Fri. Apr 26th, 2024
ന്യൂ ഡല്‍ഹി:

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മസ്ജിദ് നിര്‍മ്മാണത്തിനായി കോടതി നിഷ്കര്‍ഷിച്ച അ‍ഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്.

മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസില്‍ കക്ഷിയല്ലെങ്കിലും മുസ്‌ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ ഈ കേസിന്‍റെ ഭാഗമായിട്ടുണ്ട്. ഇതില്‍ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ഡും കേസില്‍ പുനഃപരിശോധന ഹര്‍ജിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് ആറ് കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡിന്‍റെ നീക്കം.

സമുദായത്തിന്‍റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. യോഗത്തില്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന പുനഃപരിശോധന ഹര്‍ജിക്കെതിരായ നിലപാട് വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത ഇ ടി മുഹമ്മദ് ബഷീര്‍, അസറുദ്ദീന്‍ ഉവൈസി എന്നിവര്‍ പുനഃപ്പരിശോധന ഹര്‍ജിക്കായി വാദിച്ചു. അയോധ്യ വിഷയത്തിലെ കോടതി നടപടികള്‍ ഇനിയും തുടരാനുള്ള സാധ്യതകളാണ് ഇതോടെ തെളിയുന്നത്.

ഈ മാസം ഒമ്പതാം തീയ്യതിയായിരുന്നു അയോദ്ധ്യ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്. തര്‍ക്ക ഭൂമി, രാമ ക്ഷേത്ര നിര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീംകോടതി വിധി.