Fri. Nov 22nd, 2024
#ദിനസരികള്‍ 932

ഈ കഴിഞ്ഞ ദിവസം ഒരിത്തിരി അസഹിഷ്ണുതയോടെ എന്റെയൊരു സുഹൃത്ത് എന്ന് തടഞ്ഞു നിറുത്തി. “നിങ്ങള്‍ എഴുതിയതൊക്കെ വായിച്ചു. ബാസ്റ്റിനെതിരെ രാധാകൃഷ്ണമേനോന്‍ സ്വീകരിച്ച പെരുമാറ്റമൊന്നും ഞാന്‍ അംഗീകരിക്കുന്നില്ല.

ഈ സമൂഹത്തില്‍ ജീവിച്ചു പോകുന്ന ഒരാളെന്ന നിലയില്‍ അത്തരമൊരു നിലപാട് അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതായിരുന്നു. അതിനോട് പ്രതിഷേധിച്ച് ബാസ്റ്റിന്‍ നടത്തിയ പ്രതികരണം മാന്യവും ഉചിതവുമായി. എന്നാല്‍ നിങ്ങളില്‍ കുറേപ്പേര്‍ ഉടനെ അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന പേരിലെ മേനോനെ ഹൈലൈറ്റു ചെയ്യുകയും അയാളിലെ സവര്‍ണ ജാതീയതാണ് ഇത്തരമൊരു പെരുമാറ്റം നടത്തിയതെന്ന് വാദിക്കുകയും ചെയ്തു.

സത്യം പറഞ്ഞാല്‍ എന്തിലും ജാതിയും മതവും കലര്‍ത്തുന്ന നിങ്ങളെപ്പോലുള്ളവരിലാണ് ഈ ജാതിചിന്ത കൊടികുത്തി വാഴുന്നത്.” അയാള്‍ ഇത്രയും പറഞ്ഞത് ഒരു തരം ആക്രോശത്തിലായിരുന്നു. എന്റെ മറുപടിക്ക് കാത്തു നില്ക്കാതെ അദ്ദേഹം നടന്നു.

അനില്‍ – ബാസ്റ്റിന്‍ വിഷയം ബോധപൂര്‍വ്വം ജാതിക്കുറ്റിയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നുവെന്ന് ചിന്തിക്കുന്ന എന്റെ സുഹൃത്തിനെപ്പോലെയുള്ളവര്‍ വേറെയുമുണ്ടാകാം. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ പൊതുവായ ഒരു മറുപടി അനിവാര്യമാണെന്ന് കരുതുന്നു.

അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന പേര് കേള്‍ക്കുന്ന ഒരാളിലും അസ്വാഭാവികമായ എന്തെങ്കിലും ചിന്തകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. പേരില്‍ മേനോന്‍ എന്നൊരു ജാതിവാല്‍ ഉണ്ട് എന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള ജാതീയത അയാളിലുണ്ട് എന്ന് ആരും വാദിക്കുകയുമില്ല.

(ഈ ജാതിവാലിനെപ്പറ്റി എന്റെ അഭിപ്രായം അത് പേരിനൊപ്പം ചുമക്കേണ്ട ഒന്നല്ല എന്നാണ്. ചിലപ്പോള്‍ രക്ഷിതാക്കള്‍ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ രേഖകളിലേക്ക് ആ വാലുകൂടി ചേര്‍ത്തുവെന്ന് വരാം. എന്നാല്‍ സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുണ്ടായതിനുശേഷവും തികച്ചും പ്രതിലോമകരമായ ആ വാല്‍ വെട്ടിക്കളയുന്നില്ലെങ്കില്‍ ചില യാഥാസ്തികത്വങ്ങളെ നാം അംഗീകരിക്കുന്നുവെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് സമ്മതിക്കേണ്ടിവരും.എന്നാല്‍ ആ ഒരൊറ്റക്കാരണംകൊണ്ട് ആരേയും തന്നെ ജാതി ഭ്രാന്തന്മാരെന്ന കള്ളിയിലേക്ക് കയറ്റിനിറുത്തിക്കൂട.)

നാം നമുക്കുണ്ടെന്ന ധാരണയോടെ അടക്കിവെച്ചിരിക്കുന്ന സവിശേഷാധികാരങ്ങള്‍ – പ്രിവിലേജുകള്‍ – ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നമ്മള്‍ പോലും അറിയാതെ പുറത്തു ചാടും. അത് ചിലപ്പോള്‍ വളരെ സൂക്ഷ്മമായ തലത്തിലാകാം, മറ്റു ചിലപ്പോള്‍ ആര്‍ക്കും വ്യക്തമാകുന്ന തരത്തില്‍ വളരെ പ്രത്യക്ഷമായിട്ടുമായിരിക്കാം. അനില്‍ രാധാകൃഷ്ണമേനോന്റെ സവര്‍ണത ഇവിടെ പുറത്തു വന്നത് വളരെ പ്രത്യക്ഷവും നിഷേധാത്മകവുമായുമാണ്.

ഈ സവര്‍ണതയെ നമുക്ക് പലപ്പോഴും വെളിപ്പെട്ടുകിട്ടുന്നത് രണ്ടു മനുഷ്യരെ മൂല്യമായി കണ്ട് താരതമ്യം ചെയ്യേണ്ടിവരുന്ന ഘട്ടത്തിലാണ്. ഇവിടെ അളക്കപ്പെടുന്നത് മനുഷ്യന്‍ എന്ന ഭാവത്തെയാണ്, അവന്‍ പേറുന്ന ആടയാഭരണാദികളെയോ സാമൂഹികാവസ്ഥകളേയോ അല്ല. അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള കോലുകൊണ്ട് അളന്നാലും തുല്യരില്‍ കൂടുതല്‍ തുല്യര്‍ ഉണ്ടാകാന്‍ പാടില്ല.

കൂടുതല്‍ നല്ല മനുഷ്യരും ഉണ്ടാകാന്‍ പാടില്ല. അത്തരത്തിലുള്ള എന്തെങ്കിലും പരിവേഷങ്ങള്‍ ആരെങ്കിലും അവകാശപ്പെടുന്നുവെങ്കില്‍ അവിടെയാണ് സവര്‍ണത പുറത്തു ചാടുന്നുവെന്ന് നാം കണ്ടെത്തുന്നത്. സമൂഹത്തിന്റെ എല്ലാ വിതാനങ്ങളിലും സവര്‍ണതകളെ താലോലിക്കുന്നവരുണ്ടാകം.

നിറത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍ ഭാഷയുടെ പേരില്‍ അങ്ങനെ മറ്റുള്ളവര്‍ക്കില്ലാത്ത നിരവധി നിരവധിയായ സവിശേഷ സൌഭാഗ്യങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അത്തരക്കാര്‍ ചിന്തിച്ചു പോകുന്നു. അത്തരത്തിലൊരു ധാരണയുടെ ഫലമായി അവരുടെ രീതികള്‍, അപരന്മാരോടുള്ള പെരുമാറ്റങ്ങള്‍ എന്നിവയിലൊക്കെ ഈ സവര്‍ണത വന്നു കയറുന്നു.
ഇവിടേയും സംഭവിച്ചത് അത്തരമൊരു പ്രതികരണമാണ്.

മനുഷ്യനെ തട്ടുതട്ടുകളായി തിരിച്ചുകൊണ്ട് നൂറ്റാണ്ടുകളായി സവര്‍ണ ജാതീയത പോറ്റിപ്പോരുന്ന ആന്ധ്യത്തിന്റെ പ്രത്യക്ഷപ്രകടനമാണ് ബാസ്റ്റിനോടുള്ള സമീപനം. ഇവിടെ ഒരു അനില്‍ രാധാകൃഷ്ണ മേനോന്‍ മാത്രമല്ല പ്രതിസ്ഥാനത്തേക്ക് വരുന്നത്, പാലക്കാട് മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളും പിന്തുണ നല്കിയ മറ്റുള്ളവരും ഒരു സവര്‍ണതയുടെ ഭാഗമാകുന്നു. ജാതീയത മാത്രമാണ് സവര്‍ണതയെ ഉല്പാദിപ്പിക്കുന്നതെന്ന് കരുതിക്കൂടാ.

മറ്റനവധി കാരണങ്ങളാലുമുണ്ടാകുമെന്നതിന് ഏറ്റവും പ്രകടമായ ഉദാഹരണം നിറമാണ്. നിറത്തിന്റെ പേരില്‍ ഒരുവന്‍ ആക്ഷേപിക്കപ്പെടുന്നുവെങ്കില്‍ അവിടേയും പ്രവര്‍ത്തിക്കുന്നത് ഒരേ സവര്‍ണത തന്നെയാണെന്ന് വ്യക്തമാണ്. എന്നാല്‍ ജാത്യധിഷ്ടിതമായ വേര്‍തിരിക്കലുകള്‍ക്ക് തീക്ഷ്ണത കൂടും.

മനുഷ്യനെ തുല്യരായി കാണാത്ത ഒരു നികൃഷ്ടവ്യവസ്ഥിതിയുടെ ഭാഗമായിട്ടാണ് അത്തരത്തിലുള്ള ചിന്ത നിലനിന്നു പോകുന്നത്. അത് ഒരു വ്യക്തിയിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവമെന്ന നിലയ്ക്കല്ല പരിഗണിക്കപ്പെടേണ്ടത്. സമൂലം നിഷ്കാസനം ചെയ്യപ്പെടേണ്ട ഒരു സാമൂഹ്യവിപത്തായാണ്.

അതുകൊണ്ട് ഒരു അനിലോ ഒരു രാധാകൃഷ്ണനോ സൂക്ഷിക്കുന്ന ജാതീയയെക്കാള്‍ ഒരു അനില്‍ രാധാകൃഷ്ണമേനോന്‍ സൂക്ഷിക്കുന്നുവെന്നതിലാണ് അപകടം അധികമായും കുടിയിരിക്കുന്നതെന്ന തിരിച്ചറിവാണ് സാംസ്കാരിക കേരളം സംഭവത്തോട് കടുത്ത ഭാഷയില്‍ പ്രതികരിക്കാനും ബാസ്റ്റിനോട് ഐക്യപ്പെടാനും കാരണമായത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.