‍ ശക്തമാക്കി. അധികാരവികേന്ദ്രീകരണത്തിലെ പാളിച്ചകള്‍ നീക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളുണ്ടായി. പ്രഖ്യാപിച്ചിരുന്നതുപോലെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അധികാരവികേന്ദ്രീകരണത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
എം എന്‍ റോയിയെപ്പോലെയുള്ള ഇടതു ചിന്തകന്മാര്‍ ഇന്ത്യക്ക് ഇന്ത്യയുടേതായ ഭരണഘടനാ നിര്‍മ്മാണ സഭയെക്കുറിച്ച് വാചാലരായി. അതൊരു പുതിയ സ്വപ്നമായിരുന്നു. പിന്നീട് സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളില്‍ നാം കണ്ടത് അത്തരമൊരു സ്വപ്നത്തെ സാധിച്ചെടുക്കാനുള്ള പ്രയത്നങ്ങളായിരുന്നു.
1939 ആരംഭിച്ച രണ്ടാം ലോക മഹായുദ്ധം അന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കി.ഇന്ത്യക്കാരോട് യാതൊരു വിധ അഭിപ്രായവും തേടാതെ ഗവര്‍ണര്‍ ജനറലായിരുന്ന ലിന്‍ലിത് ഗോ പ്രഭു ബ്രിട്ടന്റെ നീക്കങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.തികച്ചും ഏകാധിപത്യ രീതിയിലായിരുന്നു ആ നടപടി. അതുവരെ നമ്മുടെ നേതാക്കള്‍ ബ്രിട്ടീഷുകാരോട് പുലര്‍ത്തിപ്പോന്നിരുന്ന ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.ഒരു തരം നിരാശയില്‍ നിന്നും ഉടലെടുത്ത പ്രതിഷേധത്തിലേക്ക് അവര്‍ വഴുതിവീണു.
കോണ്‍ഗ്രസ് 1939 ല്‍ നടത്തിയ പ്രസ്താവനയില്‍ ജനാധിപത്യത്തിന് വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ ബ്രിട്ടന്‍ ആദ്യംതന്നെ എല്ലാ കോളനി രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന ആവശ്യമുന്നയിച്ചു. പതിയെപ്പതിയെ ആ ആവശ്യത്തിന് ഒരു നിര്‍ദ്ദേശത്തിന്റെ സ്വാഭാവമുണ്ടായി, 1942 ആഗസ്ത് മാസം ഒമ്പതാം തീയതി ആ നിര്‍ദ്ദേശം ക്വിറ്റ് ഇന്ത്യ എന്ന കല്പനയായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആഞ്ഞടിച്ചു.
(തുടരും)
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.