Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കാലം തെറ്റിയുള്ള മഞ്ഞു വീഴ്ചയും യാത്രാ തടസ്സവും ആശയവിനിമയ സംവിധാനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയതും കാരണം കശ്മീരില്‍ കനത്ത കൃഷി നാശം. ആപ്പിള്‍ കര്‍ഷകര്‍ക്ക് മാത്രം 7,000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് കശ്മീര്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നഷ്ടം പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുത്തി കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കശ്മീര്‍ താഴ്‌വര സന്ദര്‍ശിച്ച ഏഴംഗ പ്രതിനിധി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുന്‍ എംപി രാജു ഷെട്ടി, സാമൂഹ്യ ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ യോഗേന്ദ്ര യാദവ്, കര്‍ഷക നേതാവ് വിഎം സിങ് എന്നിവരുള്‍പ്പെടുന്ന അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രതിനിധി സംഘമാണ് കശ്മീര്‍ സന്ദര്‍ശിച്ചത്.

ചെറി, സബര്‍ജില്ലി, മുന്തിരി തുടങ്ങിയവയ്ക്കും കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. ആഗസ്ത് അഞ്ചിനു ശേഷമുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഗതാഗതം, വ്യവസായം, കച്ചവടം എന്നിവയെ കാര്യമായി ബാധിച്ചതെന്ന് പ്രതിനിധി സംഘം വിലയിരുത്തി.

കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം, ആപ്പിള്‍ കര്‍ഷകര്‍ക്ക് വാഹനങ്ങള്‍, കച്ചവടക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ആശയ വിനിമയം നഷ്ടമായിരുന്നു. ഗതാഗതത്തിലുള്ള തടസ്സം പഴങ്ങള്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത് കുറയാനും കാരണമായി.

ഗ്രാമങ്ങളിലേക്ക് ട്രക്കുകള്‍ കയറ്റാത്തതിനാല്‍ കര്‍ഷകര്‍ ആപ്പിളുകള്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാതായി. ഉല്‍പ്പന്നങ്ങള്‍ ഹൈവേ വഴിയാണ് അവര്‍ വിപണന കേന്ദ്രങ്ങളിലേക്കെത്തിച്ചു കൊണ്ടിരുന്നത്. ഇത് അധിക ചെലവ് സൃഷ്ടിച്ചെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐകെഎസ്‌സിസി)  യുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം നവംബര്‍ ഏഴുമുതല്‍ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഷോപ്യന്‍, രാംനഗര്‍, കെല്ലാര്‍, ജാംനഗര്‍, സെഡോ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും 80 ശതമാനത്തോളം നഷ്ടമാണുണ്ടായത്. 23,640 ഹെക്ടര്‍ വരുന്ന തോപ്പുകളില്‍ 35 ശതമാനവും നശിച്ചത് മഞ്ഞു വീഴ്ച കൊണ്ടാണെന്ന് സര്‍ക്കാരിന്റെ കണക്കില്‍ വ്യക്തമാക്കുന്നുണ്ട്.