Fri. Apr 19th, 2024
ന്യൂ ഡല്‍ഹി:

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കളാണ് സേനയെ പിന്തുണയ്ക്കുന്നതിന് എതിരു നില്‍ക്കുന്നത്.

അതേസമയം സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഭൂരിഭാഗവും ബിജെപിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ സേനയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ ജയ്പുരില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരോട് വൈകിട്ട് ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പിന്തുണച്ചാല്‍ മാത്രമേ ശിവസേനയെ തുണയ്ക്കു എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയതോടെ എല്ലാ കണ്ണുകളും സോണിയാ ഗാന്ധിയിലാണ്. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് എന്‍സിപി നേതൃയോഗത്തിനു ശേഷം ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍നിന്നു ബിജെപി പിന്മാറിയതിനെ തുടര്‍ന്നാണ് ശിവസേനയെ പിന്തുണയ്ക്കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ തീരുമാനമെടുക്കാന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

സേനയെ പിന്തുണയ്ക്കുന്ന വിഷയത്തില്‍ സോണിയയ്ക്ക് വ്യക്തിപരമായി എതിര്‍പ്പാണ്. സേനയെ പിന്തുണയ്ക്കുന്നത് ഇതുവരെ കോണ്‍ഗ്രസ് പിന്തുടര്‍ന്നു പോന്ന നയങ്ങള്‍ക്കു വിരുദ്ധമാകുമെന്ന ആശങ്കയാണു നേതൃത്വത്തിനുള്ളത്.

മഹാരാഷ്ട്രയില്‍നിന്നുള്ള മുന്‍ മുഖ്യമന്ത്രിമാരുമായും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുമായും സോണിയാ ഗാന്ധി നടത്തുന്ന കൂടിക്കാഴ്ചയില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണു സൂചന.

ബിജെപി ചാക്കിട്ടു പിടിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പുരിലെ റിസോര്‍ട്ടിലാണ്. ബിജെപിയെ ഒഴിവാക്കി രൂപീകരിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവരില്‍ ഭൂരിഭാഗവും അനുകൂലമാണെന്നാണു റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരാണ് ആഗ്രഹിക്കുന്നതെന്നും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കു ഭരണത്തിലേക്കു പോകരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മഹാരാഷ്ട്രയിലെ നേതാക്കള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നു ചര്‍ച്ച ചെയ്യുമെന്നു മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഖാര്‍ഗെ തള്ളി. പ്രതിപക്ഷത്തിരിക്കുകയെന്നാണ് പൊതുനിലപാടെന്നും ഹൈക്കമാന്‍ഡിന്‍റെ തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും ബിജെപി സര്‍ക്കാരുണ്ടാക്കിയതു ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍, ശിവസേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, സേനയെ പിന്തുണയ്ക്കുന്നത് ദുരന്തമാകുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കി.

കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയാണു വേണ്ടതെന്നും, ആരു സര്‍ക്കാരുണ്ടാക്കിയാലും അധികകാലം ഭരിക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷം തന്നെ തിരഞ്ഞെടുപ്പുണ്ടാകും അപ്പോള്‍ കോണ്‍ഗ്രസിന് ശിവസേനയ്‌ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമോ എന്നും സഞ്ജയ് നിരുപം ആശങ്ക പ്രകടിപ്പിച്ചു.

സഖ്യ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ എന്‍സിപി മുന്നോട്ടു വച്ച ഉപാദികള്‍ ശിവസേന സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എന്‍ഡിഎ വിടാന്‍ ശിവസേന തീരുമാനിച്ചതും, കേന്ദ്ര മന്ത്രിയായിരുന്ന അരവിന്ദ് സാവന്ത് മന്ത്രിസ്ഥാനം രാജിവെച്ചതും.

ഇതിനു പിന്നാലെയാണ് ശിവസേന നേതാവ് സ‍ഞ്ജയ് റാവത്ത്, സോണിയ ഗാന്ധിയെയും, ശരത് പവാറിനെയും സന്ദര്‍ശിക്കുന്നത്. ശിവസേനയ്ക്ക് പിന്തുണ നല്‍കണോ, വേണ്ടയോ എന്ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഈ യോഗത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ, അതോ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.