ആലപ്പുഴ:
കേരളം 20,000 കോടി രൂപയുടെ ധനപ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തിൽ നൽകേണ്ട നഷ്ടവിഹിതം കേന്ദ്രസർക്കാർ നൽകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി വിഹിതമായ 1600 കോടി ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ പ്രതിസന്ധി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തെ ബാധിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിനുള്ള ധനവിഹിതത്തില്‍ 12,000 കോടിയുടെ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനു പുറമെ 5000 കോടിയുടെ കുറവു കൂടി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഇതോടെയാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നത്.
പ്രതിസന്ധി മറികടക്കാന്‍ 6,500 കോടി രൂപ വായ്പയെടുക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കാത്തത് കേരളത്തെ കൂടുതല്‍ സമര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്, എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇത് ബാധിക്കുന്നുണ്ട്, മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് ഇതിനെതിരെ പൊതു അഭിപ്രായം രൂപവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.