Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിർണായകമാകും.

പൊതു താൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കോടതി പറഞ്ഞു.

ഡൽഹി ഹൈക്കോടതി വിധി ഭരണ ഘടനാ ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ശരിവച്ചപ്പോൾ രണ്ടു പേർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണമെന്നും, എന്നാല്‍ സുതാര്യതയുടെ പേരിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുകതെന്നും കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകരണമായി വിവരാവകാശനിയമത്തെ കാണരുതെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നു 2010 ജനുവരിയിലാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. അതിനെതിരെ സുപ്രീം കോടതി സെക്രട്ടറി ജനറൽ നൽകിയ ഹർജി ഏപ്രിൽ 4ന് വിധി പറയാൻ മാറ്റിയതാണ്.

ചീഫ് ജസ്റ്റിസ്സിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് കോടതിയെ സമീപിച്ചത്.