Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളസര്‍വ്വകലാശാലയില്‍ മോഡറേഷന്‍ മാര്‍ക്കിലെ കൃത്രിമത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കും. നൂറിലധികം മാര്‍ക്ക് ലിസ്റ്റുകളാണ് അസാധുവാകുക. കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശം നല്‍കിയത്.

കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അനധികൃതമായി കടന്നുകയറി മോഡറേഷന്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്നതാണ് വിവാദം. 2016- 2019 കാലത്തെ  ബിഎ, ബിഎസ്‍സി പരീക്ഷകളില്‍ ക്രമക്കേട് നടത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് വിജയിപ്പിച്ചത്. സ്ഥലം മാറിപ്പോയ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചായിരുന്നു കൃത്രിമം. പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇഎസ് സെക്ഷനിലാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയുള്ള പോലീസ് അന്വേഷണത്തിലേ പൂര്‍ണ്ണ വിവരം ലഭിക്കുകയുള്ളൂ.

തോറ്റ പരീക്ഷ വീണ്ടും എഴുതുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനും, ഫീസ് അടക്കാനും സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ഓഫീസില്‍ എത്തുകയായിരുന്നു. എന്നാല്‍, ജയിച്ചതിനാലാണ് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.

വൈസ് ചാന്‍സിലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന തീരുമാനമുണ്ടായത്. മോഡറേഷന്‍ ക്രമക്കേടില്‍ ക്രൈബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഇന്നലെ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു.