Wed. Jan 22nd, 2025
ബംഗളൂരു:

കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ഒഴികെയുള്ളവരാണ് ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികളാവും. അംഗത്വം നേടിയ പതിമൂന്നുപേരെ ഉള്‍ക്കൊള്ളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. അയോഗ്യരാണെങ്കിലും എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് എംഎല്‍മാര്‍ ബിജെപി അംഗത്വം സ്വീകരിച്ചതും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതും.

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവരാണ് വിമത എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ അംഗത്വം നല്‍കിയത്.

ഐഎംഎ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് ശിവാജിനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ബിജെപിയില്‍ ചേരാത്തത്. എന്നാല്‍ മറ്റ് വിമതര്‍ക്കൊപ്പം തന്നെ താനും ബിജെപിയില്‍ ചേരുമെന്ന് റോഷന്‍ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. റോഷന്‍ ബെയ്ഗും ഉടന്‍ തന്നെ പാര്‍ട്ടിയിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കര്‍ണാടകയില്‍ ഭരണപ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്.

എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ അയോഗ്യതയുടെ സമയ പരിധി നിശ്ചയിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. 2023 വരെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു സ്പീക്കറുടെ ഉത്തരവ്.