Wed. Jan 22nd, 2025

കൊച്ചി:

മെട്രോ നഗരമായ കൊച്ചിയില്‍ ഒരു ദിവസത്തെ എസി റൂം വാടക വെറും 395 രൂപയാണെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ആദ്യം ഒന്നമ്പരക്കും. കാരണം പെട്ടന്ന് കേട്ടാല്‍ ആര്‍ക്കും ഇത് വിശ്വസിക്കാനാകില്ല. എന്നാല്‍ പറഞ്ഞ് വരുന്നത് കൊച്ചി മെട്രോ തുച്ഛമായ വിലയ്ക്ക് നല്‍കുന്ന ഹൈടെക് താമസ സൗകര്യത്തെ കുറിച്ചാണ്. കൊച്ചി മെട്രോയുടെ എംജി റോഡ് സ്‌റ്റേഷനിലാണ് കുറഞ്ഞ ചിലവില്‍ ഡോര്‍മിറ്ററി സൗകര്യം ഒരുക്കിയിരിക്കുന്നത്.

അത്യാവശ്യത്തിന് ഒരു രാത്രിയൊക്കെ കൊച്ചിയിലെത്തുന്നവര്‍ക്ക് ഈ സൗകര്യം വളരെ ആശ്വാസം പകരുന്നതാണ്. എയര്‍ കണ്ടീഷന്‍ റൂം അല്ലെങ്കില്‍ പോലും 800ഉം ആയിരവും ഒക്കെ ഒറ്റരാത്രിക്ക് വാങ്ങുന്ന നഗരത്തിലെ ഈ സൗകര്യം എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്.

പീറ്റേഴ്‌സ് ഇന്‍ എന്ന പേരിലാണ് ഡോര്‍മിറ്ററി പ്രവര്‍ത്തിക്കുന്നത്. എക്കോണോമിക് ബിസിനസ് ക്ലാസിന്  ഉള്‍പ്പെടെ 400ലധികം കിടക്കകളാണ് ഇവിടെയുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 40 ടോയ്‌ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

ട്രെയിനിന്റെ മാതൃകയിലുള്ള ഡോര്‍മിറ്ററിയില്‍ സ്ത്രീകള്‍ക്കും ഫാമിലിക്കും പ്രത്യേകമായി കമ്പാര്‍ട്ടുമെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ശാന്തവും സുന്ദരവുമായ അന്തരീക്ഷമുള്ള ഡോര്‍മിറ്ററി സ്ത്രീകളുടെ സുരക്ഷിതത്ത്വത്തിനും ഊന്നല്‍ നല്‍കുന്നു.

റീഡിങ്ങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, ഫ്രീ വൈഫൈ, ലോക്കര്‍, തുടങ്ങിയ സംവിധാനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. മാത്രമല്ല താമസക്കാര്‍ക്ക് 10 രൂപക്ക് ഏത് സമയത്തും കോഫി, ഭക്ഷണം കഴിക്കാന്‍ പ്രത്യേകമായ സ്ഥലവും ബങ്ക് ബെഡ്‌സില്‍ ഒരുക്കിയിട്ടുണ്ട്.

ബിസിനസ് ക്ലാസിന് വാടക 595 രൂപയാണ്. ഇത് കാര്‍പെറ്റഡ് ഏരിയയാണ്. ഇവിടെ ഓരോ ബെഡിനും റീഡിങ്ങ് ലൈറ്റ്, ഓരോരുത്തര്‍ക്കും മൊബൈല്‍ ചാര്‍ജിങ് പോയിന്‍റ്  തുടങ്ങി കുറച്ച് കൂടുതല്‍ സൗകര്യങ്ങളുണ്ട്.

പത്ത്, പതിനഞ്ച് പേരടങ്ങുന്ന സംഘം ഒരുമിച്ച് താമസത്തിനായി എത്തിയാല്‍ പ്രത്യേക ഇളവുകളും ഇവിടെ നല്‍കുന്നുണ്ട്.

ഡോര്‍മിറ്ററിയുടെ നടത്തിപ്പുചുമതല പീറ്റേഴ്‌സ് ഇന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഫ്രാന്‍സിസ് മുക്കാണിക്കലിനാണ്. രാത്രി ഏഴിനു ചെക്ക് ഇന്‍ ചെയ്താല്‍ രാവിലെ എട്ടു മണി വരെ ഇവിടെ കഴിയാം. പകല്‍ സമയ വിശ്രമത്തിനും ഡോര്‍മിറ്ററിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള മുറികളാണ് ഡോര്‍മിറ്ററിയുടെ പ്രത്യേകത. ഇന്ത്യയില്‍ മെട്രോ സ്റ്റേഷന്‍ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോര്‍മിറ്ററിയാണിത്.

ഈ മെട്രോ സ്റ്റേഷനില്‍ ഇങ്ങനൊരു സേവനം തുടങ്ങാനുള്ള പ്രധാന കാരണം കൊച്ചി വെരി എക്സ്പെന്‍സീവ് ആയതുകൊണ്ടാണെന്ന് ഫ്രാന്‍സിസ് മുക്കാണിക്കല്‍ പറഞ്ഞു.

സ്റ്റാര്‍ റേറ്റിങ്ങോട് കൂടിയ യൂറോപ്യന്‍ മോഡല്‍ ബങ്ക് ബെഡ്സ് ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഡോര്‍മിറ്ററി അല്ലെന്നും സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയിട്ടുള്ള വ്യത്യസ്ഥ ക്യാബിന്‍സ് ആണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ഫ്രാന്‍സിസ് മുക്കാണിക്കല്‍ വ്യക്തമാക്കി.

കൊച്ചിയെ പോലുള്ളൊരു മെട്രോനഗരത്തില്‍ 395 രൂപയ്ക്ക് ഒരു ഏസി റൂം നല്‍കുക  എന്ന് പറയുന്നത് അവിശ്വസനീയമാണ്. ഇവിടെ നിന്ന് മികച്ച സേവനമാണ് ലഭിക്കുന്നതെന്നും. ഇവിടെ വരുമ്പോള്‍ തനിക്ക് വീടിന്‍റെ ഒരു അന്തരീക്ഷം ലഭിക്കാറുണ്ടെന്നും പാലക്കാട് നിന്നുള്ള ഉപയോക്താവായ ജിപി ദിനേശ് കുമാര്‍ പറഞ്ഞു.