തിരുവനന്തപുരം:
ഇരുചക്ര വാഹങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഉത്തരവിറക്കുമെന്ന് ചൊവ്വാഴ്ച കോടതിയെ അറിയിക്കും.
കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഇതിനു പിന്നാലെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെ, ഹെല്‍മെറ്റ് വേണ്ടെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞിരുന്നു.
ചൊവ്വാഴ്ച്ചക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഇല്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മോട്ടോര്‍ വാഹന നിയമ ലംഘനത്തിനുള്ള പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ഇതു പ്രകാരമാണ് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാക്കിയത്. എന്നാല്‍, മദ്യപിച്ച് വാഹനം ഓടിച്ചാലുള്ള പിഴത്തുക പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല. അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും, ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.