Fri. Apr 26th, 2024
ദുബായ്:

ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ അ​ബു​ദാ​ബി​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. നിർമാണമേഖലകളിൽ നിന്നു ലോഹ ഷീറ്റുകളും മറ്റും പറന്നുവീണു വാഹനങ്ങൾക്കു കേടുപറ്റി. ക്രെയിനുകൾ നിലം പതിച്ചു. ലൂ​വ്ര് അ​ബു​ദാ​ബി മ്യൂ​സി​യ​ത്തി​ൽ വെ​ള്ളം ക​യ​റുകയും ചെയ്തു. യുഎഇയിലെ ചില സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കാരണം ചില വിമാന സര്‍വ്വീസുകളും, വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പ്രധാന ഷോപ്പിങ് മാളുകളിലടക്കം വെള്ളം കയറി. മുകൾഭാഗത്തു നിന്ന് കുത്തിയൊഴുകിയ വെള്ളം തടയാൻ തൊഴിലാളികൾ രംഗത്തിറങ്ങി. സന്ദർശകർ മൊബൈലിൽ പകർത്തിയ, ലോകത്തിലെ പ്രമുഖ വ്യാപാര സമുച്ചയത്തിലെ ചോർച്ച സാമൂഹിക മാധ്യമത്തിലൂടെ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

വടക്കന്‍  ഇറാനിൽ രൂപംകൊണ്ട തീവ്രമായ ന്യൂനമർദ്ദത്തിന്‍റെ ഫലമായി ഒമാന്‍റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിൽ ആണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ചക്ക് ഉണ്ടായ തടസ്സം നിരത്തുകളിലെ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.