Mon. Dec 23rd, 2024

ബ്രസീല്‍:

ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ബ്രസീലും സെമി ഫൈനലില്‍  പ്രവേശിച്ചു. ഫ്രാന്‍സ് സ്‌പെയിനിനെ 6-1 തകര്‍ത്ത് സെമി ഉറപ്പിച്ചപ്പോള്‍ ഇറ്റലിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ ജയം.

നവംബര്‍ 15ന് നടക്കുന്ന സെമിയില്‍ ബ്രസീലും ഫ്രാന്‍സും ഏറ്റുമുട്ടും. നേരത്തെ നെതര്‍ലന്‍ഡ്‌സും മെക്‌സിക്കോയും സെമിയില്‍ കടന്നിരുന്നു.

ഫ്രാന്‍സ് അത്യുഗ്രന്‍ പ്രകടനമാണ് സ്പെയിനിനെതിരെ പുറത്തെടുത്തത്. എംബുക്കു, ലിഹാജി, കൊവാസി. തിമോത്തി പെംബലെ, ജോര്‍ജിനോ റട്ടര്‍, ആദില്‍ ഔക്കിഷെ എന്നിവരാണ് ഫ്രാന്‍സിനുവേണ്ടി ഗോള്‍ അടിച്ചുകൂട്ടിയത്. കരാബിനെറ്റ്  സ്‌പെയിനിനുവേണ്ടി ഗോളുകള്‍ നേടി.

ഇറ്റലിയും ബ്രസീലും ഒപ്പത്തിനൊപ്പം മാറ്റുരച്ച പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പം ആകും എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, രണ്ട് ഗോളുകളിലൂടെ ഇറ്റലിയുടെ വലകുലുക്കി ബ്രസീല്‍ വിജയം നേടി സെമിയിലേക്ക് കടക്കുകയായിരുന്നു.

ഡോസ് റെയ്‌സ്, മാര്‍ട്ടിന്‍സ് പെഗ് ലോ എന്നിവരാണ്  ബ്രസീലിനു വേണ്ടി ഗോളുകള്‍ നേടിയത്.

ഇറ്റലിക്ക് ഗോള്‍ നേടാന്‍ ഒരുപാട് അവസരം ലഭിച്ചെങ്കിലും അതെല്ലാം ടീം പാഴാക്കുകയായിരുന്നു. മുന്നേറ്റനിര അവസരത്തിനൊത്തുയരാത്തതാണ് ഇറ്റലിയുടെ തോല്‍വിക്ക് കാരണമായത്.

 

 

By Binsha Das

Digital Journalist at Woke Malayalam