Fri. Nov 22nd, 2024
#ദിനസരികള്‍ 933

 
സഹിഷ്ണുതയില്‍ അടിയുറച്ചതാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ചിന്ത എന്ന നിലയില്‍ ധാരാളം പ്രചാരണങ്ങള്‍ കാണാറുണ്ട്. ഉപനിഷത്തുകള്‍ ഘോഷിച്ച ഏകത്വദര്‍ശനവും സഹനാവവതു സഹനൌ ഭുനക്തു, സഹവീര്യം കരവാവഹൈ, തേജസ്വീ നവധീതമസ്തു മാ വിദ്വിഷാവഹൈ എന്ന പ്രാര്‍ത്ഥനയും ആ വാദത്തിന് ഉപോദ്ബലകങ്ങളായ തെളിവുകളായി നാം ഉയര്‍ത്തിക്കാണിക്കാറുമുണ്ട്.

ഒരു പടികൂടി കടന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത വിശ്വസിക്കുന്ന ഹിന്ദുമതം ഈ സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും പ്രതീകമാണെന്നും അതുകൊണ്ടുതന്നെയാണ് ഇവിടെ അന്യമതവിശ്വാസികള്‍ക്കും മറ്റും ഒരപകടവും കൂടാതെ ജീവിച്ചു പോകാന്‍ കഴിയുന്നതെന്നും ചിലര്‍ കരുതുന്നു. മഹാത്മാഗാന്ധി ഞാനെന്തുകൊണ്ട് ഹിന്ദുവാണ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

“എനിക്കറിയാവുന്ന എല്ലാ മതങ്ങളെക്കാളും സഹിഷ്ണുതയുള്ളതാണ് ഹിന്ദുമതമെന്ന് നിരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ സിദ്ധാന്തങ്ങളില്‍ നിന്നുള്ള മോചനം എന്നിലുണ്ടാക്കിയത് ശക്തമായൊരു ആകര്‍ഷണമാണ്, അതിന്റെ ആരാധകര്‍ക്ക് ആത്മപ്രകാശനത്തിനുള്ള മഹത്തായ സാധ്യതയും അത് നല്കുന്നുണ്ട്. നിഷേധാത്മകമായ ഒരു മതല്ല അതെന്ന നിലയ്ക്ക് അതിന്റെ അനുയായികള്‍ക്ക് മറ്റു മതങ്ങളെ ബഹുമാനിക്കാനുള്ള കഴിവു നല്കുന്നു.

എന്നു മാത്രവുമല്ല ഇതരവിശ്വാസപ്രമാണങ്ങളില്‍ നല്ലതേതാണോ അതിനെ വിശ്വസിക്കാനും സ്വാംശീകരിക്കാനും അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങളിലും പൊതുവേ അഹിംസയാണ് ഉള്ളതെങ്കിലും അതിന്റെ അത്യുന്നതമായ ആവിഷ്കാരവും പ്രയോഗവും നിലവിലുള്ളത് ഹിന്ദുമതത്തിലാണ്. ഹിന്ദുമതം അഖണ്ഡതയില്‍ വിശ്വസിക്കുന്നു.

അത് മനുഷ്യജീവിതത്തിന്റെ അഖണ്ഡതയില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും അഖണ്ഡതയാണത് വിശ്വസിക്കുന്നത്.” എത്ര ഭംഗിയായാണ് ഗാന്ധിജി മറ്റെല്ലാ മതങ്ങളേയും രണ്ടാം സ്ഥാനത്തേക്ക്,  ഹിന്ദുമതത്തിന്റെ പിന്നിലേക്ക് നീക്കി നിറുത്തുന്നതെന്ന്, ഹിന്ദുമതമാണ് ലോകത്തിലെ ഒന്നാം നമ്പര്‍ മതമെന്ന് സ്ഥാപിച്ചെടുക്കുന്നതെന്ന് നോക്കുക. ആയുധമില്ലാതെ ഗാന്ധി നടത്തിയ പല ഹിംസകളില്‍ ഒന്നുമാത്രമാണിതെന്ന് സന്ദര്‍ഭവശാല്‍ പറഞ്ഞുകൊള്ളട്ടെ.

എതിരഭിപ്രായങ്ങളെ പട്ടിണി കിടന്നും പിടിവാശി പിടിച്ചും ഗാന്ധി കീഴടക്കിയതിന് ചരിത്രത്തില്‍ തെളിവുകളേറെയുണ്ട്. അങ്ങനെ ലോകത്തെ ഒന്നാം നമ്പര്‍ മതമാണ് ഹിന്ദുമതമെന്ന് പ്രഖ്യാപിച്ച ഒരാളെയാണ് ഒരു മതഭ്രാന്തന്‍, നാഥുറാം വിനായക് ഗോഡ്സേ, വെടിവെച്ചു കൊല്ലുന്നതെന്നു കൂടി ഓര്‍മ്മിക്കുക. അവര്‍ അന്യമതവിശ്വാസികളുടെ രക്തമൊഴുക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുവാനാണ് തീരുമാനിച്ചതെങ്കില്‍ ഗാന്ധിയാകട്ടെ രക്തമൊഴുക്കാതെതന്നെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുവാനാണ് ശ്രമിച്ചത്.

അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ നമുക്കത് അനുഭവപ്പെടുമായിരുന്നുവെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. കാരണം അത്രമാത്രം വിധേയത്വം, വിശ്വാസം അദ്ദേഹം ഹിന്ദുമതത്തോടും അതിന്റെ മൂല്യങ്ങളോടും പുലര്‍ത്തിപ്പോന്നിരുന്നു. അദ്ദേഹത്തിന്റെ രാമരാജ്യസങ്കല്പം ഹിന്ദുമതത്തെ അല്പം കൂടി ജനകീയമായി വികസിപ്പിച്ചതാണെന്നുകൂടി ഈ സാഹചര്യത്തില്‍ ചൂണ്ടിക്കാണിക്കട്ടെ.

അങ്ങനെ ഗാന്ധിയെപ്പോലെയുള്ളവരുടെ വ്യാഖ്യാനത്തില്‍ ഹിന്ദുമതം സഹിഷ്ണുതയുടെ മതമായി മാറിയെങ്കിലും അടിസ്ഥാനപരമായി അത് മനുഷ്യരെ തമ്മില്‍ വിഘടിപ്പിക്കുകയും വിഭജിക്കുകയുമാണ് ചെയ്തത്. വേദങ്ങളിലും ഉപനിഷത്തുകളിലുമുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ച സഹിഷ്ണതയോ സഹാനുഭൂതിയോ ഒന്നും തന്നെ ആ മതത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയില്ല. അതിന്റെ അടിസ്ഥാന കാരണം ഹിന്ദുമതം ഘടനാപരമായിത്തന്നെ വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്നുവെന്നതാണ്.

അതാകട്ടെ വേദപ്രോക്തവുമാണ്. അങ്ങനെയുള്ള വേദം എങ്ങനെയാണ് മനുഷ്യത്വപരമാകുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗശ എന്ന് ഗീതാകാരന്‍ ചൂണ്ടിക്കാണിക്കുന്നത് ഓര്‍ക്കുക. നാലുവര്‍ണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആ വിഭജനത്തില്‍ ചിലരെല്ലാം ഉന്നതകുലജാതന്മാരായി, ചിലരാകട്ടെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി.

അവരെ ജീവിതത്തിന്റെ പുറംചേരികളിലേക്ക് ഈ സവര്‍ണര്‍ അടിച്ചെറിഞ്ഞു. അങ്ങനെ ജാതിയുടെ പേരില്‍ വിഭജിക്കപ്പെട്ട ഒരു ജനതയുടെ പുറത്തു കയറി നിന്നുകൊണ്ട് ഇക്കാണാവുന്നതെല്ലാം ഒരേ ശക്തിയുടെ തന്നെ ആവിഷ്കാരങ്ങളാണെന്ന് വാദിക്കുന്ന തമാശയും നടത്തി. ഹിന്ദുമതം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന ജനകീയമായ ഒരു ചതുഷ്പദിയുണ്ടല്ലോ,
സ്വസ്തി പ്രജാഭ്യ പരിപാലയന്താം
ന്യായേണ മാര്‍‌ഗ്ഗേണ മഹിം മഹേശാ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശ്ലോകത്തിലെ നാലാമത്തെ വരിമാത്രം ഉദ്ധരിച്ചുകേള്‍ക്കാറുണ്ട്.

ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും നിത്യം ശുഭം ഭവിക്കട്ടെ എന്നു പ്രാര്‍ത്ഥന എത്ര കുടിലമാണെന്ന് ആലോചിക്കുക. രാജാക്കന്മാര്‍ ന്യായത്തിന്റെ മാര്‍ഗ്ഗത്തില്‍ നാടു ഭരിക്കട്ടെ എന്നാണല്ലോ അതിന്റെ പൂര്‍വ്വാര്‍ദ്ധം പറയുന്നത്. എന്താണ് ന്യായമാര്‍ഗ്ഗം?

അത് ബ്രാഹ്മണന്‍ നിശ്ചയിച്ച നിയമങ്ങളാണ്. അതേ നിയമമനുസരിച്ചാണ് മനുഷ്യനെ ശൂദ്രനെന്നും തൊട്ടുകൂടാത്തവനെന്നും തീരുമാനിച്ചത്. ആ നിയമമനുസരിച്ചാണ് ശൂദ്രന് തപസ്സു ചെയ്യാന്‍ പാടില്ലെന്ന് വിധിക്കപ്പെട്ട് ഗളച്ഛേദം നടത്തിയത്. അതേ നിയമമനുസരിച്ചാണ് വേദം കേള്‍ക്കുന്ന അബ്രാഹ്മണന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന തീര്‍പ്പുണ്ടായത്.

എന്നിട്ടും ഹിന്ദുമതത്തിന്റെ പ്രാചാരകര്‍, പ്രഘോഷകര്‍ വാദിക്കും ഇതാണ് ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമെന്ന്.
അന്യമതദര്‍ശനങ്ങളോടുള്ള ഈ അസഹിഷ്ണുതയ്ക്ക് വേദകാലത്തോളം പഴക്കമുണ്ട്. ഒരിക്കല്‍ ക്ഷയിച്ചുപോയ വൈദികമതത്തെ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ശങ്കരന്‍ നടത്തിയ ശ്രമങ്ങളെ വിദ്യാവചസ്പതി വി പനോളി ആചാര്യരും ദേശീയ നവോത്ഥാനവും എന്ന ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

“ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തോടെ വൈദീക മതം തളര്‍ന്നു കഴിഞ്ഞ ഒരു ദശാസന്ധി. അഗ്നിഹോത്രാദി യാഗയജ്ഞാദികള്‍ക്ക് അമിതപ്രാധാന്യം കല്പിച്ചുകൊണ്ട് മീംമാംസകന്മാര്‍ അങ്ങുമിങ്ങും ഓടിനടന്ന കാലം.കിട്ടിയ അവസരം ഒന്നും തന്നെ പാഴാക്കാതെ വൈദികമതത്തിനു നേരെ ബൌദ്ധന്മാര്‍ ആഞ്ഞടിച്ചു. നെറികെട്ട ഭാഷയില്‍ അവര്‍ വൈദിക മതത്തെ ആക്ഷേപിച്ചുകൊണ്ട് പലതും എഴുതിക്കൂട്ടി.

വൈദിമതാനുയായികള്‍ പരിപാവനമായി കരുതിപ്പോന്നിരുന്ന എന്തിന്റെ നേരെയും ചളി വാരി എറിയുക എന്നതായിരുന്നു ബൌദ്ധന്മാരുടെ പരിപാടി.” പനോളി എഴുതിയതില്‍ നിന്നും നമുക്ക് അന്നത്തെയൊരു സാഹചര്യം വ്യക്തമാണ്. പക്ഷേ അദ്ദേഹം വ്യാഖ്യാനിച്ചു പോലെയല്ല കാര്യങ്ങളെന്ന് മാത്രം.

ബ്രാഹ്മണത്വത്തിലൂന്നിയ ജാതീയതയുടെ കെട്ട വാഴ്ച ബുദ്ധമതത്തിന്റെ ഉദയത്തോടെ ചോദ്യം ചെയ്യപ്പെട്ടു. കണാദന്മാര്‍, സാംഖ്യന്മാര്‍, വൈശേഷികന്മാര്‍, നൈയായികര്‍ തുടങ്ങി വൈദികേതരമായ പല കാഴ്ചപ്പാടുകളും ഉദയം ചെയ്തു. അവയെല്ലാം തന്നെ വൈദിക മതത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു. പതിയെപ്പതിയെ വൈദിക മതം ക്ഷയിക്കാന്‍ തുടങ്ങി.

സ്വാഭാവികമായ ഒരു പരിണതിയായിരുന്നു അത്. ഒരു നീണ്ട കാലം വൈദിക മതം ഇന്ത്യയുടെ മതജീവിതത്തിന് പുറത്തേക്ക് തള്ളപ്പെട്ടു. ബ്രാഹ്മണ മേധാവിത്വങ്ങള്‍ ജനത തള്ളിക്കളഞ്ഞു. ഈ ദശാസന്ധിയെക്കുറിച്ചാണ് പനോളി മുകളില്‍ സൂചിപ്പിച്ചത്.

അക്കാലം ഏകദേശം എട്ടാം നൂറ്റാണ്ടോളം, ശങ്കാരാചാര്യരുടെ വരവുവരെ നിലനിന്നു. ശങ്കരാചാര്യരുടെ കാലത്ത് അവൈദികമായ എല്ലാത്തരം ചിന്താപദ്ധതികളും ചോദ്യം ചെയ്യപ്പെടുകയും അവയ്ക്കെല്ലാം മുകളില്‍ വൈദിക ചിന്തയില്‍ അധിഷ്ടിതമായ അദ്വൈത ദര്‍ശനത്തെ സ്ഥാപിച്ചെടുക്കുകയും ചെയ്തു. ബുദ്ധരുടേയും ജൈനരുടേയുമടക്കമുള്ള ആരാധനാ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു.  ബ്രാഹ്മണാധിപത്യങ്ങളെ പുനഃസ്ഥാപിക്കാന്‍ ശങ്കരന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി വീണ്ടും വര്‍ണവ്യവസ്ഥയിലും വേദ ചിന്തയിലും അടിയുറച്ച ഒരിന്ത്യ ഉദയം ചെയ്തു. അദ്വൈതമല്ലാത്ത ചിന്തകളെല്ലാം തന്നെ അവഗണിക്കപ്പെടുകയോ രണ്ടാംസ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയോ ചെയ്തു.

ഇന്ത്യ എന്നാല്‍ അദ്വൈതത്തിന്റെ നാട് എന്ന് സ്വദേശികളും വിദേശികളുമായവര്‍ പാടിപ്പുകഴ്ത്തുന്ന സ്ഥിതി സംജാതമായി. ഇതര ചിന്തകളോടും ആചാര്യന്മാരോടുമുള്ള അസഹിഷ്ണുതകളെ നാം ശങ്കരദിഗ്വിജയമായി പാടിപ്പുകഴ്ത്തി നിര്‍വൃതി കൊണ്ടു.
വര്‍ത്തമാനകാലത്താകട്ടെ ഹിന്ദുത്വവാദികള്‍ ബ്രാഹ്മണാധിപത്യങ്ങളെ കൂടുതല്‍ കരുത്തോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.

അതിന്റെ ഭാഗമായി ഏറ്റവും ആക്രമണോത്സുകമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ത്യയിലെ മതജീവിതം ഇക്കാലത്ത് കടന്നു പോകുന്നത്. ശങ്കരന്റെ കാലത്തേതിനെക്കാള്‍ എത്രയോ അധികമാണ് ഇക്കാലത്തെ ആക്രമണങ്ങള്‍! ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കുന്ന ചിന്തയെ പിന്‍പറ്റി അടിസ്ഥാന വര്‍ണത്തിലും അതിനു പുറത്തുമായി പുലര്‍ന്നു പോരുന്ന ഇതരവിശ്വാസികളെ, അക്കൂട്ടത്തില്‍ ദളിതുകളും ആദിവാസികളും മുസ്ലീങ്ങളും കൃസ്ത്യാനികളുമെല്ലാമുണ്ടാകും, ഇല്ലാതാക്കിക്കൊണ്ട് ഒരൊറ്റ ആശയത്തിലൂന്നിയ ഒരിന്ത്യയെ സ്ഥാപിച്ചെടുക്കുക എന്നതാണ് ഇക്കാലത്തും ഹിന്ദുത്വവാദികളുടെ ആവശ്യം. ശങ്കരനെപ്പോലെ തന്നെ ഇവരും ബഹുസ്വരതകളെ ഭയപ്പെടുന്നു.

ബഹുഭാഷകളെ, ആചാരങ്ങളെ, വിശ്വാസങ്ങളെയൊക്കെ ഇല്ലാതാക്കാന്‍ വ്യഗ്രതപ്പെടുന്നു. മനുസ്മൃതിയും ശാങ്കരസ്മൃതിയുമൊക്കെ നാടുവാഴുന്ന ഒരു കാലത്തെയാണ് ഇക്കൂട്ടര്‍ ആനയിച്ചു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നത്. ബ്രഹ്മമെന്നും ഏകമെന്നും സത്യമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ബ്രാഹ്മണാധിപത്യത്തിലേക്കുള്ള കുതിപ്പിനെ സഹായിക്കുകയാണ് ശങ്കരനും അദ്ദേഹത്തിന്റെ പിന്‍ഗാമികളും ചെയ്യുന്നത്.
ചണ്ഡാളനോട് മാറിനില്ക്കാന്‍ പറഞ്ഞ ശങ്കരനെ ന്യായീകരിക്കാന്‍ വേണ്ടി പിന്നീട് പല തൊങ്ങലുകളും കൂട്ടിച്ചേര്‍ത്ത കഥ നമുക്കറിയാം.

എന്നാല്‍,
ജന്തൂനാം നരജന്മദുര്‍ലഭ മത പുംസ്ത്വം തതോ വിപ്രതാ
തസ്മാദ് വൈദിക ധര്‍മ്മമാര്‍ഗ്ഗപരതാ വിദ്വത്വമസ്മാത് പരം
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതീം
മുക്തീര്‍‌നോ ശതകോടി ജന്മസുകൃതൈ പുണ്യൈര്‍വിനാ ലഭ്യതേ എന്ന് എഴുതി വെച്ച ശങ്കരനെ നമുക്ക് ന്യായീകരിക്കാന്‍ വഴികളില്ലല്ലോ!

ഇന്നലെകളില്‍ ജീവിക്കുന്ന ഇന്ത്യയെയാണ് ഇന്ന് വരേണ്യവാദികളായ ഹിന്ദുത്വവാദികള്‍ സൃഷ്ടിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.