Mon. Dec 23rd, 2024
ന്യൂ ‍ഡല്‍ഹി:

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ആവശ്യവുമായി, വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നാളെ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും.

ഹോസ്റ്റല്‍ ഫീസ് ഭാഗികമായി പിന്‍വലിച്ചെങ്കിലും, നിലവിലെ ഫീസ് അംഗീകരിക്കാനാവില്ലെന്ന നിലപാട് വിദ്യാര്‍ത്ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ദ്ധനവായിരുന്നു ഉണ്ടായിരുന്നത്.

പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ വിവേകാന്ദ പ്രതിമ തകര്‍ക്കുകയും, വൈസ് ചാന്‍സലറുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദഹത് പോലീസ് കേസെടുത്തിട്ടുണ്ട്.

ഹോസ്റ്റല്‍ ഫീസ്, ഒറ്റയ്ക്കുള്ള റൂമിന് 20 ല്‍ നിന്ന് 600 ആയും, രണ്ടില്‍ കൂടുതല്‍ പേര്‍ താമസിക്കുന്ന മുറിക്ക് പത്ത് രൂപയില്‍ നിന്ന് 300 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. കൂടാതെ, മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5,500 എന്നത് 12,000 രൂപയാക്കുകയും, ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ത്ഥികള്‍ അടയ്ക്കണമെന്ന നിബന്ധന കൊണ്ടുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് അധികൃതര്‍ ഫീസ് വെട്ടിക്കുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍, ഹോസ്റ്റല്‍ അറ്റകുറ്റപ്പണിക്ക് വിദ്യാര്‍ത്ഥികള്‍ അടക്കേണ്ട തുകയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

നാളെയാണ് പാര്‍ലമെന്‍റില്‍ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ഡിസംബര്‍ 13 നാണ് സമ്മേളനം അവസാനിക്കുക.