Fri. Apr 19th, 2024
ന്യൂയോര്‍ക്ക്:

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ലോകത്ത് സമ്പന്നതയില്‍ ഒന്നാമനായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സ്ഥാനത്ത് തുടര്‍ന്ന ആമസോണ്‍ ഡോട്ട് കോമിന്‍റെ സിഇഒ, ജെഫ് ബെസോസിനെ പിന്നിലാക്കിയാണ് ബില്‍ ഗേറ്റ്സിന്‍റെ നേട്ടം.

ഒക്ടോബര്‍ 25ന് പെന്‍റഗണിന്‍റെ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാര്‍ ലഭിച്ചതോടെയാണ് മൈക്രോസോഫ്റ്റിന്‍റെ ഓഹരി വില 4 ശതമാനത്തോളം കുതിച്ചത്. ഇതോടെ ആമസോണിന്‍റെ ഓഹരി വിലയില്‍ രണ്ടുശതമാനം ഇടിവുണ്ടാവുകയും ചെയ്തു.

ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ബില്‍ ഗേറ്റ്‌സിന്‍റെ സമ്പത്ത് ഇതോടെ 110 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ബെസോസിന്‍റെ സമ്പത്ത് 108.7 ബില്യണ്‍ ഡോളറാവുകയും ചെയ്തു. നടപ്പ് വര്‍ഷം മൈക്രോസോഫ്റ്റിന്‍റെ ഓഹരി വിലയില്‍ 48 ശതമാനമാണ് വളര്‍ച്ചയുണ്ടായത്.

ബില്‍ ആന്‍റ് മെലിന്‍റ ഗേറ്റ്‌സ് ഫൗണ്ടേഷനുവേണ്ടി ബില്‍ ഗേറ്റ്സ് 35 ബില്യണ്‍ ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് ജെഫ് ബെസോസ് വിവാഹമോചിതനായത്. ഇതോടെ, 49 കാരിയായ ഭാര്യ മെക്കന്‍സിക്ക് ആമസോണ്‍ ഓഹരിയുടെ നാലിലൊരു ഭാഗം നല്‍കേണ്ടി വന്നു. ഇത് ബോസോസിന്‍റെ സമ്പത്തിനെ സാരമായി ബാധിച്ചു.