ചെന്നൈ:
മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും.
ഫാത്തിമയുടേത് തൂങ്ങിമരണമാണെന്നും, മരണം പോലീസിലറിയിച്ചത് വാര്‍ഡന്‍ ലളിതയാണെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
അതെ സമയം, ഫാത്തിമയുടെ കുടുംബത്തിനെതിരെ ഐഐടി അധികൃതര്‍ പോലീസിന് കത്ത് നല്‍കിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സാമ്പത്തിക ശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം, മരണം വിവാദമാക്കുന്നതെന്നും, ഐഐടിയെ താറടിച്ചു കാണിക്കുന്നതെന്നുമാണ് കത്തിലെ പ്രധാന ആരോപണം. ഫാത്തിമ മുമ്പ് മറ്റു അധ്യാപകര്‍ക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കുകയും, ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും അന്വേഷണ സംഘം പരിശോധനയ്ക്കായി ഏറ്റെടുക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കേസില്‍ ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഐഐടി കാമ്പസില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.
മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍റ് ഡവലപ്‌മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ ക്യാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനടക്കം രംഗത്ത് വന്നിട്ടുണ്ട്.