Fri. Nov 22nd, 2024
ന്യൂ സൗത്ത് വെയില്‍സ്:

 
കിഴക്കന്‍ ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നതിനാല്‍ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പെടെ പ്രശ്നബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. തീ പടരുന്നത് തടയുന്നതില്‍ അഗ്നിശമന സേന പരാജയപ്പെട്ട സാഹചര്യത്തിലാണ് ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനമായത്. ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിതിഗതികളില്‍ നേരിയ ആശ്വാസം ഉണ്ടായെങ്കിലും വടക്കന്‍ മേഖലയിലുള്ള ക്വീന്‍സ് ലാന്‍റില്‍ വരണ്ട ഉഷ്ണക്കാറ്റ് വീശുന്നത് അധികൃതരില്‍ ആശങ്കയുണ്ടാക്കുന്നു.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വടക്കന്‍ ബാരിസ്ബെയ്നിലെ നൂസയില്‍ നിന്നടക്കം ആളുകള്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വേനല്‍ക്കാലത്ത് ഇത്തരത്തില്‍ പൊന്തക്കാടുകളില്‍ തീപിടിക്കുന്നത് ഓസ്ട്രേലിയയില്‍ പതിവാണ്. ഇത്തവണ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിക്കുകയും, 2.5 മില്യണ്‍ ഏക്കറോളം വരുന്ന കൃഷിയിടങ്ങളും പൊന്തക്കാടുകളും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.

വിനാശകരമായ ഈ പ്രതിഭാസം തുടരുന്നതിനാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.